നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Saturday, 22 October 2011

അനായാസേന....


                 

        ഒരു ഉച്ചയുറക്കതിന്റെ നിറവില്‍ നിന്നാണ് കോളിംഗ് ബെല്‍ സാവിത്രിയെ വിളിച്ചുണര്‍ത്തിയത്. ഇതാരപ്പാ ഈ നേരത്ത് എന്നതിശയിച്ചു സാവിത്രി വാതില്‍ തുറന്നു. മകള്‍ സ്കൂളിലും ഭര്‍ത്താവ് ഓഫീസിലും പോയ ഈ സമയത്ത് ഒരതിഥി തികച്ചും അപ്രതീക്ഷിതം തന്നെയായിരുന്നു അവള്‍ക്ക്‌.

ബെല്ലടിച്ച ചെറുപ്പക്കാരന്‍ വളരെ മാന്യതയോടെ സ്റെറപ്പിനു താഴെ ഇറങ്ങി നില്‍ക്കുകയായിരുന്നു.അപരിചിതത്വം   നിറഞ്ഞ സാവിത്രിയുടെ  മുഖത്തേക്ക്‌ ഒരു നിറനിലാച്ചിരി വിടര്‍ത്തി   അയാള്‍ ആരംഭിച്ചു.

 ' ബുദ്ധിമുട്ടായില്ലല്ലോ,അല്ലേ  മാം...? ഞാന്‍ ഞങ്ങളുടെ കമ്പനിയുടെ പുതിയ ഉല്‍പ്പന്നം ഒന്ന് പരിചയപ്പെടുത്താന്‍ വന്നതാണ്.'

ഒന്നും വേണ്ട എന്ന് പറഞ്ഞ അവളുടെ  നേരെ അയാള്‍  ഒരു കള്ള നോട്ടമെറിഞ്ഞു.ഒന്നും വാങ്ങിക്കണമെന്നില്ല മാഡം. വെറുതെ ഒന്ന് കണ്ടു നോക്ക്. വെറുതെ കാണുന്നതിനു മാഡത്തിന് പൈസയൊന്നും ചിലവാകുകയില്ലല്ലോ.

അതെ. വെറുതെ ഒന്ന് കാണുന്നതില്‍ എന്താ തെറ്റ്...? സാവിത്രിക്കും തോന്നി. ഉറങ്ങിക്കളയുന്ന സമയം. ഇങ്ങിനെ ചെലവാക്കുന്നതു കൊണ്ടും കുഴപ്പമില്ല.

  അയാള്‍ ഓരോന്നായി പുറത്തെടുത്തു വയ്ക്കാന്‍ തുടങ്ങി.

ഓരോന്നിനുമൊപ്പം ആകര്‍ഷകമായ വിവരണങ്ങളും.ഇതൊക്കെ മാഡത്തിനു വേണമെന്ന് തോന്നുന്നില്ലേ എന്ന് ചോദിച്ച് അയാള്‍ ചിരിച്ചപ്പോള്‍ അത് സത്യമാണല്ലോ എന്ന ചിന്തയായിരുന്നു സാവിത്രിക്ക്‌.

ആറു ഗ്ലാസുകള്‍ വയ്ക്കാവുന്ന ട്രേയും ചൂടുനില്‍ക്കുന്ന ജഗ്ഗും നിറമുള്ള വെള്ളത്തില്‍ പളുങ്ക് ഗോട്ടികള്‍ ഇളകി നടക്കുന്ന ഫ്ളവര്‍ വേസും ഒക്കെ കൌതുക പൂര്‍വം നോക്കി നില്‍ക്കുകയായിരുന്നു സാവിത്രി. ഇതൊക്കെ വേണോ... അവള്‍ സ്വയം ചോദിച്ചു. ചേട്ടന്റെ ശംബളം  മാത്രമേയുള്ളൂ വരുമാനം. അധികച്ചെലവ് പാടില്ലെന്ന് എപ്പോഴും പറയാറുള്ളതുമാണ്. ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങി പണം കളയുന്നു എന്ന് തോന്നിയാലോ...?

