നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Thursday, 27 September 2012

കുമാരസംഭവം


കുമാരേട്ടനെ കുറിച്ചാണ് എനിക്ക് പറയാനുള്ളത്‌.

കോടാനുകോടി മനുഷ്യ ജന്മങ്ങള്‍ ഉദകപ്പോള പോലെ കൊഴിഞ്ഞു പോകുന്ന ഈ പ്രപഞ്ച സാഗരത്തില്‍ കുമാരേട്ടനെപ്പോലുള്ള ഒരു അതി സാധാരണക്കാരന്റെ കഥയ്ക്ക് എന്ത് പ്രസക്തി എന്ന് നിങ്ങള്‍ ചോദിച്ചേക്കാം.എങ്കിലും എനിക്കിത് പറയാതെ വയ്യ.

  കുമാരേട്ടനെ ഞാന്‍ ആദ്യമായി കണ്ടതെന്നാണെന്നു കൃത്യമായി ഓര്‍മ്മയില്ല. അക്കാലത്തെ പതിവ് പോലെ 'ടൈപ്പും ഷോട്ടാന്റും' ലോവറും ഹയറും പാസായി അന്നത്തെ ഗള്‍ഫായിരുന്ന ബോംബെയിലേക്ക് ഒരു 'വിസ'യും കാത്തിരുന്ന യൌവനാരംഭത്തിലെന്നോ.,വഴിയില്‍ ടയറുരുട്ടുന്ന ചെറുക്കന്‍ മുതല്‍ വീട്ടു മുറ്റത്തെ കാവതിക്കാക്ക വരെ ചോദിക്കുന്ന,'ജോല്യോന്നുവായില്ലേ...' എന്ന ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കവലയിലെ വാസൂട്ടിയുടെ തയ്യല്‍ കടയുടെ മുന്നിലെ വായില്‍ നോട്ടത്തിനിടയ്ക്കു കണ്ടതാണ് ഓര്‍മയില്‍ ഉള്ളത്.

 കവല എന്ന് പറയാന്‍ മാത്രം ഒന്നുമില്ലാത്ത, ഏതൊരു കുഗ്രാമത്തിലുമുള്ള മൂന്നുമുറി പീടിക. ഒന്നാമത്തെ മുറിയില്‍ സൈതാലിക്കയുടെ ചായക്കട. ഒരു കാലിന്റെ നീളക്കുറവ് കാരണം ഞൊണ്ടുന്ന, അതറിയാതിരിക്കാന്‍ മുണ്ടിന്റെ തുമ്പു നീട്ടിയിട്ട്‌ കൂടുതല്‍ മുടന്തുന്ന സൈതാലിക്കയുടെ ചില്ലലമാരിയില്‍ പുട്ട് മാത്രമേ കാണുകയുള്ളൂ. എങ്കിലും തളിര്‍ വാഴയില നിരത്തിയിട്ടു അതിലേക്കു ആവി പറക്കുന്ന നാടന്‍ കുത്തരിപ്പുട്ടു നിരത്തുമ്പോള്‍ വെന്ത തേങ്ങയുടെയും വാടുന്ന വാഴയിലയുടെയും സമ്മിശ്ര ഗന്ധം മൂക്കിലേക്കിടിച്ചുകയറും. വീട്ടിലെ നിയന്ത്രിത സാഹചര്യങ്ങളും കയ്യിലെ നയാപൈസയില്ലായ്മയും  ചായക്കടയില്‍ കയറാനുള്ള അവസരം കിട്ടാക്കനിയാക്കും.സൈതാലിക്കയുടെ അടുത്ത മുറിയിലാണ് ശേഖരന്‍ നായരുടെ ബീഡി മുറുക്കാന്‍ കട. എപ്പോഴും അതൃപ്ത മുഖ ഭാവത്തോടെയിരിക്കുന്ന ശേഖരന്‍ നായരുടെ കടയ്ക്കുമിപ്പുറമാണ് വാസൂട്ടിയുടെ ഇടുങ്ങിയ ചായ്പു പോലുള്ള തയ്യല്‍ക്കട.വാസൂട്ടി വരത്തനാണ്. വടക്കെവിടെയോ നിന്ന് വിവാഹം കഴിച്ചു കൊണ്ടുവരപ്പെട്ട സഹോദരിയോടൊപ്പം വന്നവന്‍. വാസൂട്ടിയാണ്, കരപ്പുറം കാര്‍ക്ക് തികച്ചും അപരിചിതമായ ഭാഷയില്‍ 'കുമാരേട്ടാ..' എന്ന് ആദ്യം വിളിച്ചത്.വാസൂട്ടിയുടെ കൊച്ചു തയ്യല്‍ മുറിക്കു മുന്നിലെ ആടുന്ന ബന്ചായിരുന്നു എന്റെ താവളം. വാസൂട്ടിയുടെ കടയില്‍ വരുന്ന ചെറുപ്പക്കാരികളെ ഒളിഞ്ഞു നോക്കിയും ദിവസത്തില്‍ രണ്ടോ മൂന്നോ തവണ ഓടുന്ന ചേര്‍ത്തല-പൂച്ചാക്കല്‍-അരൂക്കുറ്റി ബസിനുള്ളിലേക്ക് പാളിനോക്കിയും ഞാനെന്റെ വിരസമായ പകലുകള്‍ ചെലവഴിച്ചു. വല്ലപ്പോഴും മാത്രം പ്രത്യക്ഷപ്പെടുന്ന സുന്ദരികളായ പെണ്‍കുട്ടികളെപ്പറ്റി വാസൂട്ടി പറയുന്ന പുളിച്ച തമാശകള്‍ക്ക് പുഞ്ചിരിക്കുകയും എന്റെ ജോലിയായിരുന്നു. അതിനു പ്രതിഫലമായി,വാസൂട്ടി കടയില്‍ വരുത്തിയിരുന്ന മനോരമയും ജനയുഗവും യഥേഷ്ടം വായിക്കാനും ചുവരിലെ  തട്ടിലിരുന്നു പാടുന്ന ട്രാന്സിസ്ടറില്‍ സ്റേഷന്‍ മാറ്റി മാറ്റി പാട്ട് കേള്‍ക്കാനും  എന്നെ അനുവദിച്ചു. വൈകുന്നേരങ്ങളില്‍, കൈകൊണ്ടു പിരിച്ച കയര്‍ ചേര്‍ത്തല അങ്ങാടിയില്‍ കൊടുത്ത് സാധനങ്ങള്‍ വാങ്ങിക്കാന്‍ പോകുന്ന സ്ത്രീകള്‍ യാദൃഛികമെന്നോണം കടയില്‍ കയറിവന്ന്,'സുരേഷേ..ആ ചാക്കോച്ചന്‍ ദീനാമ്മേ കെട്ടിയായിരുന്നോ...' എന്ന് ചോദിച്ചു എന്നെ ബഹുമാനിച്ചു. കഴിഞ്ഞ ലക്കത്തില്‍ ,വില്ലേജ് ഓഫീസിലെ പ്യൂണായ ജെയിംസിനോടുള്ള പ്രണയം തുറന്നു പറയാന്‍ കഴിയാതെ കഥാനായികയായ ദീനാമ്മ അപ്പച്ചന്‍ തീരുമാനിച്ച വിവാഹത്തിനു സമ്മതിച്ച ദയനീയാവസ്ഥയായിരുന്നു, ഒരാഴ്ചത്തെ മനസുപിടച്ചിലിനു ശേഷം ഓടിവന്ന ആ ദീനാനുകംബക്കാരിയെക്കൊണ്ട്  ആ ചോദ്യം ചോദിപ്പിച്ചത്. കൌമാരം കടന്നിട്ടില്ലാത്ത മകള്‍ അവരുടെ പുറകില്‍ നിന്ന് എന്റെ നേര്‍ക്ക്‌ കടക്കണ്ണെറിഞ്ഞു ചിരിച്ചപ്പോള്‍ കാനം ഇ.ജെ യുടെ കരളുരുകും കഥ എന്റേതായ പൊടിപ്പും തൊങ്ങലും ചേര്‍ത്തവതരിപ്പിച്ചു ഞാന്‍ ചരിതാര്‍ത്ഥനായി. പക്ഷെ പിറ്റേ ആഴ്ച മുതല്‍ വാസൂട്ടി മനോരമ ആഴ്ചപ്പതിപ്പ് നിര്‍ത്തുകയും 'അങ്ങനെ എന്റെ കാശുകൊടുത്തു നീ പെണ്ണുങ്ങളുടെ മുമ്പില്‍ ആളാകണ്ട..' എന്ന് കുത്തുവാക്ക് പറയുകയും ചെയ്തു. മനസുകൊണ്ട് വസൂട്ടിയോടു നീരസപ്പെട്ടുകൊണ്ടാണെങ്കിലും പുറം ബഞ്ചിലെ ജീവിതം തുടരാന്‍ ഞാന്‍ നിര്‍ബന്ധിതനായി.

