നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Sunday, 26 February 2012

അനന്തരം


    പതിവു പോലെ അന്നും തീന്‍ മേശയിലാണ് വഴക്കു പൊട്ടിപ്പുറപ്പെട്ടത്‌. അതേവരെ സമാധാനമായി സംസാരിച്ചിരുന്നവര്‍. പെട്ടെന്ന് വാഗ്വാദങ്ങള്‍ ഉയരുന്നതും  ഒച്ച വയ്ക്കുന്നതും കേട്ട് ചായ കൂട്ടുകയായിരുന്ന ഞാന്‍ അടുക്കളയില്‍ നിന്നും ഊണുമുറിയിലേക്ക് വന്നു. വിളമ്പി എടുത്ത അപ്പവും മട്ടന്‍ സ്റ്റൂവും ടേബിളിലാകെ ചിതറിച്ച്  രണ്ടുപേരും വിശദീകരണത്തിനൊന്നും നില്‍ക്കാതെ എഴുനേറ്റു നടന്നു. പിന്നെ, അഞ്ചു നിമിഷത്തിനു ശേഷം പതിവ് ഞായറാഴ്ചവേഷത്തില്‍ സണ്ണിച്ചന്‍ പുറത്തേക്ക് വന്ന് മുകളിലേക്ക് നോക്കി, 'നിന്റെ തരവഴിയൊന്നും എന്റടുത്തെടുക്കണ്ടടാ പുല്ലേ ..' എന്നുറക്കെ അലറി, കറുത്തചില്ലുയര്‍ത്തി അകം കാണാതാക്കിയ ലാന്‍സെറില്‍ കയറി പുറത്തേക്കു പാഞ്ഞു പോയി.

അല്‍പ്പനിമിഷത്തിനകം കയ്യിലെ ക്രിക്കറ്റ്‌ ബാറ്റ്‌ നിലത്ത് തട്ടുന്ന താളത്തിനനുസരിച്ച് മൂളിപ്പാട്ടുമായി റോബിനും അതേവഴി യാത്രയായപ്പോള്‍ ഞായറാഴ്ചകളിലെ പതിവു പോലെ ഞാന്‍ എന്റെ പരിഭ്രാന്തമായ ചിന്തകള്‍ക്കൊപ്പം വീട്ടില്‍ തനിച്ചായി.

റിബേക്ക നേരത്തെ സ്ഥലം വിട്ടിരുന്നു. രാവിലെ,ബ്രേക്ക്‌ ഫാസ്റ്റിനു മുന്‍പ് തന്നെ. സ്കൂട്ടിയില്‍ പാഞ്ഞു പോകും മുന്‍പ്‌ പപ്പാ... എന്നവിളിയോടെ സണ്ണിച്ചന്റെ കവിളില്‍ തട്ടി അവള്‍ യാത്രാ മൊഴിയോതി. അവളുടെ തിളങ്ങുന്ന മിഴികളില്‍ വരാനിരിക്കുന്ന നിമിഷങ്ങള്‍ നല്കാനിടയുള്ള ആഹ്ലാദം തിരയടിക്കുന്നത് കണ്ട് ഒരു നിമിഷം ഞാന്‍ നടുങ്ങി. ഞായറാഴ്ചകളില്‍ രാവിലെ പുറപ്പെട്ട് ,വൈകി ഇരുട്ടില്‍, തളര്‍ന്നതെങ്കിലും പ്രസാദാത്മകമായ അവളുടെ രൂപം വീടിന്റെ പടികള്‍ കയറി എത്തും വരെ, ഈ സമയങ്ങളിലെല്ലാം അവള്‍ ആരുടെ കൂടെ, എവിടെയായിരിക്കും എന്നോര്‍ത്ത്‌ വേവലാതിപ്പെടുകയാണ് ഞാന്‍ ചെയ്യാറ് .ഒരിക്കല്‍ അവളോടു നേരിട്ട് ചോദിക്കുകയുമുണ്ടായി. പിന്തിരിഞ്ഞു വന്ന്,എന്റെ മുഖം പിടിച്ചുയര്‍ത്തി അവള്‍ മന്ദമായി പറഞ്ഞു.' മമ്മായ്ക്ക് ഇത് കൂടാതെ തന്നെ ആവശ്യത്തിന്‌ ആധികളുണ്ടല്ലോ. അത് മതി,തല്‍ക്കാലം....' പിന്നെ,അവള്‍ക്കു പിന്തുണയായി ഉയര്‍ന്ന പപ്പയുടെ പൊട്ടിച്ചിരിക്കൊപ്പം പടികളിറങ്ങി പാഞ്ഞു പോയി.

റോബിന്‍ നേരത്തെ ഉണരുന്ന ദിവസങ്ങളിലാണ് വഴക്കുണ്ടാവുക.അവന്‍ വൈകി ഉണരുന്ന ദിവസം സണ്ണിച്ചന്‍ പതിവ് യാത്രയ്ക്കിറങ്ങി കഴിയുമെന്നതിനാല്‍ അവര്‍ക്ക് പരസ്പരം കാണേണ്ടി വരാറില്ല. ഒരു കപ്പു കാപ്പിയും ഉറക്കം വിട്ടു മാറാത്ത കണ്ണുകളുമായി അവന്‍ സോഫയിലിരിക്കും.ടിവിയില്‍,ഏതോ ഭാഷയില്‍,അസഹ്യമായ അംഗവിക്ഷേപങ്ങളുമായി ആരൊക്കെയോ അലറിത്തുളളുന്നുണ്ടാവും.ആവേശത്തിമിര്‍പ്പില്‍ അവനും അതേ സ്ഥായിയില്‍ അലറുകയും തുള്ളുകയും ചെയ്യുമ്പോള്‍ ആദ്യം മുതലേ ഉയര്‍ന്നു തുടങ്ങിയ എന്റെ പ്രഷര്‍ മാക്സിമത്തിലെത്തും. ടീവിയുടെ സുതാര്യമായ പ്രതലം പൊട്ടിച്ച് അതിലൊരാള്‍ ഏതു നിമിഷവും എന്റെമേല്‍ ചാടി വീണേക്കുമെന്ന ഒരു ഭ്രമാത്മക കല്‍പ്പന എന്റെ തല പിളര്‍ക്കുകയും അടുക്കളക്കാരിയായ പമേനചേടത്തിയോടുപോലും പറയാതെ  ഞാനെന്റെ മുറിയിലെ ഇരുട്ടില്‍ അഭയം പ്രാപിക്കുകയും ചെയ്യും.

         ഇത്തരം തോന്നലുകള്‍ ആദ്യമായല്ല എനിക്കുണ്ടാവുന്നതും.റിബേക്കയും റോബിനും ചെറിയ കുട്ടികളായിരിക്കുമ്പോള്‍, ജീവിതത്തിലെ ഒരു ദുരിത കാലത്ത്‌ ഇതുപോലെ ഒരനുഭവമുണ്ടായി. പത്രത്തില്‍ ആയിടെ കണ്ട ഒരു ചെറിയ പരസ്യമായിരുന്നു കാരണം. 'നിങ്ങളുടെ ഭാര്യ ഒരു മുട്ടക്കൂസാണോ...?' എന്ന പരസ്യത്തിന് താഴെ സാരി ധരിച്ച, കാബേജ് തലയുള്ള ഒരു സ്ത്രീയുടെ പടം കണ്ടതിനു ശേഷം എന്റെ തലയും ഒരു മുട്ടക്കൂസായി മാറും എന്ന അകാരണമായ ഒരു ഭയം എന്നെ ബാധിച്ചു. അതിന്റെ അസംഭാവ്യതയെക്കുറിച്ചു ഞാന്‍ എത്രമാത്രം എന്നെ ബോധിപ്പിക്കാന്‍ ശ്രമിച്ചുവോ അത്ര തന്നെ ശക്തമായി ആ ചിന്ത എന്നെ കീഴടക്കി. രാത്രിയുറക്കത്തിനിടെ എന്റെ തല കാബേജായി മാറും എന്ന തോന്നലില്‍ എനിക്ക് ഉറക്കം നഷ്ടമായി. എത്ര ശ്രമിച്ചിട്ടുംഇടയ്ക്കിടെ ലൈറ്റിട്ട്  കണ്ണാടിയില്‍ നോക്കി എന്‍റെ ശിരസ്സിനു തകരാറൊന്നും സംഭവിച്ചിട്ടില്ല എന്നുറപ്പാക്കാതിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ഉറക്കം ഞെട്ടലിന്റെ ആലോസരത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശാപവാക്കുകളും ഭീഷണിയും പര്യാപ്തമാകുന്നില്ല എന്ന തിരിച്ചറിവില്‍  സണ്ണിച്ചന്‍ എന്നെ ഒരു സൈക്യാട്രിസ്ടിന്റെ  അടുത്തു കൊണ്ടുപോവുകയും അദ്ദേഹത്തിന്റെ മരുന്നും സ്നേഹ വാക്കുകളും എന്നെ വീണ്ടെടുക്കുകയും ചെയ്തു.

