നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Monday, 3 October 2011

ഹൃദയത്തിനു മാത്രം മനസ്സിലാവുന്നത്

ബാലചന്ദ്രന്‍ ഒതുക്കുകള്‍ കയറി ചെല്ലുമ്പോള്‍ അമ്മ തുളസിത്തറയില്‍ വിളക്ക് വയ്ക്കുകയായിരുന്നു. ഓര്‍ക്കാപ്പുറത്തു  കണ്ടതിന്റെ യാതൊരു അതിശയവും അമ്മയുടെ മുഖത്തു കണ്ടില്ല. ഇപ്പോള്‍ വരാമെന്ന് പറഞ്ഞു പോയ ആരോ തിരികെ  വന്നതു പോലെ.  അന്തിത്തിരി തുളസിത്തറയിലെ  ഓട്ടു വിളക്കില്‍ വച്ച് കൈ തലയില്‍ തുടച്ചു് അമ്മ ചോദിച്ചു.' എന്തെ ഇത്ര വൈകിയത്..? വണ്ടി കിട്ടാന്‍ താമസോണ്ടായതാ...?'
അമ്മയുടെ രീതികള്‍ ഇപ്പോഴും ഇങ്ങിനെ ആയിരുന്നുവെന്ന്‍ അയാള്‍ ഓര്‍മ്മിച്ചു. ഇപ്പോള്‍ അതിശയിപ്പിച്ചു കളയാമെന്നു വിചാരിച്ചു ചെയ്യുന്ന ഒന്നും അമ്മയില്‍ അത്ഭുതമുണ്ടാക്കാറില്ല . ഇതെനിക്കെപ്പോഴേ അറിയാമായിരുന്നു എന്നപോലെ അമ്മ ചിരിച്ചു കളയും.

  ശ്രീദേവീം കുട്ടീം കൂടി വരായിരുന്നു. ..എത്ര നാളായി കണ്ടിട്ട്.

          പ്രിയയ്ക്ക് എന്ട്രന്‍സ് വര്വല്ലേ അമ്മെ... എപ്പഴും പരീക്ഷേം ഒക്കെയായിട്ട്‌ വല്ലാത്ത തിരക്ക് തന്നെ.

  അറവാതില്‍പ്പടിയില്‍ വിളക്ക് വച്ചിട്ട് അമ്മ അകത്തേക്ക് പോയി. അലക്കിയ മുണ്ടുമായി വന്നു. നിനക്ക് മേല്‍ കഴുകണോ.. വെള്ളം ചൂടാക്കാന്‍ വയ്ക്കട്ടെ...
അയാള്‍ വേണ്ട എന്ന് മൂളി. കിണറിനരികില്‍ ചെന്ന് കാല്‍ കഴുകി വന്നു.
ചൂട് തൊടങ്ങീരിക്കാണ്‌. മകരം തൊടക്കത്തിലെ  തന്നെ കാലാവസ്ഥ യൊക്കെ മാറീരിക്കുന്നു.
      എങ്കിലും ഇവിടെ എന്താശ്വാസം.  ടൌണി ലാണെങ്കില്‍ കാറ്റും കൂടി വീശില്ല. ഫ്ലാറ്റുകളില്‍ ചൂടും ആവിയും സഹിച്ചു നരകിക്കണം,മൂന്നാല് മാസം.
അമ്മ എന്തോ പറയാനാഞ്ഞു  പിന്നെ നിശബ്ദയായി .
വെളിച്ചത്തിന്റെ അവസാന നാളവും പിന്‍ വാങ്ങുന്ന മുറ്റത്തേക്കു നോക്കി അയാള്‍ വെറുതെ ഇരുന്നു. ചോദിക്കാനും പറയാനും ഒന്നുമില്ലാതാവുന്നു. പണ്ട് സന്ധ്യകളില്‍ ഇതേപോലെ സന്ധ്യാ ദീപത്തിനരികില്‍ ഇരുന്നു ഒരമ്മയും മകനും വാ തോരാതെ സംസാരിക്കുമായിരുന്നു. കണ്ണുകളില്‍ നക്ഷ ത്ര  ദീപ്തി യുമായി കൌമാരം വിടാത്ത ഒരു കുട്ടി തന്റെ കുതൂഹലങ്ങളുടെ കെട്ടഴിക്കുമ്പോള്‍ അതില്‍ നിറഞ്ഞു തുളുമ്പിയ ഒരമ്മയുടെ ചിരി നിറഞ്ഞ മുഖം ഓര്‍മ്മകളില്‍ എവിടെയോ തിരനോട്ടം നടത്തുന്നതായി അയാള്‍ക്ക്‌ തോന്നി.