 ആ ദിവസങ്ങളിലൊന്നി ലാണ് കുമാരേട്ടന്‍ കടന്നു വന്നത്.പിത്തവും നീരും ബാധിച്ച മഞ്ഞമുഖത്തെ ഇടുങ്ങിയ കണ്ണുകള്‍ ചിമ്മി അയാള്‍ എല്ലാവരെയും നോക്കി പരിചയ ഭാവത്തില്‍ ചിരിച്ചു. നരച്ച കുറ്റിമുടിയുള്ള  തലയില്‍ വിരലോടിച്ചു. അവിചാരിതമായി പ്രത്യക്ഷപ്പെട്ട അന്യഗ്രഹ ജീവിയെയെന്നപോലെ ഞാനും വാസൂട്ടിയും ആ കുറിയ രൂപത്തെ നോക്കിയിരുന്നു.പൊടുന്നനെ മുട്ടോളമെത്തുന്ന  മുണ്ടിന്റെ മടിയില്‍ ഭദ്രമായി വച്ചിരുന്ന കടലാസ് പൊതി തുറന്ന അമ്പതു രൂപയുടെ പുതിയൊരു നോട്ടെടുത്ത് ശേഖരന്‍ നായരുടെ മിട്ടായി പാട്ടയുടെ മുകളില്‍ വച്ച് അയാള്‍ സ്ത്രൈണത കലര്‍ന്ന സ്വരത്തില്‍ പ്രഖ്യാപിച്ചു.
  'രണ്ടു വില്‍സും  ബാക്കീം...'
എന്റെ സങ്കല്‍പ്പങ്ങള്‍ക്കും അപ്പുറത്തായിരുന്നു,അത്. ജീവിതത്തില്‍ ആന്നേ വരെ പത്തു രൂപയുടെ ഒരു നോട്ടു സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത,ബര്‍ക്കിലിയും സിസ്സേഴ്സും,അതും വല്ലപ്പോഴും മാത്രം, വലിച്ചു ശീലിച്ച  എനിക്ക് മുന്‍പില്‍ വൃത്തിഹീനനായ ആ മനുഷ്യന്റെ അമ്പതു രൂപയും രണ്ടു വില്‍സും ഒരു മഹാ സമസ്യയായി നില കൊണ്ടു.
സിഗരറ്റു വാങ്ങി,ബാക്കി പൈസ കൃത്യമായി കടലാസ് പൊതിയിലാക്കി മടിയില്‍ പൂട്ടി വച്ച്,ഞങ്ങള്‍ക്ക് വീണ്ടും ഒരു മഞ്ഞച്ചിരി സമ്മാനിച്ചു അയാള്‍ പോകാന്‍ തിരിഞ്ഞപ്പോള്‍ വാസൂട്ടി,അയാള്‍ക്ക്‌ മാത്രം സ്വായത്തമായ പ്രായോഗിക ബുദ്ധിയോടെ പുറത്തു ചാടി വന്ന് വയസ്സനെ 'ഇരിക്കൂ,ഇരിക്കൂട്ടോ...'എന്ന വായ്ത്താരിയോടെ എന്റെ അരികില്‍, ഇളകുന്ന ബഞ്ചില്‍ പ്രതിഷ്ഠിച്ച്,എന്റെ ചെവിയില്‍ മന്ത്രിച്ചു,'ഡാ സുരേഷേ,കെളവന്റെ കയ്യില്‍ പൂത്ത പൈസ കാണൂഡാ...യ്യിത്തിരി അട്ജസ്റ്റ് ചെയ്യ്,തല്‍ക്കാലം..'