           കിളിയൊഴിഞ്ഞ കൂടു പോലെ നിരര്‍ത്ഥകമായ ആ വീട്ടിനുള്ളില്‍ ,അപ്പോഴേക്കും പമേനച്ചേടത്തി തുടച്ചു വൃത്തിയാക്കിയ മേശമേല്‍ കൈകളൂന്നി ഞാന്‍ നില്‍ക്കെ, നാല്‍പ്പത്തിനാലു വര്‍ഷത്തെ എന്‍റെ ജീവിതം എന്‍റെ മുന്നിലൂടെ കടന്നു പോയി. ജനനം തൊട്ട്,ഇരുപത്തിനാലാമത്തെ വയസില്‍ സണ്ണി സഖറിയാ എന്ന പാലാക്കാരന്‍ ബിസിനസുകാരന്‍ കടന്നു വന്നു മലിനമാക്കുംവരെ ഞാനനുഭവിച്ച ശാന്തവും പവിത്രവുമായ ജീവിതവും അതിനു ശേഷമുള്ള ഇരുപതു യാതനാപൂര്‍ണ്ണമായ വര്‍ഷങ്ങളും എന്‍റെ കണ്ണുകളെ ഈറനണിയിച്ചു. കര്‍ത്താവിനും എന്‍റെ പ്രിയപ്പെട്ട അപ്പനുമല്ലാതെ മറ്റാര്‍ക്കും ഇടമില്ലാതിരുന്ന എന്‍റെ സുതാര്യ സുന്ദരമായ ബാല്യം. കുന്നിന്‍ ചരുവിലെ ഇടവകപ്പള്ളിയും,അപ്പന്‍ പഠിപ്പിച്ചിരുന്ന കോണ്‍വെന്റ് സ്കൂളും സഭയുടെ തന്നെ കലാശാലയും കൂടി എന്നെ ഉത്തമയായ വനിതയാക്കി മാറ്റിയിരുന്നു. പഠനത്തിന് ശേഷം ഉദ്യോഗസ്ഥയായി പട്ടണത്തില്‍ ജീവിച്ച മൂന്നു വര്‍ഷങ്ങളും ദൈവം സ്വന്തം വിരല്‍ കൊണ്ട് എന്‍റെ നിറുകയില്‍ എഴുതി വച്ചു. ഇരുപത്തി നാലാമത്തെ വയസ്സിലാണ്, ഒരു വൈകുന്നേരം അമ്മച്ചിയുടെ ശിപാര്‍ശയുമായി സണ്ണി സഖറിയാ എന്നെ കാണാനായി ഹോസ്റ്റലില്‍ എത്തുന്നത്. മുന്‍കൂട്ടി അറിയാമായിരുന്നതു കൊണ്ട് ഞാന്‍ ഭയാശങ്കകളില്ലാതെ അയാളെ അഭിമുഖീകരിച്ചു. എന്നാല്‍ അയാളുടെ നോട്ടവും,ഇടയ്ക്കിടെയുള്ള പൊട്ടിച്ചിരിയും അയാള്‍ എനിക്കനുരൂപനല്ല എന്ന് എന്നെ ബോദ്ധ്യപ്പെടുത്തി. അവധി ദിവസത്തില്‍ വീട്ടിലെ കൂട്ടായ്മയില്‍ വച്ച് ഞാനത് തുറന്നു പറയുകയും ആ വിവാഹത്തിന് എന്നെ നിര്‍ബന്ധിക്കരുത് എന്നപേക്ഷിക്കുകയും ചെയ്തു. വിവാഹമെന്നു പറയുന്നതില്‍ മനസ്സിന് വലിയ കാര്യമൊന്നുമില്ലെന്നും അത് പാരമ്പര്യവും ദൈവ ഭയവുമുള്ള രണ്ടു കുടുംബങ്ങളുടെ ഇടപാട് മാത്രമാണെന്നും തറപ്പിച്ചു പറഞ്ഞ് അമ്മച്ചി എന്‍റെ വാദങ്ങളെ ഖണ്ഡിച്ചു. ' മേരിമോക്കിഷ്ടമില്ലാത്ത കല്യാണം...' എന്നു തുടങ്ങി സ്വന്തം അഭിപ്രായം പറയാനാഞ്ഞ അപ്പനെ രൂക്ഷമായ ഒരു നോട്ടം കൊണ്ട് അമ്മച്ചി നിശ്ശബ്ദയാക്കി.സണ്ണിക്ക് വലിയ സ്തീധനമൊന്നും നോട്ടമില്ല എന്ന പരമമായ ഗുണത്തെ എന്‍റെ സഹോദരനും പ്രകീര്‍ത്തിച്ചു. അങ്ങിനെ, നൊയമ്പിനു ശേഷം വന്ന ആദ്യ വ്യാഴത്തിന്, വിവാഹ കൂദാശ ചെയ്ത അച്ചനുമുന്‍പാകെ, താനുടുത്തില്ലെങ്കിലും ഇവളെ ഉടുപ്പിക്കാമെന്നും,ഉണ്ടില്ലെങ്കിലും ഇവള്‍ക്ക് ആഹാരം കൊടുക്കാമെന്നും വാക്കുപറഞ്ഞ് സണ്ണിസഖറിയാ, മനസ്സില്‍ നിന്നുയര്‍ന്ന ഗദ്ഗദം അടക്കി,ഇയാള്‍ക്ക് കീഴ്പ്പെട്ടു ജീവിക്കാമെന്ന് ആത്മാര്‍ഥമായിതന്നെ സമ്മതിച്ച മേരി ജോസഫ്‌ എന്ന എന്‍റെ കഴുത്തില്‍ മിന്നു ചാര്‍ത്തി മണവാട്ടിയാക്കി. അപ്പോഴേയ്ക്കും സാമാന്യം നല്ല ശമ്പളമുണ്ടായിരുന്ന എന്നെ ഊട്ടാനും ഉടുപ്പിക്കാനും അയാള്‍ക്ക്‌ മെനക്കെടേണ്ടി വന്നില്ല. അതിനു പകരം അയാള്‍ അറിയുന്നതും അറിയാത്തതുമായ എല്ലാ പ്രമാണങ്ങളും ലംഘിച്ചു. തടയുകയും പരാതി പറയുകയും ചെയ്തപ്പോഴൊക്കെ അധിക്ഷേപിച്ചും ഉപദ്രവിച്ചും എന്‍റെ ജീവിതത്തെ നരകത്തെക്കാള്‍ ഭയാനകമാക്കി മാറ്റി. കണ്ണുകളില്‍ അഗാധമായ കുറ്റബോധം നിറച്ച് എന്നെ നോക്കുമായിരുന്ന എന്‍റെ പ്രിയപ്പെട്ട അപ്പന്‍ അതിനിടയില്‍ അന്തരിച്ചു പോയിരുന്നു. വൈകി എത്തുന്ന രാത്രികളില്‍,അബോധത്തില്‍,അയാള്‍ മരിച്ചുപോയ എന്‍റെ മുന്‍ഗാമികളെയൊക്കെ പുലഭ്യം പറഞ്ഞു . നല്ല പോര്‍ പൊരുത്,ഓട്ടം തെകച്ച്, അത്മത്തിനു വേണ്ട അന്ത്യകൂദാശയും കൈക്കൊണ്ടു ശാന്തരായി അന്ത്യവിധിക്കായി കാത്തു കിടന്ന എന്‍റെ പൂര്‍വികരെല്ലാം അവിചാരിതമായ ഈ ആക്രമണങ്ങളില്‍ താന്താങ്ങളുടെ കല്ലറകളില്‍ കിടന്നുരുളുകയാവാം എന്ന അറിവില്‍ ഞാന്‍ തകര്‍ന്നടിയുമ്പോള്‍ അയാള്‍ കട്ടിലില്‍ കമഴ്ന്നു കിടന്നു കൂര്‍ക്കം വലിച്ചുറങ്ങി. എന്‍റെ പിതാക്കളുടെ കരെച്ചിലും പല്ലുകടിയും എന്നെ വേട്ടയാടുമ്പോള്‍ കുളിമുറിയില്‍, തുറന്നിട്ട പൈപ്പിനപ്പുറം ഉയരാത്ത ശബ്ദത്തില്‍ അലറിക്കരഞ്ഞു ഞാനെന്റെ ഹൃദയഭാരം ലഘൂകരിച്ചു. തീരെ താങ്ങാനാവാത്ത ഘട്ടത്തില്‍ വീട്ടിലേക്കോടി ചെല്ലുമ്പോഴൊക്കെ കര്‍ത്താവു കൂട്ടിച്ചേര്‍ത്തതിന്റെ മഹത്വമുരുവിട്ട്  അമ്മച്ചി എന്നെ തിരിച്ചയച്ചു.പിന്നെ കരഞ്ഞു വീര്‍ത്ത കണ്ണും മുഖവും സഹപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ എന്നെ പരിഹാസ പാത്രമാക്കുകയും എപ്പോഴും കെട്ടിച്ചടുത്തുനിന്ന് കുടുംബത്തിലേക്ക് ഓടിവരുന്നതിലെ മാന്യതയില്ലായ്മയെപ്പറ്റി നാത്തൂന്‍ തുറന്നടിക്കുകയും ചെയ്തപ്പോള്‍ ഞാനെന്റെ നിത്യ ദുഖങ്ങളെ മനസ്സിന്റെ അഗാധതകളില്‍ കുഴിച്ചിടുകയും ഒരിക്കലും തുറന്നു നോക്കാതിരിക്കുവാന്‍ ശീലിക്കുകയും ചെയ്തു.റിബേക്കയും റോബിനും ജനിച്ചപ്പോള്‍ അവരുടെ ശുശ്രൂഷയും മറ്റുമായി ഞാന്‍ ജീവിതത്തോട് പൊരുത്തപ്പെടുകയും,ഞായറാഴ്ചകുര്‍ബാനക്ക് ശേഷമുള്ള കൂട്ടായ്മകളില്‍ പൊങ്ങച്ചക്കാരായ പണക്കാരികളുടെ മുന്‍പില്‍ വച്ച്,'നിന്റെ കെട്ടിയോനൊരു പാവമല്ലിയോടീ' എന്ന സണ്ണിച്ചന്റെ ചോദ്യത്തിന് മുന്‍പില്‍ പുഞ്ചിരിക്കാന്‍ മാത്രം കാപട്യം കൈമുതലാക്കുകയും ചെയ്തു. ഇരുപതു വര്‍ഷങ്ങള്‍ ഇതിനിടയില്‍ ചോര്‍ന്നു പോയിരുന്നു. റോബിന്‍ വളരുകയും അവന്റെ വ്യക്തിത്വത്തില്‍ പിതാവിന്റെ ജൈവ സംജ്ഞകള്‍ തെളിയുകയും ചെയ്തതോടെ എന്റെ ജീവിതം വീണ്ടും അശാന്തിയിലേക്ക് കൂപ്പുകുത്തി.