പോരാനിറങ്ങുമ്പോഴും   ശ്രീദേവി പ്രത്യേകം ഓര്‍മ്മിപ്പിച്ചിരുന്നു.  ഇത്തവണയും പതിവുപോലെ അമ്മെ കാണുമ്പോള്‍ നിങ്ങള്‍ എല്ലാം മറക്കും. കാര്യങ്ങള്‍ ഇത്തവണ ശരിയാക്കാതെ വന്നാല്‍ പ്രിയേടെ മെഡിസിന്‍ പഠിത്തം നടക്കുകില്ല എന്നോര്‍ത്തോണം.
-നീ ഒരുപാട് ക്ഷീണിച്ചിരിക്കാണ് ,ബാലാ. മുടിയൊക്കെ നരച്ചു ഒള്ളേലും പ്രായം തോന്നണു. ഇപ്പൊ കണ്ടാല്‍ ശരിക്കും അച്ഛനെ പ്പോലെ തന്നെണ്ട്.

വയസായി വര്വല്ലേ അമ്മെ.പിന്നെ എടുത്താ പൊങ്ങാത്ത ഭാരാണ് ജീവിതത്തില്‍. രണ്ടു മക്കള്‍ പ്രൊഫെഷണല്‍ കോഴ്സിനു പഠിക്കണ ചെലവുണ്ടാക്കണമെങ്കില്‍ ചില്ലറ ബുദ്ധിമുട്ടാണോ ഒണ്ടാവണെ
.
ഉള്ളിലെവിടെയോ ഇരുന്നു ശ്രീദേവി അഭിനന്ദിച്ചു ചിരിച്ചു. മിടുക്കന്‍. ഇത്തവണ പറയണ്ട പോലെ തന്നെ പറഞ്ഞു.
(ഗോകുലിന്റെ കോഴ്സ് കഴിഞ്ഞു എന്നൊന്നും അമ്മയോട് പറയാന്‍ നിക്കണ്ട,കേട്ടോ. രണ്ടു പേരും പഠിക്കണൂന്നെ പറയാവൂ. അല്ലെങ്കില്‍ പൈസേടെ ആവശ്യം ബോധ്യാവില്ല. . )
അയാള്‍  ചാരുകസേരയില്‍  കിടക്കുകയായിരുന്നു. അരമതിലിന്റെ തൂണില്‍ ചാരിയിരുന്ന അമ്മ പതിയെ അയാളുടെ കയ്യില്‍ തലോടി.  എന്താ എന്റെ ബാലന്‍ കുട്ടീടെ ഒരു ജീവിതം.. അമ്മ ചിരിച്ചു. ആകെ പ്രാരാബ്ധക്കാരനായിരിക്കാണ് നീയ്.

അയാള്‍ക്ക്‌ പെട്ടെന്ന് ഉള്ളിലെന്തൊക്കെയോ തകര്‍ന്നു വീഴുമ്പോലെ തോന്നി. ഏറെ ഇഷ്ടം തോന്നുമ്പോഴോ അല്ലെങ്കില്‍ അയാള്‍ക്കൊരു സ്വാന്തനം ആവശ്യമാണെന്ന് വരുമ്പോഴോ പണ്ടും അമ്മ വിളിക്കാറുള്ള പേരാണ് ബാലന്‍കുട്ടി.
അമ്മ ഒന്നും മറക്കുന്നില്ലല്ലോ. മമതയുടെ ഈയൊരു സ്പര്‍ശം എനിക്കായി അവശേഷിപ്പിക്കുന്നത് എന്റെ അമ്മ മാത്രമാണ്. എന്നിട്ടും ഞാന്‍...

അടുത്ത മാസം അച്ഛന്റെ ശ്രാദ്ധമാണ്. ഓര്‍മ്മയുണ്ടോ നിനക്ക്... പതിനേഴു വര്ഷം കഴിഞ്ഞിരിക്കണു അച്ഛന്‍ പോയിട്ട്. എത്ര വേഗാ കാലം കടന്നു പോയത്.
ബാലചന്ദ്രന്‍ ചുമരിലെ ചിത്രത്തിലേക്ക് നോക്കി. പഴയ പ്രതാപത്തിന്റെയും ഗൌരവത്തിന്റെയും ഭാവം അച്ഛന്റെ മുഖത്തു നിന്ന് മാഞ്ഞു പോയിട്ടില്ല.
ഞാന്‍ അച്ഛനെ പോലെയാണോ..? അയാള്‍ ആലോചിച്ചു. മക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് എതിര് പറയാത്ത ,ഭാര്യയുടെ പിടിവാശിക്ക് വഴങ്ങുന്ന എനിക്ക് 'മേലെടത്തെ ചന്ദ്ര ശേഖരന്‍ നായരെപ്പോലെ' എന്ന് പറയാന്‍ പോലും അര്‍ഹതയില്ല.
അച്ഛന്‍ ഒരിക്കലും അയാളെ നേരിട്ട് കുറ്റപ്പെടുത്തുകയോ ശകാരിക്കുകയോ ചെയ്യാറില്ലായിരുന്നു. പകരം ശിക്ഷാ വിധികളെല്ലാം അമ്മയ്ക്കായിരുന്നു ലഭിക്കുക. പത്താം ക്ലാസ്സില്‍ മാര്‍ക്ക് കുറഞ്ഞപ്പോള്‍ ,കുളിപ്പുര മതിലിനു മറഞ്ഞു നിന്ന് സിഗരട്ട് വലിച്ചപ്പോള്‍,മാനം കാണാത്ത മയില്‍ പീലി പോലെ പുസ്തകത്താളില്‍ സൂക്ഷിച്ചിരുന്ന ആദ്യാനുരാഗത്തിന്റെ തൊണ്ടി ചികഞ്ഞെടുത്തപ്പോള്‍...എല്ലാ തവണയും ഉമ്മറത്തിണ്ണയില്‍ അമ്മ പ്രതിയായി തല കുനിച്ചു നിന്നു. അകത്തെ മുറിയില്‍ കിടക്കുന്ന അയാള്‍ കേള്‍ക്കെ ഉറക്കെയുറക്കെ അമ്മയോട് അച്ഛന്‍ കലഹിച്ചു. അമ്മയുടെ വളര്‍ത്തു ദോഷത്തെപ്പറ്റി,അമ്മാവന്മാരുടെ പിടിപ്പു കേടുകളെപ്പറ്റി.. അമ്മ തല കുനിച്ചു നിന്ന് എല്ലാം സ്വീകരിച്ചു. നിശ്ശബ്ദയായി കണ്ണുനീര്‍ വാര്‍ത്തു. അച്ഛന്‍ പിന്നീട് കലിയിറങ്ങുമ്പോള്‍ ,പറഞ്ഞു പോയ വാക്കുകളെപ്പറ്റി കുററ ബോധം തോന്നുമ്പോള്‍, സ്വയം ന്യായീകരിച്ചു.