 അങ്ങിനെ യാണ് ആ മനുഷ്യന്‍ ഞങ്ങളോടൊപ്പം കൂടിയത്. ക്രമേണ അയാളുടെ കഥകള്‍ വെളിപ്പെട്ടു. നന്നേ ചെറുപ്പത്തില്‍ നാട് വിട്ടു പോയി ഏതോ സായ്പിന്റെ ഓഡര്‍ലിയായിട്ടു കൂടിയതാണയാള്‍. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടു തിരികെപ്പോകെ സായ്പ്പിന്റെ ഔദാര്യത്തില്‍ അയാള്‍ പട്ടാളക്കാരനായി രേഖകളില്‍ വാഴിക്കപ്പെടുകയും മാസം തോറമുള്ള പെന്ഷന് അര്‍ഹനാവുകയും ചെയ്തു. ജീവിതകാലത്തെ സമ്പാദ്യം കൊണ്ട് കൂടപ്പിറപ്പുകളെയൊക്കെ രക്ഷപ്പെടുത്തി ഇപ്പോള്‍ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട് നാട്ടിലെ ഓഹരി കിട്ടിയ പഴയ വീട്ടില്‍  ജീവിക്കുന്നു. രോഗിയും ഏകാകിയുമായി.

എന്റെ അനിഷ്ടവും വാസൂട്ടിയുടെ സൌഹൃദവും അയാള്‍ ഒരേ മട്ടില്‍ സ്വീകരിച്ചു. വില്‍സ് വാങ്ങി വലിക്കാതെ മടിയില്‍ വച്ചിട്ട് ഞങ്ങള്‍ക്ക് സിസ്സേര്‍സ് വാങ്ങിത്തന്നു. എല്ലാ ദിവസവും സൈതാലിക്കയുടെ കടയില്‍ നിന്ന് പുട്ടും ചായയും വാങ്ങി സത്കരിച്ചു ഞങ്ങളോട് സ്നേഹം പ്രകടിപ്പിച്ചു. മിട്ടായി വാങ്ങാന്‍ വരുന്ന കുട്ടികളെയും ബ്ലൌസും പാവാടയും തയ്പ്പിക്കാന്‍ വരുന്ന സ്ത്രീകളെയും നോക്കി മഞ്ഞപ്പല്ല് കാട്ടി ചിരിച്ചു.

അങ്ങിനെയിരിക്കെ ഒരു ദിവസം വാസൂട്ടി ചോദിച്ചു.

  കുമാരേട്ടാ.. മ്മക്കൊരു കല്യാണോക്കെ കഴിക്കണ്ടേ...?

അയാള്‍ ഞെട്ടി. മുഖമുയര്‍ത്തി വാസൂട്ടിയെ നോക്കി. പിന്നെ മഞ്ഞമുഖത്തു ചിരി പടര്‍ത്തി ചോദിച്ചു.
'അയിന്റെ കാലവോക്കെ കഴിഞ്ഞില്ലേ..?ഇനിയിപ്പോ ഏതു പെണ്ണാ വരിക...!'
'കുമാരേട്ടാ.. ഇങ്ങളെപ്പോലൊരു കുബേരന് പെണ്ണ് കിട്ടാന്‍ പ്രയാസാന്നു പറഞ്ഞാപ്പിന്നെ ഞങ്ങളോക്കെന്തിനാവടെ ജീവിക്കണേ. നിങ്ങള് സമ്മതിച്ചാ മതി. ബാക്കീക്കെ ഞങ്ങള് നോക്കാ...'
വാസൂട്ടിയുടെ പലകഭിത്തിയില്‍ ആണിയടിച്ചു തൂക്കിയ അസംഖ്യം സിനിമാ നടികളുടെ കലണ്ടറുകളില്‍ നോക്കി കുമാരേട്ടന്‍ അനങ്ങാതിരുന്നു.
'അല്ല, ഇങ്ങക്കിതിലാരേലും മത്യോ..? ഒരു വാക്ക് പറഞ്ഞാ മതി. പിന്നെങ്ങള് കല്യാണത്തിന് ഒരുങ്ങി എറങ്ങണതെപ്പഴാന്നു നോക്യാമതി.'
'അയിനിപ്പോ...' കുമാരേട്ടന്‍ സംശയിച്ചു. 'ഇവരൊക്കെ സാദാരണക്കാരെ കല്യാണം കഴിക്കുവോ..?'
'അയിനു നിങ്ങളൊരു സാദാരണക്കാരനാണോ കുമാരേട്ടാ.. ഇങ്ങളൊരു പണക്കാരനാനെന്ന കാര്യം മറക്കണ്ട..'
കലണ്ടറില്‍,വര്‍ണപ്പകിട്ടാര്‍ന്ന സാരിയില്‍ വിടര്‍ന്നു വിലസിയ ഷീലയെ നോക്കി വാസൂട്ടി ചോദിച്ചു.
ഇദു  മതിയോ..? ഇതാവുമ്പോ നിങ്ങക്ക് പറ്റിയ പ്രായൂം ബന്ഗീം.ന്താ.., ഒന്നാലോയിക്കട്ടെ...?
കുമാരേട്ടനൊന്നും മിണ്ടിയില്ല. ചിരിയടക്കാനാവാഞ്ഞതിനാല്‍ ഞാന്‍ കുനിഞ്ഞിരുന്നു.
ആദ്യം ഒരു കത്തയയ്കാ. എന്താ...? അയിനു സിനിമാ മാസികെന്റെ ആപ്പീസീന്നു അഡ്റസു വേടിക്കാ. കത്തില് ഇങ്ങടെ വിവരൊക്കെ എഴുതി, വാരികേല് ഇന്റര്‍വ്യൂ നടത്തണോരടെ ശിപാര്‍ശീല് മദ്രാസിലിക്ക് വിടാം. മറുപടി കിട്ട്യലൊടനെതന്നെ മ്മക്ക് കാര്യത്തിനൊരു നീക്കുപോക്കുണ്ടാക്കണം,ന്തേ...?