         എല്ലാവരും ഒഴിച്ച് പോയ വീട്ടില്‍ തനിയെ നില്‍ക്കവേ ആരെയെങ്കിലും സ്നേഹിക്കണമെന്ന ഉത്കടമായ ഒരഭിനിവേശം എനിക്കുണ്ടായി. എന്റെ നഷ്ടപ്പെട്ട ജീവിതം. മറ്റുള്ളവര്‍ക്കായി ഞാന്‍ നഷ്ടപ്പെടുത്തിക്കളഞ്ഞ എന്റെ വര്‍ഷങ്ങള്‍. ഞാന്‍ എന്തെന്കിലുമാണെന്നു് എന്നെത്തന്നെ ബോധ്യപ്പെടുത്താന്‍ എനിക്ക് ആരുടെയെങ്കിലും സ്നേഹം വേണം. എന്റെ ജീവിതം ഞാനിതേവരെ ജീവിച്ചില്ല എന്റെ മോഹങ്ങള്‍..അത്മാഭിലാഷങ്ങള്‍..ഒന്നും സാര്‍ത്ഥകമാക്കാതെ ആര്‍ക്കൊക്കെയോ പകുത്തു നല്‍കി ഞാന്‍ ഇല്ലാതാക്കി കളഞ്ഞു. നാളെ ഞാന്‍ മരിച്ചാല്‍, സണ്ണിച്ചന്‍ സ്വന്ത നിലയ്ക്കൊത്തവണ്ണം ആര്‍ഭാടമാക്കിയ ചരമശുശ്രൂഷകള്‍ക്കിടയില്‍ എന്റെ സ്വത്വം ഓര്‍മ്മിക്കപ്പെടുകയില്ല.താന്താങ്ങളുടെ ദൈനം ദിന ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഓടാന്‍ വെമ്പി വരുന്ന സന്ദര്‍ശകര്‍ ആരും എന്റെ അടഞ്ഞുപോയ മിഴികള്‍ തുറന്ന് അവയിലെ സഫലീകരിക്കാത്ത അഭിലാഷങ്ങള്‍ കണ്ടെത്താനോ മൌനമായ ചുണ്ടുകള്‍ തുറന്നു പറയാതെപോയ യാതനകള്‍ കേള്‍ക്കാനോ മെനക്കെടുകയില്ല.പക്ഷെ,അവര്‍ ദുഖിതനായ ഭര്‍ത്താവിന്റെ ഭാഗം അഭിനയിച്ചു ഫലിപ്പിക്കുന്ന സണ്ണി സഖറിയായെ അയാള്‍ അര്‍ഹിക്കാത്ത സ്വാന്തനങ്ങള്‍ കൊണ്ട് മൂടും. ഇനി, ഞാനയാളെ അതിജീവിച്ചെന്കില്‍  എനിക്കില്ലാത്ത ദുഃഖത്തില്‍ പങ്കു കൊള്ളാനായി സൌഭാഗ്യവതികളെന്നു ഭാവിക്കുന്ന സ്ത്രീകള്‍ ഭര്‍ത്താക്കന്മാരോടൊത്തു വന്നെത്തും. ഒളിച്ചു വച്ച കള്ളച്ചിരിയോടെ എനിക്ക് നഷ്ടപ്പെട്ട സ്നേഹ സമ്പന്നനായ ഭര്‍ത്താവിനെക്കുറിച്ച് വ്യര്‍ത്ഥമായി സഹതപിക്കും.

ആരെ സ്നേഹിക്കണമെന്നത് മാത്രമായി എന്റെ പ്രശ്നം. എനിക്കറിയാവുന്ന എല്ലാ പുരുഷ മുഖങ്ങളും,പത്രക്കടലാസുകളിലും തിരശ്ശീലയിലും കണ്ടിട്ടുള്ളവര്‍ വരെ എന്റെ മനസ്സിലൂടെ കടന്നു പോയി. ഓരോ മുഖം ഓര്‍മ്മിക്കുംപോഴും അവരുടെ ഗുണങ്ങളെക്കാളേറെ ദോഷങ്ങള്‍ എന്റെയുള്ളില്‍ തെളിഞ്ഞു. ഒടുവില്‍,ജീവിച്ചിരിക്കുന്ന ഒരു പുരുഷനെയും എനിക്ക് സ്നേഹിക്കാനാവില്ല എന്നാ യാഥാര്‍ത്ഥത്തില്‍ ഞാന്‍ നടുങ്ങി.

  അപ്പോഴാണ്‌ അവന്‍ വന്നത്. മധുരവും ശാന്തവുമായ സ്വരത്തില്‍ 'മറിയെ,അത് ഞാനാവുന്നത് നിനക്ക് ഹിതം തന്നെയോ...?' എന്ന് അവന്‍ എന്നോടു ചോദിച്ചു. എനിക്ക് മറുപടി ഉണ്ടായിരുന്നില്ല. അവന്‍ മൃദുവും സ്വച്ഛവുമായ വിരലുകള്‍ കൊണ്ട്‌ എന്റെ തോളില്‍ സ്പര്‍ശിച്ചു. ആ മുഖത്തെക്കുറ്റുനോക്കിയപ്പോള്‍ എനിക്ക് ബോധ്യമായി,എനിക്ക് സ്നേഹിക്കുവാനുള്ളവന്‍ ഇവന്‍ തന്നെ എന്ന്. 'നീ ആരാകുന്നു,യേശുവോ..?' എന്ന എന്റെ ആശ്ചര്യത്തിന് 'ആരാകിലെന്ത്,ഞാന്‍ നിനക്ക് മതിയായവന്‍ തന്നെ.' എന്ന് അവന്‍ ഉത്തരമേകി.

അങ്ങിനെ ഞങ്ങളുടെ പ്രണയജീവിതം ആരംഭിച്ചു.അവനൊരിക്കലും കഠിനമായ ജോലികള്‍ കൊണ്ട് കുറുകിപ്പോയ എന്റെ വിരലുകളെയോ നിറം മങ്ങിയ മിഴികളെയോ കളിയാക്കിയില്ല.മറിച്ച് എന്‍റെ ചിരിയുടെ ഭംഗിയും മുടിയഴകും മറ്റാരിലും കാണാനാവില്ല എന്നവന്‍ എന്നോടറിയിച്ചു. സുന്ദരിയല്ല എന്ന് ഞാന്‍ വിഷാദിച്ചപ്പോള്‍ നിന്നിലെ ഞാനറിയുന്ന ആന്തരിക സൌന്ദര്യം നിന്നെ എത്ര അഴകുറ്റവളാക്കുന്നു എന്നവന്‍ മന്ത്രിച്ചു.എനിക്ക് നീ മതി, നിന്നില്‍ ഞാന്‍ പൂര്‍ണനാകുന്നു എന്നവന്‍ എന്നോടു പറഞ്ഞു. എനിക്കത് മതിയായിരുന്നു. എത്രപെട്ടെന്നാണ് മുരടിച്ചു പോയ ഒരു പൂമരം അകാലത്തില്‍ പൂത്തുമറിയുന്നപോലെ ഞാന്‍ ജീവിതത്തെ അതിന്റെ തനിമയോടെ സ്നേഹിക്കാന്‍ തുടങ്ങിയത്! മദ്ധ്യവയസ്സിലെ പ്രണയം ഒരു സ്ത്രീയെ ഇത്രമാത്രം മാറ്റി മറിക്കുമെന്നു സ്വയം അനുഭവിച്ചില്ലെന്കില്‍ ഞാന്‍ വിശ്വസിക്കുമായിരുന്നില്ല. എന്‍റെ കണ്ണുകള്‍ പ്രകാശമാനമാവുകയും കവിളുകളില്‍ പഴയ യുവത്വം തിരിച്ചെത്തുകയും ചെയ്തു. അവന്‍ എനിക്കായി ഞാന്‍ ഇഷ്ടപ്പെട്ടു മറന്ന കവിതകളും കഥാഭാഗങ്ങളും വായിച്ചു. ഞാന്‍ കാണാനാഗ്രഹിച്ചിരുന്ന ഭൂവിഭാഗങ്ങളെക്കുറിച്ചു വര്‍ണിച്ചു. ഞാന്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ യേശുദാസിന്റെ പഴയ പാട്ടുകള്‍ അതേ യൌവനസുഭഗമായ സ്വരത്തില്‍ എനിക്കായി പാടി.അവന്റെ സ്നേഹത്തില്‍ ഞാന്‍ മറ്റൊരാളായി മാറി. സുന്ദരമായി വസ്ത്രം ധരിക്കാനും സമയമെടുത്ത് ഒരുങ്ങാനും ശ്രദ്ധിച്ചു. അവന്റെ പ്രേരണയാല്‍ നഖങ്ങളില്‍ ചായമി്ട്ടു. പുല്‍മൈതാനം പോലെ പരന്നു കിടന്ന പുരികങ്ങള്‍ വെട്ടി മനോഹരമാക്കി.അവന്റെ സ്നേഹം എന്നില്‍ നിറഞ്ഞ് എന്നെ ഞാനാക്കി മാറ്റി. ഹാ... എത്ര പ്രേമ സുരഭിലമായ നിമിഷങ്ങളാണ് ഞങ്ങള്‍ തമ്മില്‍ പങ്കു വച്ചത്.!

  എന്‍റെ മാറ്റം മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നു എന്നത് എനിക്കൊരു പ്രശ്നമേ ആയിരുന്നില്ല. വീട്ടിലേക്കുള്ള സാധനങ്ങളുമായി വൈകുന്നേരം മടങ്ങുമ്പോള്‍ വഴിയരികിലെ ആളുകള്‍ നോക്കി നില്‍ക്കുന്നതു പോലും ഞങ്ങളെ രസിപ്പിച്ചു. തനിക്കൊരു ശരീരമില്ലാത്തതു കൊണ്ട് എന്‍റെ കയ്യിലെ ഭാരം പങ്കു വയ്ക്കാനാവുന്നില്ലല്ലോ എന്ന് അവന്‍ പരിതപിച്ചപ്പോള്‍ എനിക്ക് നിന്റെ സ്നേഹമുണ്ടല്ലോ, അത് ഏതു ഭാരം താങ്ങാനും എന്നെ പ്രാപ്തയാക്കുന്നു എന്ന് ഞാന്‍ ഉത്തരമോതി. വഴിയരികില്‍ നിന്ന് ആരോ,'അത് സക്കറിയാടെ പെമ്പിളയല്ലേ എന്ന് ആച്ഛര്യപ്പെടുന്നുണ്ടായിരുന്നു. പിറ്റേന്ന്,'സാധനങ്ങള്‍ വാങ്ങിയേച്ചു ഓട്ടോയേല്‍ വന്നാല്‍ മതി' എന്ന ഭര്‍ത്താവിന്റെ ആഹ്വാനം ഞങ്ങളെ ചിരിപ്പിച്ചു. ഞാന്‍ അവനെക്കണ്ട് ഉറക്കമുണര്‍ന്നു. അവനു ശുഭരാത്രി നേര്‍ന്ന് ഉറങ്ങി. ഒരു പുരുഷന്റെ അല്പ്പമാത്രമായ സ്നേഹവും പരിഗണനയുംപോലും ഒരു സ്ത്രീയെ എത്രമാത്രം മാറ്റി മറിക്കുന്നു എന്നു ഞാനറിഞ്ഞു. എന്‍റെ ജീവിതത്തെപ്പറ്റി എല്ലാം ഞാനവനോട് പറഞ്ഞു. അത്യുദാരനായ കേഴ്വിക്കാരനായി അവനതെല്ലാം ഉള്‍ക്കൊണ്ടു.

 എന്‍റെ ജീവിതം ഇങ്ങിനെ സരളമായി മുന്നോട്ടു പോയ്ക്കൊണ്ടിരിക്കെ,ഞാന്‍ ആത്മാവില്‍ എത്രത്തോളം സന്തുഷ്ടയായിരുന്നുവോ അത്രത്തോളം കുടുംബത്തില്‍ അലസയാവുന്നു എന്ന കുറ്റപ്പെടുത്തല്‍ കൂടി വന്നു. എന്‍റെ ജീവിതം കൊണ്ട് ജീവിക്കുന്ന മൂന്നു പേര്‍ക്കും എവിടൊക്കെയോ അലോസരങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങി. സദാ,നിരാശ നിറഞ്ഞ കണ്ണുകളുമായി, അടക്കിപ്പിടിച്ച നിലവിളിപോലെ അവരുടെ സുഖത്തിനായി ആത്മാര്‍പ്പണം നടത്തുന്ന ഒരുവളെയായിരുന്നു അവര്‍ക്കാവശ്യം.എന്‍റെ കണ്ണുകളില്‍ ആഹ്ലാദം നിറയുന്നതും,ഞാന്‍ മൂളിപ്പാട്ട് പാടുന്നതും വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുന്നതും അവരെ പരിഭ്റാന്തരാക്കി. ഞാന്‍ എനിക്ക് വേണ്ടി ജീവിക്കുന്നു എന്നത് അവരുടെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്തായിരുന്നു.
                   