ഇതൊന്നും എനിക്ക് വേണ്ടിയല്ല ഭാഗീരഥീ .നന്നായാല്‍ നിനക്ക് കൊള്ളാം. നാളെ ഞാന്‍ ഇല്ലാതെ യായാലും ഒരിറ്റു വെള്ളം നിനക്ക് തരാനുള്ള പ്രാപ്തി അവനുണ്ടാകാന്‍ വേണ്ടി മാത്രം..
ഒടുവില്‍,കണ്ണീര്‍ കഴുകി,മുഖം അമര്‍ത്തി തുടച്ചു അമ്മ അയാളുടെ അടുത്തു വന്നിരിക്കും. അച്ഛന് സങ്കടായി. അച്ഛന്റെ മനസ്സ് വെഷമിപ്പിക്കാന്‍ പാടുണ്ടോ മക്കള്.. ' അത്രയേയുള്ളൂ. എന്തിനു ചെയ്തു എന്ന ചോദ്യമില്ല. ഇനി ചെയ്യരുത് എന്നാ താക്കീതില്ല. എനിക്ക് സങ്കടായി എന്ന പരിദേവനം പോലുമില്ല. അച്ഛന് വെഷമാവരുത് എന്ന അപേക്ഷ മാത്രം.
ബാലചന്ദ്രന്റെ മനസ് വല്ലാതെ പൊള്ളി. അമ്മയ്ക്കുവേണ്ടി ഒന്നും ചെയ്യാനായില്ല. അതും പോരാഞ്ഞു ആ കാല്‍ക്കീഴിലെ അവസാനത്തെ തരി മണ്ണും തട്ടിയെടുക്കാനായി വന്നതാണ് ഞാന്‍. ക്ഷമിയ്ക്കണം എന്ന് പറയാന്‍ പോലും യോഗ്യതയില്ലാത്ത മകന്‍.
പെട്ടെന്ന് ശബ്ദങ്ങളുടേയും ചലനങ്ങളുടെയും ആഘോഷം പോലെ ഒരാള്‍ പടി കടന്നു വന്നു. ബാലച ന്ദ്രന്നായര് വന്നൂന്ന് കേട്ടല്ലോ.. എവിടെ മഹാന്‍...?
ആഹാ.. ഇത്ര പെട്ടെന്ന് വാര്‍ത്ത അങ്ങോടെത്തിയോ.. അമ്മ ചിരിച്ചു. കേറി വാ അപ്പൂ..പിന്നെ ബാലനോടായി പറഞ്ഞു. ഇപ്പൊ അപ്പുവാണ് എന്റെ സഹായി.
അമ്മയുടെ ഇളയമ്മയുടെ മകന്‍. ഒറ്റത്തടി. എവിടെയും ആര്‍ക്കും സഹായത്തിന്എപ്പോഴും തയ്യാറായി നടക്കുന്ന അപ്പുമാമയ്ക്ക് ആരോടും ഒന്നിനും പരിഭവിയ്ക്കാനറിയില്ല.
കുറെയേറെ നാട്ടു വര്‍ത്തമാനങ്ങള്‍ക്കും തമാശകള്‍ക്കും ശേഷം അപ്പു മാമ യാത്ര പറഞ്ഞിറങ്ങി. യാത്രയാക്കാന്‍ പടി വരെ ചെന്ന ബാലനോടു അപ്പു നായര്‍ ചോദിച്ചു. ഭാഗിയേടത്തിയെ എത്ര നാളാ ഇങ്ങിനെ തനിച്ചു നിര്‍ത്തണെ ബാലാ.. വയ്യാണ്ടായാ ഒന്ന് വിളിച്ചു പറയാന്‍ പോലും ആരും കൂടെ ഇല്ലാതെ..
ബാലചന്ദ്രന്‍ ഒന്നും മിണ്ടിയില്ല. നാട്ടിലെ സ്ഥലം വില്‍ക്കുന്ന കാര്യം അമ്മയോട് സംസാരിക്കാമെന്ന് ശ്രീദേവിയോട് സമ്മതിച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ അവള്‍ക്കു പറയാനുണ്ടായിരുന്നത് ഒരേ ഒരു കാര്യം മാത്രമായിരുന്നു.
അമ്മേടെ കാര്യം ഓര്‍ക്കുമ്പോള്‍ വിഷമം തന്നെ. പക്ഷെ എന്താ ബാലേട്ടാ വേറെ വഴി...ഇവിടെ ഫ്ലാറ്റില് ഗോകുലിനും പ്രിയയ്ക്കും പ്രത്യേകം മുറി കൊടുക്കാണ്ട് പറ്റില്ല. മൂന്നു മുറികള് മാത്രം ഉള്ള ഈ ഫ്ലാറ്റില് നമ്മള്‍ക്ക് ആഗ്രഹം ഉണ്ടെന്നു വച്ചാലും എന്താ ചെയ്യാ ബാലേട്ടാ.. 
എതിര്‍ക്കാന്‍ പോയില്ല. എതിര്‍ക്കാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. ഒളിഞ്ഞും തെളിഞ്ഞും,മറ്റുള്ളവരുടെ കാര്യം പറയുന്ന പോലെയും വൃദ്ധ സദനങ്ങളെപ്പറ്റി അവള്‍ പറയുന്നത് പലപ്പോഴും കേട്ടില്ല എന്ന് ഭാവിച്ചു. മനസ്സെന്തോ അവിടെ എത്തുമ്പോള്‍ തിരിഞ്ഞു നടക്കുകയാണ്. ഒരിക്കലും സ്വീകരിയ്ക്കാനാവുന്നില്ല..
.
ബാലനൊന്നും പറഞ്ഞില്ല..അപ്പുമാമ ഓര്‍മ്മിപ്പിച്ചു. 
ഞാനെന്താ പറയ്യാ  അപ്പു മാമേ.. എന്റെ സാഹചര്യങ്ങള്..