പക്ഷേല് ഇപ്പോത്തിരി കാശെറക്കണം കുമാരേട്ടാ.. അതിനിങ്ങള് തയ്യാറായാ വാക്കി കാര്യോക്കെ ഞാന്നടത്തും.

ആലോചനയ്ക്ക് ശേഷം കുമാരേട്ടന്‍ കടലാസ് പൊതി തുറന്നു വളരെ ശ്രദ്ധിച്ചു ഒരു പത്തു രൂപാനോട്ടെടുത്തു വാസൂട്ടിയുടെ കയ്യില്‍ കൊടുത്തു. പിന്നെ പതിവ് പോലെ എല്ലാവരെയും നോക്കി വിഡ്ഢിച്ചിരി ചിരിച്ചു.

   പിറ്റേന്ന് വാസൂട്ടി വീനസ് ടൈലറിംഗ് ഷാപ്പ്‌ തുറന്നില്ല. .പകരം ഞാനും വാസൂട്ടിയും ടൌണിലെ ന്യൂ ലുക്ക്‌ ഹോട്ടലില്‍ നിന്ന് ഉച്ചയ്ക്ക് ബീഫുലര്‍ത്തിയതും ചോറും കഴിച്ചു. നാലുമണിക്ക് പൊറോട്ടയും മട്ടന്‍ ചാപ്സും കഴിച്ചു. വില്‍സ് വാങ്ങി പുക വളയങ്ങള്‍ സൃഷ്ടിച്ചു രസിച്ചു. ഊണിന്റെയും പൊറോട്ടയുടെയും ഇടവേളകളില്‍ ഭവാനി ടാക്കീസിലും പാരഡേയ്സിലും പോയി മാറ്റിനിയും ഫസ്റ്റ് ഷോയും കണ്ടു. രാത്രി, നിലാവ് വീണ വഴിയിലൂടെ തിരിച്ചു നടക്കവേ 'കെഴവന്റെ ഒരു കെട്ടുപൂതി..' എന്ന് ചിരിച്ചു രസിച്ചു.

രണ്ടു മൂന്നു ദിവസത്തെ പ്രതീക്ഷാ നിര്‍ഭരമായ കാത്തിരിപ്പിന് ശേഷം കുമാരേട്ടന്‍ വാസൂട്ടിയോടു ചോദിക്കുക തന്നെ ചെയ്തു. കത്തയച്ചു,മറുപടി വന്നില്ല എന്ന സ്ഥിരം പല്ലവിക്ക് ശേഷം ഒരു ദിവസം,'ന്നാ ന്റെ മടീന്നെടുത്തു തരാം ങ്ങക്ക് സിനിമാനട്യോളെ..' എന്ന് വാസൂട്ടി കലമ്പിയതോടെ ആ അദ്ധ്യായം അവസാനിച്ചു. കുമാരേട്ടനാവട്ടെ പരാതിയൊന്നും കൂടാതെ നീര്മുറ്റിയ കണ്ണുകള്‍ ചിമ്മി, മഞ്ഞപ്പല്ലുകള്‍ ഇളിച്ചു കാണിച്ചു ലോകത്തോട്‌ മുഴുവന്‍ സൌഹാര്‍ദം പ്രകടിപ്പിച്ചു ബഞ്ചില്‍ ഇരിപ്പുതുടര്‍ന്നു

 തയ്യല്‍ക്കടയുടെ മുന്നിലെ സ്റ്റോപ്പില്‍ കൊളേജിലെക്കുള്ള ബസ് കാത്തു നില്‍ക്കുന്ന സൌദാമിനിയെ നോക്കി ഒരു ദിവസം വാസൂട്ടി മൊഴിഞ്ഞു, 'ന്നാലും ന്റെ കുമാരേട്ടാ..നിങ്ങളെ സമ്മതിക്കണം. ഞങ്ങള് രണ്ടു ചെറുപ്പക്കാരിവിടിങ്ങനെ ഇരുന്നിട്ടും സൌദാമിനീടെ നോട്ടം നിങ്ങള്‍ടെ നേര്‍ക്കാണല്ലോ...

 ആ തീക്കൊള്ളിയില്‍ കയറിപ്പിടിക്കാന്‍ എനിക്കശേഷം താല്‍പര്യമുണ്ടായിരുന്നില്ല ഒന്നാമത് നാട്ടിലെല്ലാവരും ബഹുമാനിക്കുന്ന ഗംഗാധരന്‍ സാറിന്റെ മകള്‍. പോരാഞ്ഞു പട്ടാളക്കാരനായ സുകുമാരന്റെ അരുമസഹോദരിയും.ഇടയ്ക്ക് ഞങ്ങള്‍ക്ക് പരമ പുച്ഛം നിറഞ്ഞ നോട്ടങ്ങള്‍ സമ്മാനിക്കുമെന്നല്ലാതെ ഇതേവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലാത്ത ആ സുന്ദരിയെക്കുറിച്ചു വാസൂട്ടി ഇനി എന്തെല്ലാം പറഞ്ഞുണ്ടാക്കും എന്നൊരു ഭയം എന്റെ ഉള്ളിലുണ്ടായി. വാസൂട്ടി ദിവസവും ഓരോ കഥകള്‍ സൃഷ്ട്ടിച്ചു സൌദാമിനിക്ക് കുമാരേട്ടനോടുള്ള പ്രണയത്തെ ഉറപ്പിച്ചുകൊണ്ടിരുന്നു. കുമാരേട്ടന്‍ അതൊക്കെ വിഡ്ഢിച്ചിരിയോടെ സ്വീകരിച്ചു.