     ഒരു ദിവസം രാവിലെ പ്രഭാത ഭക്ഷണം തയാറാക്കുന്ന തിരക്കിലായിരുന്നു ഞാന്‍. റോബിന്‍ കടന്നു വന്ന്‌ എന്റെ സന്തുഷ്ടി നിറഞ്ഞ മുഖത്തേക്ക് നോക്കി പുഛത്തോടെ ചോദിച്ചു.'അമ്മച്ഛിക്കെന്താ ഈയിടെ ഒരു സന്തോഷം...?
   എന്റെ സമീപത്തു നിന്ന് എനിക്കായി ശലോമോന്റെ പ്രേമഗീതങ്ങള്‍ പാടുകയായിരുന്നു,എന്റെ പ്രിയന്‍.റോബിന്റെ ചോദ്യത്തിന് നേരെ അവന്‍ കാട്ടിയ ആംഗ്യം കണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. സാധാരണ ഇത്തരം ചോദ്യങ്ങള്‍ക്ക് ഞാന്‍ ദേഷ്യപ്പെടുകയോ കണ്ണ് നിറയ്ക്കുകയോ ആണ് പതിവ്. എന്റെ മാറ്റം അവനെ ഭയപ്പെടുത്തിയ പോലെ അവന്‍ പെട്ടെന്ന് പൊയ്ക്കളഞ്ഞു.
   അവന്റെ അപ്പന്‍ അകത്തു നിന്നു വിളിച്ചു ചോദിച്ചു. 'പഴയ പോലെ വേഷം കെട്ടെടുക്കാനാണോ ഭാവം,,,?'

 പിന്നീട് അവസാന ഞായറാഴ്ച. പ്രഭാതത്തില്‍ മൂന്നു പേരും അവിചാരിതമായി ഒന്നിച്ചുണ്ടായ ഭക്ഷണസമയം. അന്ന് പക്ഷെ വാഗ്വാദങ്ങള്‍ ഉയര്‍ന്നത് എനിക്കെതിരെ. ഞാന്‍ പ്രതികരിക്കുന്നില്ല എന്ന് കണ്ടു സണ്ണിച്ചന്‍ ശബ്ദമുയര്‍ത്തി. മക്കള്‍ രണ്ടും നിശ്ശബ്ദരായ കാണികളായി.
   'ഇരുപതു വര്‍ഷമായി ഒന്ടാക്കുന്നു. എന്നിട്ട് കറീല് ഉപ്പു കണക്കിനിടാന്‍ പോലും ശ്രദ്ധയില്ല. കുഴീക്കെടക്കണ നിന്റെ തള്ള വന്ന്‌ ഇനീം പഠിപ്പിക്കണോ...? അയാള്‍ അന്നേവരെ ഉപയോഗിച്ചതിനേക്കാള്‍ തീഷ്ണമായ ഒരു ചീത്ത വാക്ക് വിളിച്ചു പറഞ്ഞു.

  കൂട്ടുകാരന്റെ മുഖം മ്ലാനമായി.'മി. സഖറിയാ.. പ്രായമായ കുട്ടികളുടെ മുന്നില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കരുത്‌. അവന്‍ താക്കീതു ചെയ്തു.

  എന്റെ അരൂപിയെ കാണാനാവാത്തതിനാല്‍ അത് ഞാന്‍ പറഞ്ഞതായി അയാള്‍ കരുതി,എന്റെ നേരെ ചീറി.
'ആരാ..ആരാടീ നിന്റെ സംസ്കാര സമ്പന്നന്‍...? എത്രപേരെ നിനക്കറിയാം..?'

 ഇതാണ്,ഇതാണാ നിമിഷം. ഞാന്‍ സ്വയം വെളിപ്പെട്ടു. ഒരു പാഴ്തുണി പോലെ, തേപ്പ് മേശ പോലെ ഇവര്‍ കണ്ടിരുന്ന സ്ത്രീക്കും ആനന്ദിക്കാന്‍ അവകാശമുണ്ടെന്ന് ഇവരറിയട്ടെ.

   'ഒരാള്‍.. തീര്‍ച്ചയായും ഒരാളെന്കിലുമുണ്ട്. എന്നെ സ്നേഹിക്കുന്ന ഒരാള്‍. എന്റെ കാമുകന്‍...'

ഒരു നിമിഷത്തെ നിശബ്ദതയ്ക്ക് ശേഷം അവര്‍ മൂവരും അന്നെവരെയുണ്ടാകാത്ത ഐകമത്യത്തോടെ പൊട്ടിച്ചിരിച്ചു. അവരുടെ ചിരി അട്ടഹാസമായി പുറത്തേക്കൊഴുകി ചക്രവാളത്തോളം വളര്‍ന്ന് പ്രപഞ്ചത്തെ നടുക്കുന്നത് ഞാനറിഞ്ഞു. അത് പെട്ടെന്ന് തിരികെ വന്ന്‌ തിളങ്ങുന്ന വാളുപോലെ എന്റെ നിറുകയിലൂടെ താഴ്ന്നിറങ്ങി എന്നെ രണ്ടായി പിളര്‍ന്നു.

    ആശ്രയത്തിനായി ഞാനെന്റെ കൂട്ടുകാരനെ നോക്കി. അവന്‍ അപ്രത്യക്ഷനായിരുന്നു.

          അപ്പോഴാണ്‌,മുത്തശ്ശിക്കഥയിലെ മന്ത്രവാദിനിയെപ്പോലെ ചമയങ്ങളെല്ലാം അഴിഞ്ഞു വീണു ഞാനൊരു പടു വൃദ്ധയായി മാറിയതും അവരെന്നെ ഈ ഇരുമ്പുകൂട്ടിലടച്ചതും.
               

           

102 comments:

 1. കഥ കുറച്ചു നീണ്ടു പോയി. ക്ഷമിക്കുക,വായിച്ചു മടുക്കുന്ന സുഹൃത്തുക്കളോട്...

  ReplyDelete
  Replies
  1. വളരെ സൂക്ഷിച്ചു വായിച്ചു ,,,,,വരികള്‍ക്കിടയിലെ അകലവും ചിഹ്നങ്ങളും പോലും അര്‍ത്ഥവത്തായ ഈ കഥയ്ക്ക എന്തു അഭിപ്രായം എഴുതുവാന്‍ ....വളരെ നല്ലത് എന്നല്ലാതെ !!!!"" സുന്ദരിയല്ല എന്ന് ഞാന്‍ വിഷാദിച്ചപ്പോള്‍ നിന്നിലെ ഞാനറിയുന്ന ആന്തരിക സൌന്ദര്യം നിന്നെ എത്ര അഴകുറ്റവളാക്കുന്നു എന്നവന്‍ മന്ത്രിച്ചു.എനിക്ക് നീ മതി, നിന്നില്‍ ഞാന്‍ പൂര്‍ണനാകുന്നു"" ഇത്രയും പറയുവാന്‍ കുറച്ചു നീണ്ടു പോയതില്‍ ഒരു കുഴപ്പവും കാണുന്നില്ല ......

   Delete
  2. അംജത്‌,നന്ദി,നദി.

   Delete
 2. സേതു,,
  ക്ലാപ്സ്,ക്ലാപ്സ്‌.ഒന്നും പറയാനില്ല,ബൂലോകത്തും ,ഭൂലോകത്തും ഞാന്‍ ഈയിടെ വായിച്ചതില്‍ വെച്ച് ഏറ്റവും നല്ല കഥ ,,ക്ലാപ്സ് ക്ലാപ്സ്...

  ReplyDelete
  Replies
  1. നന്ദി,സിയാഫ്.നിറഞ്ഞ ഹൃദയത്തോടെ.

   Delete
 3. മനോഹരമായിരിക്കുന്നു.ഒരു മനസ്സിന്റെ അവസ്ഥാന്തരങ്ങള്‍ ഇത്രയും ഭംഗിയായി അവതരിപ്പിച്ചതില്‍ താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു.ആ സ്ത്രീയുടെ ഓരോ അവസ്ഥയും മാനസിക വ്യാപാരങ്ങളും വായിക്കുന്നവര്‍ക്ക് അനുഭവവേദ്യമാക്കിയത് അത്രത്തോളം സൂക്ഷ്മതയോടെയാണ്.

  ReplyDelete
  Replies
  1. കഥയെ ഗൌരവമായിക്കാണുന്ന നാരദന്റെ അഭിനന്ദനം വിലപ്പെട്ടതാണ്. സന്തോഷം.

   Delete
 4. "കഥ കുറച്ചു നീണ്ടു പോയി" എന്ന് കഥാകാരിയുടെ കമന്റിലൂടെ മാത്രമാണ് തോന്നിയത്.
  സമ്മതിച്ചിരിക്കുന്നു..!
  ഇത്ര വിശദമായി ഒരു പെണ്മനസ്സ് തുറന്നുകാട്ടാൻ ആർക്കാണു കഴിയുക..!
  ഈഭാഷക്കുമുന്നിൽ,ഈഅവതരണത്തിനുമുന്നിൽ.നമിച്ചുകൊണ്ട് തിരികെപ്പോകുമ്പോഴും..കഥയിലെ ആ ഒരുവരി ഒന്നുകൂടിപ്പകർത്തട്ടെ.
  "..ഒരു പുരുഷന്റെ അല്പ്പമാത്രമായ സ്നേഹവും പരിഗണനയുംപോലും ഒരു സ്ത്രീയെ എത്രമാത്രം മാറ്റി മറിക്കുന്നു...!!!"

  ഒത്തിരിയാശംസകളോടെ..പുലരി

  ReplyDelete
  Replies
  1. എന്താ പറയുക! സന്തോഷായി.

   Delete
 5. ഒട്ടൂം നീണ്ടു പോയിട്ടില്ല...
  കഥയില്‍ ബൈബിള്‍ സാഹിത്യം കടന്നുവന്നുവെങ്കിലും സ്വത്വം നിലനിര്‍ത്താന്‍ കഴിഞ്ഞു.ഈ അടുത്തകാലത്ത് വായിച്ച മികച്ച കഥ.
  അഭിനന്ദനങ്ങള്‍............