നിരത്തി വച്ച സാധനങ്ങളിലൊന്നും സാവിത്രി വീഴുന്നില്ല എന്ന് കണ്ടപ്പോള്‍ അയാള്‍ പുതിയ ഒരു പാക്കറ്റു തുറന്നു. 'ഇത് നോക്ക് മാം.. ഇത് ഏറ്റവും പുതിയ പ്രോഡക്റ്റ്  ആണ്. ഇന്ന് മാത്രമേ ഞങ്ങളിത് മാര്‍ക്കറ്റിങ്ങിനായി എടുത്തിട്ടുള്ളൂ"

 പളുങ്ക് കണ്ണുകളുള്ള രണ്ടു പൂച്ചക്കുട്ടികളായിരുന്നു അത്. അയാള്‍ വളരെ വിദഗ്ധമായി അതിന്റെ മുകളിലെ പാളി വലിച്ചു നീക്കി. നോക്ക്. മേശപ്പുറത്തു വയ്ക്കാന്‍ പറ്റിയതാണ്. അച്ചാറുകളോ  പഞ്ചസാരയോ ഉപ്പോ എന്ത് വേണമെങ്കിലും ഇട്ടു വയ്ക്കാം. നിസ്സാര വിലയേ ഉള്ളു. വെറും അറുപതു രൂപ.

 അത് കുറച്ചു കൂടുതലാ.. പറഞ്ഞ വില കൊടുക്കാന്‍ ഞാനെന്താ പൊട്ടിയാണോ. എന്നെ പറ്റിക്കാമെന്നാണിവന്റെ ഉള്ളിലെന്കില്‍  അതിനു വേറെ ആളു നോക്കണം.
അയ്യോ.. ഒരിക്കലും കൂടുതലല്ല മാഡം... കടകളില്‍ ചെന്നാല്‍ ചോദിച്ച വിലയാണ്. ഇതാ നോക്കൂ. തൊണ്ണൂറു രൂപയാണ് യഥാര്‍ത്ഥ വില. ഞങ്ങള്‍ മാര്‍ക്കറ്റിങ്ങിനു വേണ്ടി കുറച്ചു കൊടുക്കുകയാണ്..

കവറില്‍ തൊണ്ണൂറു രൂപ എന്നെഴുതിയിരിക്കുന്നത് കണ്ടു സാവിത്രിക്ക്‌ ബോധ്യപ്പെട്ടു. പച്ചക്കറി വാങ്ങാന്‍  തന്ന പൈസയുണ്ട്. പച്ചക്കറി നാളെ വാങ്ങിയാലും മതിയാകും.

             ഊണ് മേശയുടെ പുറത്തിരുന്ന് ഇരട്ട പൂച്ചക്കുട്ടികള്‍ സാവിത്രിയുടെ നേരെ പളുങ്ക് കണ്ണുകളുരുട്ടി.സ്കൂളില്‍ നിന്ന് വന്നപ്പോള്‍ അമ്മുവിനും വളരെ ഇഷ്ടമായി പൂച്ചക്കുട്ടികളെ.അവള്‍ അവയെ കയ്യിലെടുത്തു സന്തോഷം കൊണ്ട് തുള്ളിച്ചാടി.

രാമചന്ദ്രന്‍ ഓഫീസില്‍ നിന്ന് വന്നപ്പോള്‍ അമ്മു ആദ്യം തന്നെ പൂച്ചക്കുട്ടികളെ കാണിച്ചു കൊടുത്തു.'നല്ല ഭംഗീണ്ട്,അല്ലെ അച്ഛാ.. അവള്‍ ചോദിച്ചു.

ഭംഗിയൊക്കെയുണ്ട്. അയാള്‍ സമ്മതിച്ചു. പക്ഷെ വില ജാസ്തിയായീന്നാ തോന്നണെ. കടേല് പോയി നോക്കിയാ അറിയാം.

ചന്ദ്രേട്ടന് ഒന്നുമറിയില്ല. കവറില് തൊണ്ണൂറു രൂപാന്നെഴുതിയിരുന്നത് ഞാന്‍ കണ്ടതാ.. സാവിത്രി ചിരിച്ചു.

നമ്മക്കിതില്‍ ഉപ്പും പഞ്ചാരേം ഒന്നുമിടന്ടാ അമ്മേ..അതിങ്ങനെത്തന്നെ ഇരുന്നോട്ടെ. അതാ ഭങ്ങി.. അമ്മു പറഞ്ഞു.