 അങ്ങനെ ഒരു ദിവസം പൊടുന്നനെ സുകുമാരന്‍ കവലയില്‍ ബസ്സിറങ്ങി. അയാള്‍ പോയിട്ട് അധികനാളായിരുന്നില്ല. അതിനു ശേഷം സൌദാമിനി കോളേജിലും പോയില്ല. രണ്ടു ദിവസത്തിന് ശേഷം ഒരു അംസിഡര്‍ കാര്‍ നിറയെ ആളുകള്‍ ഗംഗാധരന്‍ സാറിന്റെ പടിക്കല്‍ വന്നിറങ്ങിയതോടെ സൌദാമിനി വിവാഹിതയാവുകയാനെന്നുറപ്പായി.
            'ഇതിങ്ങനെ വിട്ടൂടാ കുമാരേട്ടാ. ചോയിക്കണം. ചോയിക്കാതെ പറ്റൂല. നിങ്ങളെ വിഡ്യാക്കി ഓള് കല്യാണം കഴിച്ചു പോവാന്‍ സമ്മതിക്കാമ്പറ്റില്ല. ഒന്നില്ലേലും നിങ്ങള് ചങ്കില്‍ പൂടേള്ള ഒരാണ്‍കുട്ട്യല്ലേ..' വാസൂട്ടി ചോദിച്ചു.

 'അത് വേണ്ട വാസൂട്ടി.   ശരിയാവൂല്ല. ഇതിനു ഞാന്‍ കൂട്ടുമില്ല. സുകുമാരന്‍ നമ്മളെ ശരിപ്പെടുത്തും. ഞാന്‍ പ്രതിഷേധിച്ചു. വയസ്സന്‍ രണ്ടുപേരെയും ദയനീയമായി നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

 വാസൂട്ടി പിന്മാറാന്‍ തയാറില്ലായിരുന്നു. അവന്റെ നിര്‍ബന്ധത്തിനു രണ്ടുപേരും വഴങ്ങേണ്ടി വന്നു. ഒടുവില്‍,പിറ്റേന്ന് രാവിലെ മൂന്നുപേരുമടങ്ങുന്ന സംഘം ഗംഗാധരന്‍ സാറിന്റെ വീട്ടിലേക്കു യാത്രയായി.

വഴിയിലേക്ക് പടര്‍ന്നിറങ്ങിയ കനകാംബരത്തിനു മറഞ്ഞ് ഗംഗാധരന്‍ സാറിനും സുകുമാരനും പ്രത്യക്ഷീഭവിക്കാതിരിക്കാന്‍ ശ്രദ്ധിച്ചു  ഞാന്‍ നിന്നു. കുമാരേട്ടന്‍'ഒരു ചാവേറിന് മാത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിയുന്ന ആത്മധൈര്യത്തോടെ ചവിട്ടു കല്ലുകള്‍ കയറിച്ചെന്നു മുറ്റത്തു നിന്നിരുന്ന സാറിനോട് ചോദിച്ചു.
' ന്താ ഗങ്ങാരന്‍ സാറേ.. ആ കുട്ടീടെ സമ്മതം ചോയിച്ചിട്ടാണോ നിങ്ങള് കല്യാണം തീരുമാനിച്ചത്..?'
സാര്‍ ഒരു നിമിഷം അമ്പരന്നു. വീട്ടിനകത്തു നിന്ന് സുകുമാരന്‍ പുറത്തേക്ക് വന്നു.
'പെണ്‍കുട്ടികളായാ ആരെങ്കിലുമായി ഇഷ്ട്ടായീന്നൊക്കെ വരും. അതിനു എടുപിടീന്ന് കെട്ടിച്ചു വിടുവാണോ വേണ്ടേ..?
ന്താ ..എന്താ കുമാരന്‍ നായരെ നിങ്ങളീ പറയുന്നേ.. എന്ന സാറിന്റെ പരിഭ്റമത്തിനും വീട്ടില്‍ കേറിവന്ന് അനാവശ്യം പറയുന്നോ എന്ന സുകുമാരന്റെ ആക്രോശത്തിനും മേലെയായി വീട്ടിനുള്ളില്‍ നിന്ന് സൌദാമിനിയുടെ പൊട്ടിക്കരച്ചിലുയര്‍ന്നു.
കുമാരേട്ടന്‍ വീണ്ടും എന്തോ പറഞ്ഞു. സുകുമാരന്‍ കാലുയര്‍ത്തി അയാളുടെ നെഞ്ചില്‍ ചവിട്ടി. കുമാരേട്ടന്‍ പടവുകളിറങ്ങാതെ തന്നെ താഴെയ്ക്കെത്തുന്ന ദൃശ്യം കണ്ട ഉടനെ ഞാന്‍ ജീവനും കൊണ്ട് പാഞ്ഞു.
*           *                       *               *                 *                     *                     *         *

   'സുരേഷെന്തിയെ ചേച്ചീ..' എന്ന സുകുമാരന്റെ ചോദ്യം കേട്ടാണ് രാവിലെ ഞാനുണര്‍ന്നത്. അവന്‍ രണ്ടൂസായി പനി പിടിച്ചു കെടപ്പാ സുകുമാരാ എന്നും,ഡാ സുരേഷേ, നിന്നെ സുകുമാരന്‍ വിളിക്കുന്നു എന്നും രണ്ടുപേരോടുമായി അമ്മ വിളിച്ചു പറഞ്ഞു, പൊടുന്നനെ എനിക്ക് കഠിനമായി പനിച്ചു.