  ReplyDelete
  Replies
  1. മനോജ്‌ ഇപ്പോഴും വായിക്കുകയും കമന്റ് പറയുകയും ചെയ്യാറുണ്ട്. ആത്മാര്‍ഥമായ അഭിപ്രായത്തിനു നന്ദി. കഥാപാത്രത്തിന്റെ മാനസികാവസ്ഥ വിശദമാക്കാനാണ് ബൈബിള്‍ ഭാഷ കുറച്ചു കൂടുതലായി ചേര്‍ത്ത്‌.

   Delete
 6. സേതു, കഥ ഗംഭീരമായി...
  ബൈബിൾ ഭാഷ തികച്ചും അനുയോജ്യമായിട്ടുണ്ട്..
  വായിച്ചാറെ ചില കൂട്ടുകാരികളുടെ മുഖങ്ങൾ എന്റെ മനസ്സിലൂടെ കടന്നു പോയി. അതുകൊണ്ട് അവസാന വരികൾ പ്രവചനങ്ങളാകരുതേ എന്ന് ഞാനവനോട് യാചിച്ചു...അവനോ തന്റെ മൌനത്താൽ എന്നെ ഭയചകിതയാക്കി.....
  അഭിനന്ദനങ്ങൾ....
  നിന്റെ അക്ഷരങ്ങൾ വാഴ്ത്തപ്പെട്ടത്, നിന്റെ വാക്കുകൾ തെരഞ്ഞെടുക്കപ്പെട്ടത്, നീ മഹത്വമുള്ളവൾ.......അനന്തരം..

  ReplyDelete
  Replies
  1. എച്മു,എന്റെ പ്രിയ സുഹൃത്തേ...

   Delete
 7. ചില കഥകള്‍ അല്പം വലുതാകും ചിലത് ചെറുതാകും..അതിനൊന്നും ഒരു ക്ഷമാപണത്തിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നുല്ല..
  കഥ..അത് അവഗണിക്കപ്പെടുന്ന സ്ത്രീത്വത്തിന്റെ വിഹ്വലതകളും അതിലൂടെ താളം തെറ്റുന്ന മനസ്സിനേയും ഇതിനെക്കാള്‍ ഭംഗിയായി മറ്റൊരാള്‍ക്ക് വര്‍ണ്ണിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല..വളരെ ലാളിത്യത്തോടെയുള്ള അവതരണവും കഥയെ മികവുറ്റതാക്കി. അവസാനം വരെ ആകാംക്ഷ നിലനിര്‍ത്താന്‍ കഴിയുകയും ചെയ്തിട്ടുണ്ട്..വീണ്ടും വരാം,,,ആശംസകളോടെ..

  ReplyDelete
  Replies
  1. അനശ്വര കഥ വിശദമായി മനസിലാക്കി. സന്തോഷം.

   Delete
 8. കാവ്യാല്‍മകമായ ഭാഷകൊണ്ട് തീര്‍ത്ത മനോഹരമായ കഥ. മേരി ഒരു ചിത്രം പോലെ മനസ്സിലേക്ക് ഇറങ്ങിവന്നു. എല്ലാവരും അഭിപ്രായപ്പെട്ടത് പോലെ വളരെ മികച്ച രചന. ഇനിയും നല്ല രചനകള്‍ എഴുതാന്‍ സേതുലക്ഷ്മിയുടെ തൂലികക്ക് കഴിയട്ടെ.

  ReplyDelete
 9. വളരെ നല്ല രചന,, ഒരു സ്ത്രീ മനസ്സിന്‍റെ വിഹ്വലതകള്‍ ഇത്രയും തന്മയത്വത്തോടെ അവതരിപ്പിക്കാന്‍ അപാരകഴിവ് വേണം,അത് നമുക്കെത്ര ചിരപരിചിതമെങ്കിലും.. കഥയുടെ നീളം ഒട്ടും അലോസരപ്പെടുത്തിയില്ല.പ്രതീക്ഷിക്കുന്നു ഇനിയുമൊരുപാട് മികച്ച രചനകള്‍, എന്‍റെ പ്രിയ എഴുത്തുകാരിയില്‍നിന്നും.ആശംസകള്‍.

  ReplyDelete
  Replies
  1. ഒരുകുടന്ന ഇലഞ്ഞിപ്പൂവുകള്‍ വാസനിക്കുന്നപോലെ .നന്ദി,എന്റെ കുഞ്ഞു പൂവേ.

   Delete
 10. സ്ത്രീ മനസ്സിന്റെ വിവിധ തലങ്ങള്‍ മനോഹരമായി പറഞ്ഞു വച്ചു എന്നത് തന്നയാണ് ഈ കഥയുടെ വിജയം.. മനോഹരമായ ഭാഷയും ശൈലിയും കൂടിയായപ്പോള്‍ മികച്ച ഒരു രചന എന്ന് സംശയമേതുമില്ലാതെ പറയാം... വായിച്ചു വന്നപ്പോള്‍ നീളം കൂടിയെന്ന് തോന്നിയില്ല, അവസാനം വരെ ഒരു സസ്പെന്‍സ് നിലനിറുത്താന്‍ കഥാകാരിക്ക് കഴിഞ്ഞു ... അത് കൊണ്ട് തന്നെ ആദ്യ കമ്മന്റിന്റെ ആവശ്യം ഇല്ല...

  സ്നേഹാശംസകള്‍..

  കഥയിലെ ഒരുവരി പകര്‍ത്തട്ടെ...
  "..ഒരു പുരുഷന്റെ അല്പ്പമാത്രമായ സ്നേഹവും പരിഗണനയുംപോലും ഒരു സ്ത്രീയെ എത്രമാത്രം മാറ്റി മറിക്കുന്നു...!!!"

  നേരെ തിരിച്ചും.... ?

  ReplyDelete
  Replies
  1. ഖാദു,

   നേരെ തിരിച്ചും,തീര്‍ച്ചയായും.(അങ്ങിനെ ആരെങ്കിലും ഉണ്ടെങ്കില്‍...)

   Delete
 11. മനോഹരമായ കഥ.മനസ്സിന്റെ ഉള്‍ വഴികളിലൂടെ സഞ്ചരിക്കുന്ന തൂലിക നല്ല വിശകലങ്ങള്‍ നടത്തി.ആശംസകള്‍

  ReplyDelete
 12. നല്ല കഥ. അനായാസം വായിക്കുവാന്‍ കഴിയുന്നുണ്ട്. പ്രമേയത്തിന്റെ ആദ്യഭാഗം വളരെയധികം പറയപ്പെട്ടതാണെങ്കിലും രണ്ടാം ഭാഗത്തേക്ക് എത്തിയപ്പോള്‍ കഥയുടെ തലം മികച്ചതായി. ക്രൈസ്തവ സഭാ സംബന്ധമായ ഭാഗങ്ങളെല്ലാം നിലവാരം പുലര്‍ത്തി. എങ്കിലും സേതുവിന്റെ മികച്ച കഥകളുടെ റേഞ്ചിലേക്ക് എത്തിയില്ല. കൂടുതല്‍ മികച്ച കഥകളുമായി ഇനിയും തുടരുക..

  ReplyDelete
  Replies
  1. സന്തോഷം. കൂടുതല്‍ നന്നാക്കുക എന്നത് എന്ത് വിഷമം പിടിച്ച പണിയാണെന്നോ...ശ്രമിക്കാം മനോ.

   Delete
 13. സേതുവെന്ന എഴുത്തുകാരിയുടെ പ്രതിഭക്കും രചനാപാടവത്തിനും ചിന്തകള്‍ക്കും സാധൂകരണം നല്‍കുന്ന ഒരു കഥക്ക് വേണ്ടി വായനക്കാരന്‍ എന്ന നിലയില്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് അല്പം നാളായി.
  ഇപ്പോള്‍ ആ പരിഭവം മാറി.
  അത്യുജ്ജ്വലം!!!!!
  അഭിനന്ദനങ്ങള്‍!!!!!,!!!!!

  ReplyDelete
  Replies
  1. എവിടെയായിരുന്നു..?
   പുതിയ പോസ്റ്റ്‌ ഒന്നും കണ്ടില്ല.
   ഞാന്‍ തിരക്കുന്നുണ്ടായിരുന്നു,ജാലകത്തില്‍.
   അഭിനന്ദനം കൈപ്പറ്റിയിരിക്കുന്നു.

   Delete
 14. പ്രിയ സേതു ഈ കഥ ഒട്ടും നീണ്ടു പോയിട്ടില്ല. തീര്‍ന്നു പോയല്ലോ എന്ന സങ്കടമായിരുന്നു വായിച്ചു കഴിഞ്ഞപ്പോള്‍. ഈ കഥ എന്റെ മനസ്സില്‍ എന്നും മായാതെ കിടക്കും. ഓരോ വരിയും മനോഹരം.
  ഇത് ബ്ലോഗനക്ക്‌ ഒന്ന് കൊടുത്തു നോക്കു

  ReplyDelete
  Replies
  1. റോസ്...പ്രിയ സുഹൃത്തേ..
   നിങ്ങളുടെ അഭിനന്ദനങ്ങളെക്കാള്‍ വലുതായെന്തുണ്ട്...!

   Delete
 15. വളരെ വളരെ ഇഷ്ടപ്പെട്ടു..
  വളരെ നാളുകള്‍ക്കു ശേഷമാണു ഞാന്‍ ഒരു കഥ തന്നെ വായിക്കുന്നത്. തിരക്കുള്ള സമയമായിട്ടും ഒറ്റയിരിപ്പിനു തന്നെ കഥ വായിച്ചു തീര്‍ത്തു. അഭിനനന്ധങ്ങള്‍

  ReplyDelete
 16. വളരെ മനോഹരമായി തന്നെ പെണ്‍മനസ്സിന്‍റെ അന്തസംഘര്‍ഷങ്ങള്‍ തന്മയത്തത്തോടെ വരച്ചിരിക്കുന്നു. ചില തോന്നലുകള്‍ പ്രാവര്ത്തികമാല്ലെന്കിലും സ്വപ്നത്തിന്റെ നിര്‍വൃതിയും ആശ്വാസവും പ്രധാനം ചെയ്യുന്നു. ഒരു നിമിഷത്തിലെക്കെന്കിലും അങ്ങിനെ ആയിരുന്നെങ്കില്‍ ഇങ്ങിനെ ആയേനെ എന്ന് ചിന്തിക്കാത്ത്തവര്‍ കാണില്ല. തൃപ്തി ആഗ്രഹിക്കുമ്പോള്‍ ചിലയിടത്ത് മുഴച്ച് വരുന്നത് നല്ല മനസ്സിന്‍റെ ചിന്തകളാണെന്നു തോന്നിയിട്ടുണ്ട്. എല്ലാരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് ഒരു ജീവിതം സാദ്ധ്യമല്ലല്ലോ.
  എനിക്കിഷ്ടപ്പെട്ടു.