തനിക്കോര്‍മെണ്ടോ എന്റമ്മേ എന്നറിയില്ല. നാല്‍പ്പത്തി രണ്ടാമത്തെ വയസ്സിലാ അമ്മയ്ക്ക് രോഗം തുടങ്ങുന്നത്. എനിക്കന്നു പതിനേഴു വയസ്സാ. അക്കാലത്ത് കുഷ്ഠ രോഗംന്നു കേട്ടാല്‍ ആളുകള്‍ അടുക്കില്ല. രോഗ വിവരം അറിഞ്ഞപ്പോള്‍ തന്നെ അച്ഛന്‍ ഞങ്ങളെ ഉപേക്ഷിച്ചു പോയി. പിന്നെ ഞങ്ങള്‍ക്ക് ഞങ്ങള്‍ മാത്രമായി. വലിയമ്മ  പോലും  വീടിനു പുറത്തു നിന്നേ സംസാരിയ്ക്കാറുണ്ടായി രുന്നുള്ളു. എത്ര വയ്യാണ്ടായിരുന്നാലും അമ്മ തന്നെ ആഹാരോണ്ടാക്കും. സ്പര്‍ശന  ശക്തി ഇല്ലാതിരുന്നത് കൊണ്ട് തീയില്‍ തൊട്ടാല്‍ പൊള്ളുന്നതറിയില്ല. രോഗം കൊണ്ട് മുരടിച്ച പൊള്ളിക്കുടുന്ന വിരലുകള് കൊണ്ട് അമ്മ അഹാരോണ്ടാക്കി വിളമ്പും. എനിക്കത്  കഴിക്കാന്‍ ഒരറപ്പും മടീം ഉണ്ടായിരുന്നില്ല. രോഗത്തെ പേടീം തോന്നീട്ടില്ല. എഴുപ ത്തെട്ടാമത്തെ വയസ്സിലാ എന്റമ്മ മരിയ്ക്കണെ. അമ്മ പോയതോടെ ഞാനീ ലോകത്ത് തനിച്ചായി. എങ്കിലും എനിക്കൊട്ടും വെഷമമില്ല,ബാലാ... അമ്മയ്ക്ക് വേണ്ടി ചെയ്യാതെ പോയ കാര്യങ്ങളോര്‍ത്തു എനിക്കൊരിക്കലും കണ്ണീരൊഴുക്കേണ്ടി വന്നിട്ടില്ല.
നീ വിഷമിക്കാന്‍ പറഞ്ഞതല്ല. അയാള്‍ ബാല ചന്ദ്രന്റെ കൈ പിടിച്ചു.  ഓരോരുത്തരും എത്ര കാലം ഉണ്ടാവാനാ ഈ ഭൂമീല്. ചെയ്യേണ്ട കാര്യങ്ങള് ശരിയായ സമയത്ത് ചെയ്തില്ലെങ്കില്‍ പിന്നെ ദുഖിക്കാനെ സമയോണ്ടാവൂ.
  രാത്രി... മുരിങ്ങയിലക്കറിയും പയറ് തോരനും പാവയ്ക്കാ കൊണ്ടാട്ടവും വിളമ്പി അമ്മ അയാളെ വയറു നിറയെ ഊട്ടി. അയാളുടെ പഴയ മുറിയില്‍ കോസടിയും ഇലഞ്ഞിപ്പൂ മണക്കുന്ന വിരിപ്പും വിരിച്ച് അമ്മ അയാള്‍ക്ക്‌ കിടക്കയൊരുക്കി. വര്‍ഷങ്ങള്‍ മണക്കുന്ന മുറിയില്‍ അയാള്‍ വീണ്ടും പഴയ ബാലന്‍ കുട്ടിയായി.  അമ്മ ജനല്‍ വലിച്ചു തുറന്നു. ഹൃദയ ഹാരിയായ ഏതോ സുഗന്ധം കാറ്റിനൊപ്പം മുറിയിലേക്ക് ഇരച്ചു കയറി.
സര്‍പ്പക്കാവില് കുറുമുള്ള് പൂത്തൂന്നു തോന്നണു.അമ്മ പറഞ്ഞു. എന്താ ഒരു  വാസന...!!
ബാലചന്ദ്രന്‍ കട്ടിലിലേക്ക് ചാഞ്ഞു. കിടക്കയിലെ ചിര പരിചിത ഗന്ധത്തിലേക്ക് മുഖം പൂഴ്ത്തി. എനിക്ക് വയ്യ.. ഒന്നിന് വേണ്ടിയും...ഒരു സ്വാര്‍ഥതയ്ക്ക് വേണ്ടിയും എനിക്കീ സ്വര്‍ഗം ഉപേക്ഷിച്ചു കളയാന്‍ വയ്യ.