അകത്തു കടന്നു വന്ന് അയാള്‍ സ്വരം താഴ്ത്തി പറഞ്ഞു,'സുരേഷേ.. നീ എന്റൊപ്പം ഒരിടം വരെ വരണം...
കുഴപ്പമൊന്നുമില്ല എന്ന് മനസ്സിലായതോടെ എന്തും ചെയ്യാന്‍ സന്നദ്ധനായി ഞാന്‍ എഴുനേറ്റു.

' ഒന്നും പറയണ്ടെന്റെ സുരേഷേ.. ആ കുമാരന്നായര് വീട്ടില്‍ വന്ന് എന്തൊക്കെയോ അനാവശ്യം പറഞ്ഞു. അപ്പഴത്തെ ദേഷ്യത്തിന് ഞാനൊരു ചവിട്ടു കൊടുത്തു. ഇപ്പൊ അയാള് കെടപ്പാന്നു കേട്ടു.അച്ചനാണേല് എന്നെ കുറ്റപ്പെടുത്തുകാ.  നമ്മക്ക് അവടെവരെ ഒന്ന് പോകാം. നീ എഴുനേല്‍ക്ക്..'

 ഒരു വശം തകര്‍ന്നു വീണ ഒറ്റത്തായി വീടിന്റെയുള്ളില്‍ ഒരു കയറു കട്ടിലില്‍ നീരുകൊണ്ട് വീര്‍ത്ത് ഒരു മഞ്ഞക്കുന്നുപോലെ കിടക്കുകയാണ് കുമാരേട്ടന്‍.മൂത്രത്തിന്റെ രൂക്ഷഗന്ധം. ഒരു ഗ്ലാസ് തട്ടിമറിഞ്ഞു താഴെ കിടപ്പുണ്ട്. പൊളിഞ്ഞ മേശപ്പുറത്തു ദിവസങ്ങള്‍ പഴകിയ പാട കെട്ടിയ കഞ്ഞി.
കുമാരേട്ടന്‍ നന്നേ പ്രയാസപ്പെട്ടു ചിരിച്ചു.
'എന്നാലുമെന്റെ കുമാരന്നായരെ.. നിങ്ങളെന്നെക്കൊണ്ടിത് ചെയ്യിച്ചല്ലോ..'' സുകുമാരന്‍ വിങ്ങലോടെ മുഖം തിരിച്ചു.
' ഓ..അയിനിപ്പം എന്താ സുംമാരാ.. എതോരാങ്ങളയാ പെങ്ങളെപ്പറ്റി ഇല്ലാക്കഥ കേട്ടു മിണ്ടാതെ നിക്കണേ..'
കുമാരേട്ടന്‍ എഴുനേല്‍ക്കാന്‍ വിഫലമായി ശ്രമിച്ചു.'എനിക്ക് വല്ലാതെ വെഷമോണ്ട്,അങ്ങനെ പറഞ്ഞതില്..' കുമാരേട്ടന്റെ വാക്കുകള്‍ വിറച്ചു.'കലണ്ടറിലെ സിനിമാനടികള് സാദാരണക്കാരെ കല്യാണം കഴിക്കില്ലാന്ന് എനിക്കറിയാം. അയിനു വേണ്ടി മേടിച്ച പൈസ ഇവര് ഹോട്ടലീക്കേറീം സിനിമ കണ്ടും ചെലവാക്കീന്നും എനിക്കറിയാം.പക്ഷെ അതിനു കൂട്ട് നിന്നത് കൊണ്ടാ അവരെന്നെ കൂട്ടത്തീ കൂട്ടിയെ. അതുകൊണ്ടാ അവരെന്നോട് വര്‍ത്താനോം തമാശേം പറഞ്ഞത്..'

പൊടുന്നനെ മുളകീറും പോലെ അയാള്‍ പൊട്ടിപ്പിളര്‍ന്ന് കരഞ്ഞു.
;ഞാനുവൊരു മനുഷനല്ലേ സുംമാരാ.. എനിക്കും ഈ ലോകത്തില് ആരേലും വേണ്ടേ...'

    അന്ന് രാത്രി കുമാരേട്ടന്‍ മരിച്ചു.

           അതിനു ശേഷം കാലമെത്ര കഴിഞ്ഞു. വാസൂട്ടി പിന്നെ കടതുറക്കാതെ നാട്ടിലേക്ക് തിരിച്ചു പോയി. ഞാനും കവലയിലേക്കുള്ള പോക്ക് അവസാനിപ്പിച്ചു. സുകുമാരന്‍ സൌദാമിനിയുടെ വിവാഹം നടത്തിയിട്ട് തിരിച്ചു പോയി. ആരുടെയൊക്കെയോ കൈയും കാലും പിടിച്ചു ഞാന്‍ ബോംബെയ്ക്കും അവിടെ നിന്ന് ഗള്‍ഫിലേക്കും കടന്നു. ഇഷ്ടം പോലെ സമ്പാദിച്ചു. വിവാഹിതനായി,മക്കളെയൊക്കെ നല്ല നിലയിലാക്കി. ഇപ്പോള്‍ നാട്ടില്‍ വിശ്രമജീവിതം നയിക്കുന്നു.
       