  ReplyDelete
  Replies
  1. റാംജി,നന്ദി,ഈ വാക്കുകള്‍ക്ക്

   Delete
 17. മനോഹരം!!!
  തികച്ചും ഞാന്‍ വായനയില്‍ ലയിച്ചുപോയി!
  അഭിനന്ദനങ്ങള്‍,.
  ആശംസകള്‍

  ReplyDelete
  Replies
  1. സി.വി.സര്‍ ആദ്യമായാണ് എന്റെ ബ്ലോഗില്‍.
   സന്തോഷം.

   Delete
 18. സേതുലക്ഷ്മി എന്ന എഴുത്തുകാരി എന്നെ വിസ്മയിപ്പിക്കുന്നു..

  ഇത് പോലുള്ള രചനകളുടെ നീളം അല്‍പ്പം കൂടി കൂടിയാലും അതെങ്ങിനെ അറിയാന്‍ . അല്‍പ്പം പോലും വിരക്തി അനുഭവപ്പെടാതെ വായിച്ചു തീര്‍ത്ത സേതുവിന്‍റെ ഈ നല്ല കഥക്ക് ഒരു വമ്പന്‍ കയ്യടി.

  ആശംസകള്‍

  ReplyDelete
  Replies
  1. സുഹൃത്തുക്കളോടു നന്ദി പറയുമ്പോള്‍ എനിക്ക് വല്ലാതെ തോന്നാറുണ്ട്.
   ആ വല്ലായ്മയോടെ,നന്ദി,വേണു.

   Delete
 19. my goodness
  ഈ കഥ ഞാന്‍ കാണാതെ പോയാല്‍!!!

  നല്ല വിവരണം, എങ്ങിനെയാണ് ഈ കഥ വിവരിക്കേണ്ടത് എന്ന ചിന്തയില്‍ ഞാന്‍ പരാജിതന്‍

  ആശംസകള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. ഷാജു,ഈ നല്ലവാക്കുകള്‍ക്ക് എങ്ങിനെ മറുപടി പറയാന്‍..

   Delete
 20. നല്ല കഥ, നന്നായി എഴുതിയിരിക്കുന്നു ആശംസകള്‍
  ഈ ബാക്ക്ഗ്രോണ്ട് മാറ്റാന്‍ പറ്റുമോ, വായിക്കാന്‍ എളുപ്പം വൈറ്റ് ബാക്ക് ഗ്രൌണ്ടുമ് ബ്ലാക്ക് ലെറ്റേരും അല്ലേ....
  ക്ഷമിക്കണം ട്ടോ ഞാന്‍ ചോദിച്ചു എന്നു മാത്രം

  ReplyDelete
  Replies
  1. ബാക്ക്ഗ്രൌണ്ട് മാറ്റാം,കേട്ടോ.

   Delete
 21. മനോഹരം!
  അഭിനന്ദനങ്ങൾ!

  ReplyDelete
  Replies
  1. ജയനെ കാണാറില്ല.
   വന്നതിലും വായിച്ചതിലും സന്തോഷം.

   Delete
 22. മനൊഹരം... ആശംസകൾ...

  ReplyDelete
 23. സേതുലക്ഷ്മിയുടെ കഥകളില്‍ എനിക്ക് ഏറ്റവും മികച്ചതായി തോന്നിയത് ഇതാണ്. അത്രക്കും ഭംഗിയായിട്ടുണ്ട്.
  ഒരിക്കല്‍ പോലും വായനയുടെ വഴികളില്‍ മടുപ്പ് അനുഭവപ്പെട്ടില്ല എന്നത് തന്നെ വിജയം.
  ഇനിയും ഇത്തരം മനോഹരങ്ങളായ കഥക്കൂട്ടുകളുമായി വരിക.
  അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. ഈ കഥ എങ്ങിനെ സ്വീകരിക്കപ്പെടും എന്നൊരു ആശങ്കയുണ്ടായിരുന്നു,എനിക്ക്.മന്‍സൂറിന്റെ അഭിപ്രായം നല്ല ആത്മവിശ്വാസം തരുന്നു.(പുതിയ പോസ്റ്റ്‌ വായിച്ചിരുന്നു. വിഷയം എന്റെ അപരിധിക്ക് പുറത്തായത് കൊണ്ട് കമന്റ് ഇട്ടില്ല.)

   Delete
 24. കഥ ഒരല്‍പം നീണ്ടു പോയി എന്നതൊരു സത്യം തന്നെ .. പക്ഷെ മനോഹരമായ ഭാഷ അതിനെ മറികടന്നു ...

  അഭിനന്ദനങ്ങള്‍

  ReplyDelete
 25. ഈ കഥയെക്കുറിച്ച് ഇനി ഞാനെന്തു പറയാന്‍!?! അത്രയ്ക്ക് മനോഹരം. അവഗണിക്കപ്പെട്ട സ്ത്രീത്വത്തെ അനുഭവവേദ്യമാക്കാന്‍ കഥാകാരിക്ക് സാധിച്ചു. മനോഹരമായ ക്രാഫ്റ്റ്‌ കഥയെ കുറ്റമറ്റതാക്കി.

  അഭിനന്ദനങ്ങള്‍ അറീക്കട്ടെ.

  ReplyDelete
 26. കഥയിൽ വാക്കുകളൂടെ ചെടിപ്പടർപ്പ് സമ്മാനിച്ചതിനു നന്ദി. സന്തോഷം .

  ReplyDelete
 27. സേതുലക്ഷ്മി...

  നല്ലതു മാത്രമേ പറയാനുള്ളു എങ്കില്‍ ഒന്നും പറയാതെ പോവുന്നതല്ലെ ഉചിതം.സിയാഫ് ഇന്ന് തീവണ്ടിയുടെ എഞ്ചിന്‍ റൂമിലിരുന്ന് ഈ കഥയെക്കുറിച്ച് എന്നോട് സംസാരിച്ചു.ഇത്തരത്തിലുള്ള രചനകളാണ് നമുക്കിന്ന് ആവശ്യം. മികച്ച ഈ കഥക്കും കഥാകാരിക്കും എന്റെ പ്രണാമം.....

  ReplyDelete
 28. പെണ്‍മനസ് പൊന്‍ മനസ് ...ഇഷ്ട്ടായി ഏറെ ..

  ReplyDelete
 29. സേതുവേച്ചി....

  എന്റെ ചേച്ചിയുടെ ഈ എഴുത്തില്‍ ഞാന്‍ അഭിമാനിക്കുന്നു.... കഥയുടെ ഒരു ഭാഗവും പാളിച്ചകള്‍ തെല്ലുമില്ലാതെ മനോഹരമായി പറഞ്ഞു ചേച്ചി.. കഥയുടെ developing പിന്നെ climaxലേക്കുള്ള ലാന്‍ഡിംഗ് എല്ലാം ഗംഭീരമായി.... ഇതു ചേച്ചിയുടെ കയ്യടക്കത്തിനു ഒരിക്കല്‍ കൂടി സാക്ഷ്യം പറയുന്നു... ബൈബിള്‍ ഭാഷ്യം കഥയ്ക്ക് ഉതകുന്നതാണ്....

  ഈ കഥ വായിച്ചപ്പോള്‍ മനസ്സിലോര്‍ത്തത് കുറച്ചു നാള്‍ക്കു മുന്നേ മാതൃഭൂമിയില്‍ വന്ന വി.ജെ. ജയംസിന്റെ "പ്രണയോപനിഷത്ത് " എന്ന കഥയായിരുന്നു.. ഈ കഥയുടെ പുരുഷഭാഷ്യം എന്ന് വേണമെങ്കില്‍ കരുതാം... മദ്ധ്യവയസ്സോടെ ആളുകളില്‍ വരുന്ന ജീവിത വിരക്തിയും മറ്റൊരു പ്രണയം തേടാനുള്ള സാധ്യതയെ കുറിച്ചും ആ കഥയില്‍ പറയുന്നുണ്ട്.. എന്നാല്‍ ആ കഥയില്‍ രസകരമായി തന്നെ അതിന് പരിഹാരം കാണുന്നുണ്ട് കഥാപാത്രം... ചേച്ചി വായിച്ചിട്ടുണ്ടാവാമെങ്കിലും അതിലെ ഒരു വരി ഞാന്‍ എടുത്തെഴുതുന്നു...

  "വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമാണെന്നത് പ്രണയത്തിന് തടസ്സമായി തീരുന്ന ലോകരീതിയോട് എനിക്കിപ്പോള്‍ ശക്തമായ വിയോജിപ്പ് തോന്നുന്നുണ്ട്"

  സമൂഹം ഒരുപക്ഷെ സദാചാരവിരുദ്ധമായി കരുതാമെങ്കിലും മനശാസ്ത്രപരമായി അവലോകനം ചെയ്‌താല്‍ തികച്ചും മാനുഷികമായ ചോദന (human instinct) (മൃഗവാസനയായി ഇതിനെ ആരോപിക്കാറുണ്ട് ചില സദാചാരവാദികള്‍ ) തന്നെയാണ് ഇത്തരം വിചാരവികാരങ്ങള്‍ക്ക് പിന്നില്‍ ... കാലഘട്ടത്തിന്റെ ശബ്ദമടക്കി പിടിച്ച ചില നിലവിളികള്‍ ഞാന്‍ കേള്‍ക്കുന്നുണ്ട് ഈ കഥയില്‍ ...

  കഥ ഒത്തിരി ഇഷ്ടമായി എന്ന് പറയട്ടെ.. ചേച്ചിയുടെ ഇതുവരെയുള്ള എല്ലാ കഥകളും വായിച്ചതില്‍ വെച്ച് മികച്ച മൂന്നു കഥകള്‍ തിരഞ്ഞെടുത്താല്‍ അതില്‍ ഒന്നാവും ഇതു... മറ്റു രണ്ടെണ്ണം, മകള്‍ എന്ന ആദ്യ കഥയും ഹര്‍ത്താല്‍ ദിനത്തില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീയുടെ കഥയുമാണ്... എഴുതൂ.... ഇനിയുമെഴുതൂ....

  സ്നേഹപൂര്‍വ്വം
  അനിയന്‍

  ReplyDelete
  Replies
  1. ആ ബ്ലുന്ക്ജൂചി കഥയുമായി ഇതിനെ താരതമ്യപ്പെടുത്തല്ലേ സന്ദീപ്‌,ആനയെ വര്‍ണ്ണിക്കാന്‍ അണ്ണാനെ ഉദാഹരിക്കയോ ?