 പിറ്റേന്ന് സാവിത്രി ഉറക്കം തുടങ്ങുന്നതിനുമുന്‍പ് തന്നെ ബെല്ലടിച്ചു. വെളുത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടി. അവള്‍ എടുത്താല്‍ പൊങ്ങാത്ത ബാഗ്‌ തറയില്‍ വച്ച് 'വീണ്ടും ചില വീട്ടു കാര്യങ്ങളിലെ' സംയുക്തയെപ്പോലെ ചിരിച്ചു.

'ആന്‍റി ഹൌസ് വൈഫാണല്ലേ.. ഇപ്പോള്‍ ജോലിക്ക് ആളെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടുള്ള കാലമല്ലേ. തൂത്തും തുടച്ചും കഷ്ടപ്പെടുന്ന ആന്റിയെപ്പോലെയുള്ള വീട്ടമ്മ മാരെ ഉദ്ദേശിച്ചാണ് ഇത്തവണ ഞങ്ങളുടെ കമ്പനി ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഒന്ന് കണ്ടു നോക്കൂ... അപ്പോഴറിയാം ഞാന്‍ പറഞ്ഞത് സത്യമാണോന്ന്..!

  ഞാനൊന്നും വാങ്ങിക്കില്ല,കേട്ടോ കുട്ടീ..  സാവിത്രി പറഞ്ഞു.എനിക്കങ്ങിനെ ജോലിക്കൂടുതല്‍ ഒന്നൂല്ല.
അവള്‍ അത് കേട്ട ഭാവമേ കാണിക്കാതെ സാധനങ്ങള്‍ നിരത്തി. പല വിധത്തിലുള്ള ചൂലുകള്‍, ബ്രഷുകള്‍, സ്പോഞ്ചുകള്‍ എല്ലാം.

ഇതൊക്കെയുണ്ടെങ്കില്‍ ജോലി നല്ല എളുപ്പമായേനെ എന്ന് സാവിത്രിക്കും തോന്നി.

ദാ. ഇത് നോക്കൂ.. എങ്ങിനെ വളയ്ക്കുകയും തിരിക്കുകയും ചെയ്യാവുന്ന ബ്രഷുകളാണ്. ആന്റിക്കിനി ബാത്ത്റൂം കഴുകാനൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല...

ആവശ്യമുള്ളപ്പോള്‍ മാത്രം പുറത്തേക്ക് നീട്ടി ചിലന്തിവല അടിക്കാന്‍ പറ്റുന്ന ചൂലും ഫൈബറിന്റെ ബ്രഷും ഒക്കെ വാങ്ങി കഴിഞ്ഞപ്പോഴാണ് ഇത്രയൊന്നും വേണ്ടായിരുന്നു എന്ന് സാവിത്രിക്ക്‌ തോന്നിയത്. എങ്കിലിപ്പോ എന്താ.. അവള്‍ സമാധാനിച്ചു. ഇക്കണ്ട പണിയൊക്കെ ചെയ്യാന്‍ ഞാന്‍ ഒറ്റയ്ക്കല്ലേ ഉള്ളു. പണി എളുപ്പമാക്കാനുള്ള സാധനങ്ങള്‍ക്ക് വേണ്ടി പത്തു മുന്നൂറു രൂപ ചെലവാക്കീന്നു വച്ച് കുഴപ്പമൊന്നുമില്ല...

 വീട് തുടയ്ക്കാനും തൂക്കാനുമുള്ള സാധനങ്ങളായതു കൊണ്ട് ഇത്തവണ അമ്മു വലിയ ഉല്‍സാഹമൊ ന്നും  കാണിച്ചില്ല. അവള്‍ അതൊക്കെ ഒന്നോടിച്ചു നോക്കിയശേഷം പളുങ്കു പൂച്ചക്കുട്ടികളെയെടുത്ത് കിന്നാരം പറയാന്‍ തുടങ്ങി.

അമ്മുവിന് ഫീസ് കൊടുക്കാനുള്ള പണമെടുത്തു സാവിത്രി നടത്തിയ തിരിമറി രാമചന്ദ്രന് ഒട്ടും ഇഷ്ടമായില്ല. രാത്രി,അമ്മു ഉറങ്ങിയ ശേഷം ശബ്ദം കഴിയുന്നത്ര മൃദുവാക്കി അയാള്‍ പറഞ്ഞു.