         പക്ഷെ, കുമാരേട്ടനിന്നും എന്റെ നെഞ്ചിനുള്ളിലിരുന്നു മുള കീറുംപോലെ കരയുക തന്നെയാണ്..29 comments:

 1. ഒരു കവലയില്‍ വിശദമായി സഞ്ചരിച്ചു. അവിടത്തെ സാധാരണമായ എല്ലാ കാഴ്ചകളും കണ്ടു. ഈ സിഗരറ്റുകളുടെയൊക്കെ പേരുകള്‍ എങ്ങിനെ കൃത്യമായി പഠിച്ചു? കച്ചോടക്കാര്‍ക്കുപോലും ഇത്രയും പേരുകള്‍ അറിയില്ലല്ലോ.ഹ..ഹ..ഹ..
  വാര്‍ദ്ധ്യക്യത്തില്‍ ഒറ്റക്കാവുന്ന കുമാരേട്ടനെപ്പോലുള്ളവര്‍ അവസാനം ഒരു കൂട്ടിനും കൂട്ടത്തില്‍ ചേര്‍ക്കാനും ഇത്തരം അറിഞ്ഞുകൊണ്ടുള്ള കളികളില്‍ അറിയാത്തത് പോലെ നടന്ന് സന്തോഷം കണ്ടെത്താന്‍ കൊതിക്കും.

  ReplyDelete
  Replies
  1. എണ്ണപ്പെട്ട കഥാ കൃത്തുകളൂടെ ശ്രേണിയിലേക്കു ഇതാ നൊരു നവാഗഥ..അഭിനന്ദനം. അസ്സലായിരിക്കുന്നു. അവധാനപൂർവ്വം മനസ്സിൽ കുറിച്ചെടുത്ത നാൽക്കവലയെ എത്ര ഭംഗിയായി ഈ ക്യാൻവാസ്സിൽ വരച്ചു ചേർത്തിരിക്കുന്നു. നന്ദി.. ആശംസകൾ...

   Delete
 2. എന്റെ പതിവ് രീതി വിട്ട് ഒരു പരീക്ഷണം നടത്തിയതാണ്. എത്രത്തോളം വിജയിച്ചു എന്നതില്‍ സംശയം.

  ReplyDelete
 3. കുമാരേട്ടനെ പോലുള്ളവര്‍ പലപ്പോഴും അറിഞ്ഞുകൊണ്ട്തന്നെ വിഡ്ഡിവേഷം എടുത്തണിയുന്നു, അനിവാര്യമായൊരു ജീവിതവേഷം.

  ചേച്ചിയുടെ പതിവെഴുത്തില്‍ നിന്നും വേറിട്ടൊരു ശൈലി സേതുലക്ഷ്മിയുടെ കഥകള്‍ വായിക്കുവാന്‍ പ്രതീക്ഷയോടെ വരുന്നവരെ നിരാശരാക്കിയേക്കാം. പക്ഷേ ഇടയ്ക്കൊരു മാറി നടത്തം , അതെനിക്കിഷ്ടമായി. കൂടുതല്‍ പരീക്ഷണങ്ങളും അതിലൂടെ കൂടുതല്‍ നല്ല കഥകളും പിറക്കട്ടെ..

  ReplyDelete
  Replies
  1. ഷേയ,വായനയിലും അഭിപ്രായത്തിലും സന്തോഷം.

   Delete
 4. വാര്‍ദ്ധ്യക്യത്തില്‍ ഒറ്റക്കാവുന്ന കുമാരേട്ടനെപ്പോലുള്ളവര്‍ അവസാനം ഒരു കൂട്ടിനും കൂട്ടത്തില്‍ ചേര്‍ക്കാനും ഇത്തരം അറിഞ്ഞുകൊണ്ടുള്ള കളികളില്‍ അറിയാത്തത് പോലെ നടന്ന് സന്തോഷം കണ്ടെത്താന്‍ കൊതിക്കും.

  ReplyDelete
  Replies
  1. ഷാഹിദ, ആദ്യമായാണിവിടെ അല്ലെ,,? സ്വാഗതം. അഭിപ്രായത്തിന് നന്ദി.

   Delete
 5. കൊള്ളാം. ഒരു നാടന്‍ കഥ. ചില വിഡ്ഢിവേഷങ്ങള്‍ ഇങ്ങനെ എല്ലാ ഗ്രാമങ്ങളിലും ഉണ്ടാകും. ഗ്രാമ കവലയും അവിടുത്തെ ആളുകളെയും എല്ലാം സൂക്ഷ്മമായി ചിത്രീകരിച്ചിരിക്കുന്നു.

  ReplyDelete
  Replies
  1. എവിടെയോ നമ്മളൊക്കെ കണ്ടു മറന്ന ജീവിതങ്ങള്‍,അല്ലെ...?

   Delete
 6. >>>ഒരു കാലിന്റെ നീളക്കുറവ് കാരണം ഞൊണ്ടുന്ന, അതറിയാതിരിക്കാന്‍ മുണ്ടിന്റെ തുമ്പു നീട്ടിയിട്ട്‌ കൂടുതല്‍ മുടന്തുന്ന സൈതാലിക്കയുടെ>>>>>

  ഇത്തരം വിവരണങ്ങള്‍ എനിക്കിഷ്ടപ്പെട്ടു!

  പരീക്ഷണം മോശമായി എന്നു പറയാനാകില്ല. പക്ഷേ, അനന്തരം' പോലെ ഉയര്ന്ന ബെഞ്ച് മാര്‍ക് ഉള്ളതുകൊണ്ടാണ് പ്രശ്നം!

  :)

  ReplyDelete
  Replies
  1. അതാണ്‌ ബിജു പ്രയാസം. എപ്പോഴും ഒരേ നിലവാരത്തില്‍ എഴുതാന്‍ കഴിയുന്നില്ല.

   Delete
 7. നല്ല കഥ ,ഒത്തിരിയേറെ ഇഷ്ടമായി.