   Delete
  2. ഹയ്യോ... സിയാഫ്‌ ...
   പ്രണയോപനിഷത്ത് നല്ല കഥയെന്നാണ് എന്റെ വായനയില്‍ തോന്നിയത്... വലിയ സംഭവങ്ങള്‍ ഒന്നുമില്ലെങ്കില്‍ അതിലെ ലളിതമായ ആഗ്യാനം വായനക്കാരനെ പിടിച്ചിരുത്തുന്നതാണ്...
   ഒരു ചിന്തയില്‍ നിന്നും മറ്റൊന്നിലേക്ക് ആ കഥ വായനക്കാരനെ കൊണ്ട് പോകുന്ന രീതി നിരീക്ഷിക്കേണ്ടതുണ്ട്..
   പിന്നെ ആ കഥയുമായി വലിയ സാമ്യം ഒന്നുമില്ല ഈ കഥയ്ക്ക്... അതിലെ മദ്ധ്യ വയസ്സില്‍ മനുഷ്യര്‍ക്ക്‌ തോന്നിയേക്കാവുന്ന പ്രണയചിന്തകളെ സൂചിപ്പിക്കാന്‍ വേണ്ടി മാത്രം mention ചെയ്തതാണ് ആ കഥ.. എന്റെ അഭിപ്രായത്തെ ഒന്ന് ബലപ്പെടുത്താന്‍ മാത്രം...

   Delete
 30. നല്ല എഴുത്ത്‌. അഭിനന്ദനങ്ങൾ.
  സമാനമായ കഥകൾ മാധവിക്കുട്ടിയുടെ കഥകളിലെവിടെയോ വായിച്ച പോലെ തോന്നുന്നു (ശരിക്കോർക്കുന്നില്ല).

  വീതിയുള്ള Template ഉപയോഗിച്ചാൽ കുറച്ച്‌ കൂടി വായനാ സുഖം കിട്ടും. അതു പോലെ തെളിഞ്ഞ background ഇൽ കറുത്ത അക്ഷരങ്ങളാണ്‌ കണ്ണുകൾക്ക്‌ നല്ലത്‌.

  ReplyDelete
  Replies
  1. സാബു പറഞ്ഞത് എനിക്കും തോന്നി. മാധവിക്കുട്ടിയുടെ കാര്യമല്ല, സെറ്റിംഗ് അല്പം മാറ്റാന്‍ പറഞ്ഞത്.

   Delete
 31. ലേബലിൽ 'കഥ' എന്നെഴുത്താതതു കൊണ്ട്‌ കഥകളുടെ category ഇൽ വരുന്നില്ല.. ശ്രദ്ധിക്കുമല്ലോ.

  ReplyDelete
 32. ആദ്യം പിന്നെ വായിക്കാമെന്നു കരുതി വായിച്ചപ്പോൾ വായിക്കാതെപോയെങ്കിൽ നഷ്ടമെന്ന് മാത്രം പറയാൻ തോന്നുന്നു.

  ReplyDelete
 33. നല്ല എഴുത്ത് ......അതിൽ കൂടുതൽ ഞാൻ എന്താ പറയുക ?

  ReplyDelete
 34. പെണ്‍മനസിന്റെ വേദനകളും ആകുലതയും, മുന്‍പ് സേതുവിന്‍റെ പാണ്ഡവപുരം വായിച്ചതോര്‍മ്മവന്നു.
  ശക്തമായ ചിന്തകള്‍ പകര്‍ന്നു തരുന്ന എഴുത്ത്.
  എന്റെ സ്നേഹ പ്രണാമം !!

  ReplyDelete
 35. manoharamaaya ozhukkode vaayichu kadha nannaayittund aashamsakal ...

  ReplyDelete
 36. എം.ടി എവിടെയോ എഴുതിയിട്ടുണ്ട് .. കഥകളുടെ വരികള്‍ക്കിടയിലെ ശൂന്യമായ സ്പേസ് പോലും ഒരു പാട് നമ്മോടു സംസാരിക്കും എന്ന് .. ഈ കഥയിലെ വരികള്‍ മാത്രമല്ല വരികള്‍ക്കിടയിലെ ശൂന്യത പോലും എന്നോട് സംവദിച്ചു .. തുടക്കം തന്നെ എത്ര മനോഹരമാണ് .. "പതിവു പോലെ അന്നും തീന്‍ മേശയിലാണ് വഴക്കു പൊട്ടിപ്പുറപ്പെട്ടത്‌. "
  ബ്ലോഗെഴുത്തുകാരില്‍ ഭൂരിഭാഗം പേരും തീരെ ശ്രദ്ധിക്കാത്ത ഭാഷ, വാക്യ ഘടന അക്ഷര ശുദ്ധി, കൃത്യമായ ചിഹ്നങ്ങള്‍, ഇവയിലെ അതീവ ശ്രദ്ധ ഈ കഥയെ തീവ്രമാക്കിയിരിക്കുന്നു . ഒരു പൂര്‍ണ്ണവിരാമം പോലും എത്ര ശക്തമാണ് എന്ന് ഈ രചന എന്നോട് പറയുന്നു .. ഭാഷ അറിയാവുന്ന ഒരാളുടെ 'എഡിറ്റിംഗ് ' ഈ കഥയെ കുറുക്കിക്കുറുക്കി ശക്തമാക്കിയിരിക്കുന്നു ..
  ബ്ലോഗിന്റെ രീതി , ലേ ഔട്ട്‌ , ചിത്രം ഉപയോഗിക്കല്‍ ഇവ ഒന്ന് കൂടി ശ്രദ്ധിച്ചാല്‍ വായനക്ക് വല്ലാത്ത ഒരു സുഖം കൈവന്നേനെ... സേതു ലക്ഷ്മിക്ക് ഒരായിരം അക്ഷരാശംസകള്‍ ..

  ReplyDelete
 37. ഞാന്‍ പുതിയ ബ്ലോഗ്ഗര്‍ ആണ്.. താങ്കളുടെ ബ്ലോഗിലെ ചേര്‍ത്തല ഓര്‍മ്മകള്‍ എന്ന label കണ്ടു, ഒരു ചേര്‍ത്തല കാരന്‍ ആയതിനാല്‍ കുറച്ചു ആകാംഷയോടെ ആണ് നോക്കിയത്....ഹൃദ്യമായ ഒരു കഥ വായിക്കാന്‍ കഴിഞ്ഞു.. അഭിനന്ദനങ്ങള്‍,

  ReplyDelete
 38. ഒരു നല്ല കഥ വായിച്ചതിന്റെ സുഖം. മനോഹരമായിരിക്കുന്നു. അഭിനന്ദനങ്ങള്‍!!!

  ReplyDelete
 39. "താന്താങ്ങളുടെ ദൈനം ദിന ജീവിതത്തിന്റെ തിരക്കുകളിലേക്ക് ഓടാന്‍ വെമ്പി വരുന്ന സന്ദര്‍ശകര്‍ ആരും എന്റെ അടഞ്ഞുപോയ മിഴികള്‍ തുറന്ന് അവയിലെ സഫലീകരിക്കാത്ത അഭിലാഷങ്ങള്‍ കണ്ടെത്താനോ മൌനമായ ചുണ്ടുകള്‍ തുറന്നു പറയാതെപോയ യാതനകള്‍ കേള്‍ക്കാനോ മെനക്കെടുകയില്ല."

  കഥ എനിക്കിഷ്ടായി സേതുച്ചേച്ചി...മദ്ധ്യവയസ്കയായ ഒരു സ്ത്രീയുടെ ഭ്രമാത്മക ചിന്തകള്‍ കൃത്യമായി ആവാഹിച്ചെഴുതിയ വരികളിലൂടെ ഒരു യാത്ര തന്നെ ആയിരുന്നു എന്റേതും. ഇനിയും നല്ല നല്ല കഥകളുമായി വരിക..ആശംസകള്‍....

  ReplyDelete
 40. കഥ കുറച്ചു നീണ്ടു പോയാലെന്താ, നന്നായിട്ടുണ്ടല്ലോ ! അവസാനം വരെ ആകാംഷ നിലനിര്‍ത്തി...ആശംസകള്‍ !

  ReplyDelete
 41. എല്ലാവരും പറഞ്ഞ പോലെ കഥ നല്ല ഒഴുക്കോടെ വായിച്ച്‌ പോയി. കഥാ പാത്രത്തിന്‌റെ മാനോ വ്യാപാരങ്ങള്‍ വരച്ച്‌ കാട്ടുന്നതില്‍ കഥാകാരി വിജയിച്ചു, അതു തന്നെയാണ്‌ ഈ കഥയുടെ പ്രത്യേകതയും. എല്ലാം നഷ്ടപ്പെടുമ്പോള്‍ ഒരു ഉന്‍മാദിനിയെ പോലെ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന കഥാ പാത്രത്തിന്‌റെ വേഷപ്പകര്‍ച്ചകള്‍ നന്നായി. ആശംസകള്‍

  ReplyDelete
 42. പ്രതീപ് മാഷ് “ കഥ“യിലെ ഒരു കഥ..‘സേതുലക്ഷ്മിയുടെ കഥ‘ വായിയ്ക്കൂ എന്ന് അഭിപ്രായപ്പെട്ട് എത്തിപ്പെട്ടതാണ്‍...
  സുപരിചിത ഗന്ധങ്ങൾ മൂക്കിൻ തുമ്പിൽ ഉണർത്തി..!
  നീ എനിയ്ക്ക് പ്രിയപ്പെട്ടവളായിരിയ്ക്കുന്നു സേതുലക്ഷ്മീ....അഭിനന്ദനങ്ങള്‍...!

  ReplyDelete
 43. എല്ലാവരും ഒഴിച്ച് പോയ വീട്ടില്‍ തനിയെ നില്‍ക്കവേ....
  പെണ്‍മനസ്സിലൂടെ നൊമ്പരത്തോടെ ഈ യാത്ര..
  നല്ലൊരു കഥാകാരിയെ തന്നെ കാണിച്ചു തന്നിരിക്കുന്നു....!
  ബ്ലോഗ്‌ ലോകത്തില്‍ പുതിയ ആളാണ്‌. നല്ല വായനാ ഇടങ്ങള്‍ തേടി നടക്കുന്നതിനിടയില്‍ യാദൃശ്ചികമായി എത്തിയതാണ് ഇവിടെ. സഫലമായ്‌ വരവ്.
  ഇനിയും വരാം വായിക്കാം.. congrats sethu..

  ReplyDelete
 44. "ഒരു പുരുഷന്റെ അല്പ്പമാത്രമായ സ്നേഹവും പരിഗണനയുംപോലും ഒരു സ്ത്രീയെ എത്രമാത്രം മാറ്റി മറിക്കുന്നു...!!!"

  ഒരു പെണ്മനസ്സ് ഭംഗിയായി എഴുതാന്‍ സേതുവിനു സാധിച്ചു ...ഇതേപോലുള്ള നല്ല നല്ല രചനകള്‍ ഇനിയും എഴുതാന്‍ സാധിക്കട്ടെ വായിക്കാന്‍ ഞാനും ഉണ്ട് കൂടെ ..മനോഹരമായ ഭാഷയും ശൈലിയും ഇഷ്ടായി ..കഥ കുറച്ചു നീണ്ടു പോയി എന്ന് ഒട്ടും തോന്നീല്ലാ ട്ടോ ...