ആകെ തളര്‍ന്നു എന്ന് തോന്നുമ്പോള്‍..തല ചായ്ച്ചു മയങ്ങണമെന്ന് തോന്നുമ്പോള്‍..എനിക്കീ മണ്ണ് വേണം. ഈ വീടും അമ്മയുടെ മടിത്തട്ടും വേണം.
ബാലനുറങ്ങിയോ... അമ്മ കടന്നു വന്നു. ഒരു കവര്‍ അയാളുടെ അടുത്തു വച്ചു.
ഞാന്‍ എല്ലാം നിന്റെ പെരിലേക്കെഴുതി. അപ്പൂനെ കൂട്ടീട്ടു പോയിട്ടേ. ഇനിയിപ്പോ,നിന്റെ സൌകര്യത്തിനു..എപ്പഴാ വേണ്ടെന്നു വച്ചാല്‍..
അമ്മ എന്താ ഈ ചെയ്തത്.. അയാളുടെ ശബ്ദം കരച്ചിലിന്റെ വക്കോളമെത്തി.
അതിനെന്താ ബാലന്‍കുട്ടാ.. അമ്മയ്ക്കിനി എന്തിനാ ഇതൊക്കെ.. ഒക്കെ വ്യവസ്തയാക്യാല് അത്രേം എളുപ്പമായി. അത്ര തന്നെ.
ഉറങ്ങിക്കോളൂ. അമ്മ അയാളുടെ ശിരസ്സില്‍ തലോടി. ഒരു മനുഷ്യായുസ്സെന്നു പറഞ്ഞാല്‍ ഇത്രയൊക്കെയേ ഉള്ളു. ആര്‍ക്കാ ഉപകരിക്കാന്നു വച്ചാല്‍ അതിനോള്ളതാ സ്വത്തും പണോക്കെ,
രാവിലെ ..നേരിയ നനവ്‌ വീണ പുല്ലില്‍ ചവിട്ടി അയാള്‍ പടിയിറങ്ങി. അമ്മ അയാളോടൊപ്പം പടി വരെ ചെന്നു  റോഡിലേക്ക് കയറാന്‍ തുടങ്ങവേ അമ്മ പറഞ്ഞു.
ഞാന്‍ വള്ളിക്കാവിലെക്ക് പോകാംന്നു വിചാരിക്യാ ബാലാ..
എന്തിന്..അയാളുടെ സ്വരം വിറയാര്‍ന്നു.എന്തിനാമ്മേ ഇപ്പൊ..
അവിടെ സുഖാന്നാ കേക്കണെ. അപ്പൂന്റെ കൂടെ നിക്കണംന്ന് അവന്‍ നിര്‍ബന്ധിക്കണണ്ട്. പക്ഷെ,ഈ നാട്ടില് തന്നെ..അത് വേണ്ട..ശരിയാവില്ല.ഇതിപ്പോ വയസ്സു കാലത്ത്..ഈശ്വരചിന്തയുമായിട്ടു കഴിയാല്ലോ..വൃദ്ധ സദനത്തിന്റെ പോലെ പ്രശ്നങ്ങളും ഉണ്ടാവില്ല. ആലോചിച്ചു നോക്കീട്ടു അത് തന്നെയാ ശരീന്ന  തോന്നലാ.
നീ വെഷമിക്കണ്ട.. ഞാന്‍ ഒട്ടും സങ്കടപ്പെട്ടല്ല ഇത് തീരുമാനിച്ചത്.  അമ്മ ചിരിച്ചു. അത് തന്നെയാ നല്ലത്.. അതോണ്ടാ..
ഒന്നും ചോദിച്ചില്ല..ഒന്നും ആവശ്യപ്പെട്ടമില്ല.  അയാള്‍ക്ക്‌ കുററ ബോധം തോന്നേണ്ട കാര്യവുമില്ല. അയാളായിട്ട് ഒന്നും ചെയ്തില്ലല്ലോ.. എല്ലാം അമ്മയുടെ തീരുമാനം മാത്രം.
ഒരു നിമിഷം നിശ്ശബ്ദനായി നിന്നിട്ട് ബാലചന്ദ്രന്‍ വഴിയിലേക്കിറങ്ങി. കണ്ണീരിന്റെ തിരശീലയ്ക്കിടയിലൂടെ മങ്ങിത്തെളിഞ്ഞ വഴിക്കാഴ്ച്ചകളിലേക്ക് ഇടറുന്ന കാല്‍ വയ്പ്പുകളോടെ അയാള്‍ നീങ്ങി. 
.