  ReplyDelete
 8. പരീക്ഷണം മോശമായീ എന്ന് പറയാന്‍ ആകില്ല .പക്ഷെ മുന്‍പേ ചേച്ചിയുടെ കഥകള്‍ വായിച്ചിട്ടുള്ളവര്‍ക്ക് ഒരല്പം നിരാശ ഉണ്ടാകും .സൂക്ഷ്മമായ വിവരണങ്ങള്‍ പോലും മനോഹരമായി തന്നെ പറഞ്ഞിടുണ്ട് ഈ കഥയില്‍.പക്ഷെ ആകാംക്ഷ നിലനിര്‍ത്തികൊണ്ട് വായിച്ചു പോകാന്‍ കഴിയുന്നില്ല .ഇടയില്‍ എവിടെയോ കഥയുടെ രസച്ചരടു മുറിഞ്ഞു പോകുന്നത് പോലെ...ഒരു പക്ഷെ മനോഹരമായ രണ്ടു കഥകള്‍ മുന്‍പേ വായിച്ചത് കൊണ്ടാകാം ....അതിനേക്കാള്‍ മികച്ചത് മാത്രം ചേച്ചിയില്‍ നിന്നും പ്രതീക്ഷിക്കുന്നത്.അതുകൊണ്ട് മാത്രം ഈ കഥ എന്നെ നിരാശപ്പെടുത്തി .ക്ഷമിക്കുക

  ReplyDelete
 9. അനാമിക പറഞ്ഞതുപോലെ സേതുലക്ഷ്മി ബാലകൃഷ്ണൻ എന്ന എഴുത്തുകാരിയിൽ നിന്നു ഒരുപാട് പ്രതീക്ഷിക്കുന്നതുകൊണ്ടു നേരിയൊരു നിരാശ എനിക്കും തോന്നി.....

  പതിവു രീതികളെ മാറ്റി എഴുതാനുള്ള ശ്രമം അഭിനന്ദനീയമാണ്..... സൂക്ഷ്മനീരീക്ഷണപാടവമാണ് ഈ കഥയുടെ ഏറ്റവും അഭിനന്ദനീയമായ വശം എന്നു പറഞ്ഞുകൊള്ളട്ടെ.....

  ReplyDelete
 10. നല്ല വായന തന്നതിന് നന്ദി. ആശംസകള്‍ .....

  ReplyDelete
 11. എനിക്ക് ഈ കഥയും ഇഷ്ടമായി ,,എനിക്ക് പരിചിത്മായ കഥാപാത്രങ്ങള്‍ ഏറെയുണ്ട് എന്നതും ,കുമാരേട്ടന്റെ അവസ്ഥ മനസ്സിലാക്കുന്നു എന്നതും ആണ് എന്റെ കാരണങ്ങള്‍ ..അതുമല്ല കുമാരേട്ടനെ വായനക്കാരനിലേക്ക് അടുപ്പിക്കുവാന്‍ സേതുചെചിക്ക് കഴിഞ്ഞിരിക്കുന്നു ..

  ReplyDelete
 12. പരീക്ഷണം അത്ര മോശമായില്ല .എന്നാലും ഒരു ആവരെജു കഥപോലെ തോന്നി. എപ്പോഴും ഒരേ സ്റ്റൈലില്‍ എഴുതാതെ ഇടക്ക് ഇങ്ങനെയും പരീക്ഷണങ്ങള്‍ ആകാം എന്നാണു എന്റെ പക്ഷം.നല്ലതോ ചീത്തയോ എന്ന് വായനക്കാര്‍ വിലയിരുത്തട്ടെ .റേഞ്ച് ഉണ്ടാകുക എന്നത് ഒരു എഴുത്തിന് വേണ്ട അത്യാവശ്യ ഗുണമല്ലേ

  ReplyDelete
 13. വായിച്ചു.എഴുതുകയാണ് ധര്‍മ്മം.അത് തുടരുക അനുസ്യൂതം.....നല്ലതുവരും.

  ReplyDelete
 14. കുമാരസംഭവം ആണെന്ന് കരുതി ...കൊള്ളാം

  ReplyDelete
 15. കൊള്ളാലോ പരീക്ഷണം... അവസാനമായപ്പോ കുമാരൻ നായർ നമ്മുടെ നെഞ്ചിലും ഒരു നീറ്റലായി.

  ReplyDelete
 16. സേത്വേചി...........

  നല്ല നാടന്‍ കഥ .....
  മനോഹരമായി എഴുതി ...
  അവസാനം ഒരുപാട് വേദനയോടെ നിര്‍ത്തി ...

  ReplyDelete
 17. അറിഞ്ഞുകൊണ്ട് വിഡ്ഢിവേഷം കെട്ടുന്ന കുമാരേട്ടനെ പോലെയുള്ള ആളുകള്‍ ഇപ്പോളും
  കാണും ...നാടന്‍ പശ്ചാത്തലത്തില്‍ നല്ലൊരു കഥ ...
  പരീക്ഷണം കൊള്ളാം സേതുവേച്ചീ..

  ReplyDelete
 18. എന്റെ പ്രിയ കൂട്ടുകാര്‍ക്കെല്ലാവര്‍ക്കും കൂടി ഒരു നന്ദി,സന്തോഷം.
  (എന്നോട് ക്ഷമിക്കണേ. ഓരോരുത്തര്‍ക്കും പ്രത്യേകം മറുപടി എഴുതാന്‍ വന്നതാണ്. എനിക്ക് മടി.)

  ReplyDelete
 19. കുമാരേട്ടന്‍ മനസ്സിലൊരു നോമ്പരമായല്ലോ...
  ഭാവുകങ്ങള്‍ സേതു..

  ReplyDelete
 20. ഒരു വിഷമം തോന്നി,വായിച്ചപ്പോള്‍....
  എന്നാലും അതു പോരല്ലോ എന്ന ഒരു വിഷമവും കൂടി ഉണ്ടോ,എന്നൊരു സംശയം സേതു.

  ReplyDelete
 21. എനിക്ക് വളരെ ഇഷ്ടമായി ഈ കഥ
  വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഇത്തരം കഥകളാണെനിക്കേറെയിഷ്ടം

  ReplyDelete
 22. അനുഭവ കാഴ്ച്ചയിലൂടെ സൂപ്പറായ ഒരു കഥാവതരണം

  ReplyDelete