  ReplyDelete
 45. ഓരോ വാക്കുകള്ളും മനസ്സിന്നെ സ്പര്‍ശിച്ചു,,

  ഒരു സ്ത്രീ മനസ്സിന്റെ വികാരങ്ങള്‍ ഇത്രേ കണ്ടു മനോഹരം ആയി വിവരിക്കുന്നത്‌ അതിശയിപ്പിക്കുന്നു,,

  മനോഹരം സേതു ചേച്ചി

  ReplyDelete
 46. നന്നായിട്ടുണ്ട്... ആശംസകള്‍!

  ReplyDelete
 47. വളരെ നന്നായി ..ഒരായിരം ആശംസകള്‍ ...

  ReplyDelete
 48. വല്ല്യ വാക്കുകളില്‍ കമന്റ്‌ എഴുതാന്‍ അറിയില്ല...
  വായിച്ചു തുടങ്ങിയത് മുതല്‍ അവസാനം വരെ വല്ലാത്തൊരു പിരിമുറുക്കം ആയിരുന്നു...
  ഇപ്പോഴും മേരിടെ മാനസിക വ്യാപാരങ്ങള്‍ എന്നെ പിന്തുടരുന്നു... തന്നെ താനേ ശ്രിഷ്ടിച്ച ലോകത്ത് മേരി സന്തോഷിച്ചപ്പോള്‍ കൂടെ ഞാനും സന്തോഷിച്ചു... ഒരു നിമിഷം കൊണ്ട് മേരിയുടെ സങ്കല്‍പം ചിന്നി ചിതറിയപ്പോള്‍ എന്റെ മനസ്സാണ് ചിതറിയത്... ഇരുട്ടറയിലാക്കിയത് എന്നെയാണെന്ന് തോന്നി...
  ആശംസകള്‍

  ReplyDelete
 49. എന്തോ പോലെ ട്ടോ ..കഥ ഇഷ്ട്ടായി ..ആശംസകള്‍

  ReplyDelete
 50. കഥ കുറച്ചു നീണ്ടു പോയി എന്ന കുറ്റബോധമേ വേണ്ട, കാച്ചിക്കുറുക്കി എടുത്ത കഥ .ഒട്ടൂം നീണ്ടു പോയിട്ടില്ല... സമാനമായ കഥകൾ ജീവിതങ്ങള്‍ എല്ലാം പരിചിതം തന്നെ കഥ സുന്ദരമായിരിക്കുന്നു . അഭിനന്ദനങ്ങള്‍

  ReplyDelete
 51. നല്ല സുന്ദരന്‍ കഥ ,,നല്ല ഒഴുകോടെ എഴുതിരിക്കുന്നു ...ഭാവുകങ്ങള്‍

  ReplyDelete
 52. ഈ ബ്ലോഗ്ഗിലെ മികച്ച മറ്റൊരു പോസ്റ്റ്‌

  ReplyDelete
 53. ഈ ബ്ലോഗ്ഗിലെ മികച്ച മറ്റൊരു പോസ്റ്റ്‌

  ReplyDelete
 54. ഇഷ്ട്ടായി ..ആശംസകള്‍

  ReplyDelete
 55. വളരെ ഹൃദ്യമായി ഈ കഥ. പുരുഷന്റെ വീണ്ടുവിചാരത്തിന് തികച്ചും ഉതകുമാറ് വളരെ ചിന്തനീയമായ ഒരു ഇതിവൃത്തം.

  ആശംസകള്‍!

  ReplyDelete
 56. സ്വല്പം തിരക്കുകളില്‍ പെട്ടുപോയി സുഹൃത്തെ..
  ഒരുപാട് താമസിച്ചാണു ഇവിടെ എത്തിയത്.
  പലരും സൂചിപ്പിച്ചപോലെ ഒരുനല്ല കഥ വായിക്കാനുള്ള ഒരിടവേളയിലായിരുന്നു ഞാനെന്നു സ്വയം സമാധാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നു ഞാന്‍. ആദ്യമേ തന്നെ എഴുത്താണിക്ക് അഭിനന്ദനം അറിയിക്കുന്നു.

  ഒരു സാധാരണ വീട്ടമ്മയുടെ ദൈനംദിന കാര്യങ്ങളിലൂടെ നടത്തിച്ചൊടുക്കം ഒരട്ടഹാസത്തില്‍ അവസനാപ്പിക്കുന്നതിനിടക്ക് അനേകം ദിശാ സൂചികള്‍ കാണിക്കുന്ന ഒരു ജീവിതത്തെരുവ് ഞാന്‍ കണ്ടു. സ്വയം സ്വാതന്ത്ര്യ പ്രഖ്യാപനത്തിന് ശേഷി നല്‍കുന്ന പ്രണയത്തെയും കണ്ടു.. പക്ഷെ, എന്നിട്ടും ദൈന്യതയില്‍ മരിക്കാന്‍ വിധിക്കപ്പെട്ട മേരിയിലൂടെ മാറ്റമെന്ന ഒന്നില്ലെന്ന നിരാശയെ ബാക്കിവെച്ചതെന്തിനു സുഹൃത്തെ..?

  ReplyDelete
 57. കൊള്ളാം ,ഒരു പാട് ഗുണപാഠങ്ങള്‍ ഈ രചനയില്‍ ഉണ്ട് .ആശംസകള്‍ .

  ReplyDelete
 58. കൊള്ളാവുന്നൊരു കഥ ഞാനിപ്പോൾ വായിച്ചു.
  അവസാനം മേരിക്കൊരു മോചനം കൊടുക്കാഞ്ഞതിൽ വ്യസനമുണ്ട്.
  ആശംസകൾ...

  ReplyDelete
 59. കഥ ഒരുപാടിഷ്ടപ്പെട്ടു എന്ന് സന്തോഷത്തോടെ അറിയിക്കുന്നു..സ്നേഹത്തിന്‍റെ മുന്നിലും സ്നേഹമില്ലയ്മയുടെ മുന്നിലും പെണ്‍മനസ്സ് തോല്‍ക്കും..ലളിതമായ ഈ അവതരണം കഥയെ കൂടുതല്‍ ഭംഗിയുള്ളതാക്കി. ഇനിയും വരും ഈ വഴി.
  സ്നേഹത്തോടെ മനു..

  ReplyDelete
 60. സമയം പോലെ ഇതും വായിക്കുമല്ലോ?
  http://manumenon08.blogspot.com/2012/03/blog-post.html

  ReplyDelete
 61. സ്ത്രീജന്മം പുണ്യജന്മമല്ല-ഇതാണ് യഥാര്‍ത്ഥ സ്ത്രീ. നല്ല കഥ. പാരഗ്രാഫ് തിരിക്കുക കൂടി ചെയ്തിരുന്നെങ്കില്‍ വായനാസുഖം കൂടുമായിരുന്നു.

  ReplyDelete
 62. ഞാനിവിടെ മുൻപ് വന്നിരുന്നൂ...കഥ വായിക്കുകയും..ഈ നല്ല കഥക്ക് നല്ല അഭിപ്രായവുമിട്ടിരുന്നൂ...പക്ഷേ അത് കാണാനില്ലാ...എങ്കിലും ഞാൻ വീണ്ടുമെത്തിയത്..വഴിതെറ്റിയാണു...നല്ല കഥക്കെന്റെ ഭാവുകങ്ങൾ...

  ReplyDelete
 63. ഞാന്‍ ഇതില്‍ കമന്റ്‌ ഇട്ടിരുന്നു എന്നാണെന്റെ ഓര്‍മ്മ. എന്തായാലും മികച്ച രചനയാണിത്. പുതുമയുള്ള പ്രമേയം.

  ReplyDelete
 64. ഒരു പുരുഷന്റെ അല്പ്പമാത്രമായ സ്നേഹവും പരിഗണനയും പോലും ഒരു സ്ത്രീയെ എത്രമാത്രം മാറ്റി മറിക്കുന്നു എന്നു ഞാനറിഞ്ഞു.

  ഹ്ഹിഹി :)

  ReplyDelete
 65. എന്താ പറയുക, വാക്കുകള്‍ കൊണ്ട് അഴകോടെ തീര്‍ത്തും ശ്രദ്ധയോടെ തീര്‍ത്തിരിക്കുന്നു ഒരു ജീവിതം. മികച്ച ഒരു കഥ വായിക്കാന്‍ ഒരുപാട് വൈകി ഞാന്‍..

  ആശംസകള്‍ കേട്ടോ..
  (വാക്കുകളുടെ ഘടനയില്‍ ഇത്തിരി ശ്രദ്ധിക്കൂ, നല്ലൊരു വായനക്കാരന് ഈ കഥ ഒന്നുകൂടെ ആകര്‍ഷകമാക്കാന്‍ സാധിക്കും)

  ReplyDelete
 66. This comment has been removed by the author.

  ReplyDelete
 67. ബ്ലോഗുകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് അധിക നാളുകള്‍ ആയിട്ടില്ല. എങ്കിലും ഇതുപോലെ വീണ്ടും വീണ്ടും വായിപ്പിച്ച വേറെ ഒരു കഥയില്ല. പ്രിയ കഥാകാരിയ്ക്ക് നമസ്കാരം.

  ReplyDelete
 68. ചേച്ചീ...പുത്തന്‍ എഴുത്തുകള്‍ ഒന്നും കാണുന്നില്ലല്ലോ? എന്താ തിരക്കാണോ? കുറെ നാള്‍ ആയി ഈ വഴി വന്നിട്ട്. വന്നപ്പോള്‍ പഴയ എഴുത്തുകള്‍ ഒന്നുകൂടെ വായിച്ചു. അപ്പോളാണ് കണ്ടത് ഈ പോസ്റ്റ്‌ നൂറു കമന്റ്റ് തികക്കാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുന്നുവെന്നു. ആ കൃത്യം നിര്‍വഹിച്ചു മടങ്ങാം എന്ന് കരുതി :-)

  സ്നേഹത്തോടെ മനു,

  ReplyDelete
 69. ദുരന്ത പര്യവസാനം എനിക്കിഷ്ടമല്ല..അതുകൊണ്ട്...ഇരുന്ബുകൂട്ടില്‍ നിന്ന് പുറത്തുവരുന്ന അടുത്ത ഭാഗത്തിനായി വെറുതെ കാത്തിരിക്കുന്നു...

  ReplyDelete
 70. പൂക്കളേക്കാള്‍ മണമുള്ള ഈ ഇലകളില്‍ കഥ വായിച്ചു. അഭിനന്ദനങ്ങള്‍.

  ReplyDelete