 


33 comments:

 1. ഇങ്ങനെയുമുണ്ടാവും അല്ലേ,അമ്മമാർ......

  ReplyDelete
 2. മനസ് വല്ലാണ്ടെ വേദനിച്ചു....

  ReplyDelete
 3. നല്ല ശൈലി.. മനസ്സൊന്ന് നൊന്തു..

  ReplyDelete
 4. വായിച്ചു തീര്‍ന്നപ്പോള്‍ നൊമ്പരം മാത്രം ബാക്കി ,
  ഹൃദ്യമായ കഥ, ഒതുക്കമുള്ള അവതരണം
  അഭിനന്ദനങ്ങള്‍

  ReplyDelete
 5. വായിച്ചു വന്നപ്പോള്‍ സ്വന്തം ജീവിതം പകര്‍ത്തി വെച്ച പോലെ തോന്നും ഓരോരുത്തര്‍ക്കും..ശക്തമായ തൂലിക..നിറകണ്ണുകളോടെ മാത്രമേ ഇത് വായിക്കാനാവൂ..

  ReplyDelete
 6. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യേണ്ട സമയത്ത് ചെയ്യാതിരുന്ന ഞാനുള്‍പ്പെടെയുള്ള എല്ലാ മക്കള്‍ക്കും വേണ്ടി...
  പ്രിയപ്പെട്ട കൂട്ടുകാര്‍ക്കെല്ലാം ഒരുപാടു നന്ദി.
  എച്മൂ.. സ്നേഹത്തിന്റെ എത്രയെത്ര ഭാവങ്ങളാണ് ഓരോ അമ്മമാര്‍ക്കുമുള്ളത്..ഇക്കാലങ്ങളില്‍ അങ്ങിനെ അല്ലാത്തവരും ഒരുപാട്...

  ReplyDelete
 7. കഥ നന്നായി. ഭാവുകങ്ങള്‍.

  ReplyDelete
 8. നന്നായിരിക്കുന്നു ...ആശംസകള്‍

  ReplyDelete
 9. നല്ല ശൈലിയും ഒതുക്കമുള്ള അവതരണവും...ഈ തൂലികയില്‍ നിന്നും ഇനിയും നല്ല രചനകള്‍ ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു...

  ReplyDelete
 10. ഈ ബ്ലോഗ് നേരത്തെ കാണാതിരുന്നതില്‍ ചെറിയ വിഷമം. നല്ല ശൈലിയുണ്ട്. അല്പം കൂടെ കൂര്‍പ്പിക്കണമെന്നേയുള്ളൂ.

  ReplyDelete
 11. ഒന്നും പറയാനില്ല......
  ഹൃദയസ്പര്‍ശിയായ പോസ്സ്റ്റുകല്‍ ഇനിയും പ്രതീക്ഷിക്കുന്നു.

  ReplyDelete
 12. ’അമ്മമനസ്സ്‘ അറിയുന്ന ഹൃദയം. നല്ല ശൈലി, നല്ല അവതരണം. അഭിനന്ദനങ്ങൾ.....

  ReplyDelete
 13. സേതുലക്ഷ്മി..

  ഒരു എം.ടി. കഥയുടെ സൗന്ദര്യമുണ്ട് ഈ കഥയ്ക്ക്.. ഏറെ പറഞ്ഞു കഴിഞ്ഞ ഒരു വിഷയമാണ് എങ്കിലും ആഖ്യാനം ഭംഗിയായി..
  അമ്മയെ അറിയാത്ത മകന്റെ ഉള്ളു ആ അമ്മ ശരിക്കും അറിയുന്നുണ്ട്.. ജീവിതത്തിന്റെ നിസ്സംഗമായ സായാഹ്നത്തില്‍ സ്വയം തിരഞ്ഞെടുക്കുന്ന വാനപ്രസ്ഥം ഒരു കണക്കിന് നല്ലത് തന്നെ.. നാല് ആശ്രമങ്ങളും ഒരു ജീവിതം കൊണ്ട് കടന്നു സ്വച്ഛന്ദമായ മരണം ആവും ആ അമ്മ കൊതിക്കുന്നത്.. ആ മകനെ തെല്ലും ശപിക്കാതെ.. നന്മകള്‍ എഴുത്തിലും മനസ്സിലും നിറയട്ടെ..

  കഥാഖ്യാനത്തെ കുറിച്ച്.. 1st 2nd 3rd personലൂടെ ഈ കഥ കടന്നു പോകുന്നുണ്ട്.. അത് പുതുമയുള്ള അവതരണമാണ്.. മനപ്പൂര്‍വ്വം കൊണ്ട് വന്നതെങ്കില്‍ പുതുരീതികളുടെ പരീക്ഷണം എന്ന വിധം ശരി വയ്ക്കാം.. മറിച്ചു അറിയാതെ വന്നു പോയതാണ് എങ്കില്‍ കഥപറച്ചിലിലെ വലിയ പരാജയവുമാണ്‌ എന്ന് പറയട്ടെ..

  ReplyDelete
 14. ഒരു പാവം പൂവിന്,

  ഇന്നത്തെ പ്രഭാതം എനിക്ക് തന്ന കൈനീട്ടമാണ് ഈ വായന.വളരെ ഇഷ്ട്ടപ്പെട്ടു.
  സന്ദീപ്‌ കാട്ടിയ വഴിയിലൂടെയാണ് ഇവിടെ എത്തിയത്.

  എന്നോ മറന്ന, ഏതോ കഥയുടെ അല്ലെങ്കില്‍ ജീവിതത്തിന്‍റെ ഓര്‍മ്മപ്പെടുത്തല്‍ എങ്കിലും ......ഈ രചന വളരെ മനോഹരം.....അഭിനന്ദനങ്ങള്‍ .

  "സര്‍പ്പക്കാവില് കുറുമുള്ള് പൂത്തൂന്നു തോന്നണു"അമ്മ പറഞ്ഞു. "എന്താ ഒരു വാസന...!!"
  അമ്മ ജനല്‍ വലിച്ചു തുറന്നപ്പോള്‍ ആ സുഗന്ധം കാറ്റിനൊപ്പം എന്‍റെ മനസ്സിലേക്കും ഇരച്ചു കയറി കേട്ടോ.

  തീര്‍ച്ചയായും വീണ്ടും ഈ വഴി വരാം.
  ഇനിയും പറയുവാന്‍ വാക്കുകള്‍ പോരാ.അത്ര ഇഷ്ട്ടപ്പെട്ടു ഈ എഴുത്ത് ....
  ആശംസകള്‍.

  സുജ (വയല്‍പൂവുകള്‍)

  ReplyDelete
 15. പ്രിയപ്പെട്ട സേതുലക്ഷ്മി,
  അമ്മയെ മറക്കുന്ന എല്ലാ മക്കളും വായിക്കേണ്ട പോസ്റ്റ്‌!അമ്മക്കല്ലാതെ,ഹൃദയത്തിന്റെ ഭാഷ മറ്റാര്‍ക്ക് മനസ്സിലാക്കാന്‍ പറ്റും?
  മനോഹരം,ഈ വരികള്‍...അമ്മയുടെ സ്നേഹത്തിന്റെ നൈര്‍മല്യം,ഗ്രാമത്തിന്റെ വിശുദ്ധി,തറവാടിന്റെ നന്മ...
  ഇപ്പോള്‍ നാട്ടില്‍ നിന്നും എന്റെ അമ്മ എന്നെ വിളിച്ചു സംസാരിച്ചു.എന്റെ ശബ്ദത്തിലെ ഇടര്‍ച്ച പോലും അമ്മ അറിയുന്നു.
  ഒരായിരം അഭിനന്ദനങ്ങള്‍! മക്കള്‍ക്ക്‌ സദ്ബുദ്ധി തോന്നട്ടെ !
  സസ്നേഹം,
  അനു
  വളര്‍ത്തു മൃഗങ്ങളുടെ സ്നേഹം നമ്മള്‍ മനുഷ്യര്‍ക്കെന്നും ഒരു പാഠമാണ്! ഒരു പോസ്റ്റിനു ഇത്രയും യോജിച്ച ചിത്രം അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ചുരുക്കം വാചകങ്ങളില്‍, ഒരു ജീവിത സത്യം തുറന്നു പറഞ്ഞു! സുഹൃത്തേ,അഭിനന്ദനങ്ങള്‍!
  സസ്നേഹം,
  അനു

  ReplyDelete
 16. ardramaya varikal...... aashamsakal........

  ReplyDelete
 17. അമ്മ . ആ നാമം തന്നെ എനിക്കെന്നും നൊമ്പരമാണ് . അന്യ നാട്ടില്‍ കഴിഞ്ഞിരുന്ന മക്കളില്‍ നിന്നും പണം മാത്രം കൈപറ്റി ജീവിച്ച എന്റെ അമ്മ . അന്ത്യ നാളുകളില്‍ കൂടെ നിന്ന് പരിചരിക്കാന്‍ കഴിയാത്ത ആ വേദന ഈ പോസ്റ്റിലൂടെ ഒരിക്കല്‍ കൂടി പുനര്‍ ജനിച്ചു .. നന്നായി എഴുതി .. ആശംസകള്‍

  ReplyDelete
 18. കണ്ണ് നനയിച്ചല്ലോ സേതുലക്ഷ്മിച്ചേച്ചീ..!
  (അവതരണം സൂപ്പര്‍ )

  ReplyDelete
 19. ഒരു കഥ വായിക്കുകയാണെന്ന് തോന്നിയില്ല. ഒരുപാട് കഥകളില്‍ പറഞ്ഞിട്ടുള്ള വിഷയമാണെങ്കിലും പറഞ്ഞ രീതികൊണ്ട് ആ അമ്മയും മകനും വായനയില്‍ ഉടനീളം നിറഞ്ഞുനിന്നു. അവസാനഭാഗം വായിച്ചപ്പോള്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. പക്ഷെ ആദ്യഭാഗങ്ങള്‍ എന്തൊക്കെയോ ഓര്‍മ്മപ്പെടുത്തുന്നതായി. അതുകൊണ്ട് തന്നെ അവിടം രണ്ടു മൂന്നു തവണ പോയി വായിച്ചു. അല്പം നൊമ്പരത്തോടെ !!!!!

  ReplyDelete
 20. ഇനിയും എഴുതൂ നല്ല കഥകള്‍...
  സ്നേഹം.
  നന്മകള്‍.

  ReplyDelete
 21. follower link ille?i want to follow this blog

  ReplyDelete
 22. ആദ്യമായാണ് ഇവിടെ. ഒരുപാട് ഇഷ്ടപ്പെട്ടു. ഇനിയും വരാം....

  ReplyDelete
 23. ഈ കഥ ഞാന്‍ നേരത്തേ വായിച്ചു. പക്ഷെ കമന്‍റാന്‍ നേരം നെറ്റിന്‍റ കണക്‍ഷന്‍ പോയി. നല്ല കഥ. എനിക്കിഷ്ടപ്പെട്ടു.

  ReplyDelete
 24. ഒത്തിരി ഇഷ്ടായി ഈ കഥ. അല്ലെങ്കിലും മക്കള്‍ പറയാതെ തന്നെ അവരുടെ മനസറിയാന്‍ സ്നേഹമുള്ള അമ്മമാര്‍ക്ക് കഴിയും...
  (നാളത്തെ കേരളത്തിലെ കമന്റ്‌ വഴി ഒന്ന് വന്നു നോക്കിയതാ... ഈ ബ്ലോഗ്‌ കാണാന്‍ വൈകിയതില്‍ കഷ്ടം തോന്നുന്നു... )

  ReplyDelete
 25. വളരെ വൈകി ആണ് ഇവിടെ എത്തിയത്...പക്ഷെ! എല്ലാ പോസ്റ്റുകളും ഒന്നിനൊന്നു മെച്ചം...
  ഈ തൂലികയില്‍ നിന്നും ഇനിയും നല്ല രചനകള്‍ ഉണ്ടാകട്ടെ..

  ReplyDelete
 26. ഒരു ഗ്രാമത്തിന്റെ ശുദ്ധസുഗന്ധമുള്ള കഥ...വള്ളുവനാടന്‍ ഭാഷയുടെ നൈര്‍മല്ല്യം എം. ടി . കഥകളെ ഓര്‍മിപിച്ചു..അഭിനന്ദനങ്ങള്‍

  ReplyDelete
 27. അമ്മയ്ക്ക് വേണ്ടി ചെയ്യാതെ പോയ കാര്യങ്ങളോര്‍ത്തു എനിക്കൊരിക്കലും കണ്ണീരൊഴുക്കേണ്ടി വന്നിട്ടില്ല. Well done.

  ReplyDelete
 28. ഹൃദയത്തിലേയ്ക്കെത്തുന്ന എഴുത്ത്.

  ReplyDelete
 29. പറയാനുള്ളത്, സന്ദീപ് മുന്നേ പറഞ്ഞു വെച്ചു..

  ReplyDelete
 30. hridayathinu mathre sharikkum ithokke manassilakukayullu...kadha vayikkan kshama kittarilla ,, pakshe ithenne iruthi..

  ReplyDelete
 31. ഹൃദയങ്ങള്‍ക്ക് മനസ്സിലാക്കാനാവാത്ത ചിലതും സ്നേഹത്തിന്‍റെ മുഖവൈവിധ്യങ്ങളില്‍ എന്നത്...

  ReplyDelete