നോക്ക് സാവിത്രി.. ഇങ്ങിനെ ചെലവാക്കാന്‍ തുടങ്ങിയാല്‍ ആകെ കുഴപ്പമാകും,കേട്ടോ. അമ്മൂന് ഫീസ് കൊടുക്കാനുള്ള പൈസ എടുത്തിട്ടാ നീയീ ആവശ്യമില്ലാത്ത സാധനങ്ങളൊക്കെ വാങ്ങീത്...

 ആവശ്യമില്ലാത്ത സാധനങ്ങളാണോ... സാവിത്രി ചൊടിച്ചു. കുനിഞ്ഞും നീര്‍ന്നും ജോലി ചെയ്യണത് ബാക്കീള്ളോരാണല്ലോ. ആര്‍ക്കും അതിന്റെ ബുദ്ധിമുട്ട് അറിയണ്ടല്ലോ...

  സംഭവം വിചാരിക്കാത്ത വഴിയിലേക്കു നീങ്ങുന്നത് കണ്ടു രാമചന്ദ്രന്‍ പിന്നെ ഒന്നും പറഞ്ഞില്ല. സാവിത്രി പിണങ്ങിയാല്‍ പിന്നെ ഇണങ്ങാനുള്ള ബുദ്ധിമുട്ടു അയാള്‍ക്ക്‌ ശരിക്കു മറിയാമായിരുന്നു. അയാളോടു നേരിട്ടു പറഞ്ഞില്ലെങ്കിലും ഇനി ഇങ്ങിനെ ഒന്നും മേടിക്കില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചിട്ടാണ് സാവിത്രി ഉറങ്ങിയത്.

കുറെ ദിവസങ്ങള്‍ അങ്ങിനെ പറയത്തക്ക കുഴപ്പമൊന്നുമില്ലാതെ പോയി. ഒരു വൈകുന്നേരം സ്കൂള്‍ വിട്ടു വരുന്ന അമ്മുവിനെക്കാത്തു സാവിത്രി വീടിനു മുന്‍പില്‍ നിന്നപ്പോഴാണ് അടുത്ത ചെറുപ്പക്കാരന്‍ വന്നത്. വെയിലത്ത് നടന്നു കരിവാളിച്ച മുഖവും അല്‍പ്പം കറുത്ത് നീണ്ട ശരീരവും കണ്ടപ്പോള്‍ സാവിത്രിക്ക്‌ പെട്ടെന്ന് രമേശനെയാണ് ഓര്‍മ്മ വന്നത്. അവളുടെ ഉള്ളില്‍ കനിവിന്റെ ഒരു ഉറവ പൊടിഞ്ഞു. പാവം എന്റെ കുട്ടി. അവള്‍ വിചാരിച്ചു. അവനൊരു തൊഴിലായെന്കില്‍ വയസ്സായ അച്ഛന് ഒരു ആശ്വാസമായേനെ. അച്ഛന് ഇങ്ങിനെ പാടത്തും പറമ്പിലും അലയേണ്ട കാര്യമുണ്ടാവില്ല. . ഒരു ജോലിക്കുവേണ്ടി അലഞ്ഞലഞ്ഞ് അവനും ഇതുപോലെ കറുത്ത് കരിവാളിച്ചു...

  അയാള്‍ അതിനിടെ ബാഗ് തുറന്നു കഴിഞ്ഞിരുന്നു.  വിയര്‍പ്പുചാലുകള്‍ കര്‍ചീഫു കൊണ്ട് തുടയ്ക്കുന്നതിനിടയ്ക്ക് സാവിത്രിയോടു ചോദിച്ചു.
ചേച്ചിക്ക് ഒരു സി..ഡി  പ്ലെയര്‍ ഉണ്ടല്ലോ,അല്ലെ...?അല്ലെങ്കില്‍ ഇക്കാലത്ത് സി.ഡി പ്ലെയര്‍ ഇല്ലാത്ത ഇതു വീടാ ഒള്ളത്..

സി.ഡി.പ്ലെയര്‍ എന്താണെന്ന് സാവിത്രിക്ക്‌ മനസ്സിലായില്ല. അവള്‍ ഉണ്ടെന്നും ഇല്ലെന്നും അര്‍ഥം വരുന്ന ഒരു ചിരി ചിരിച്ചു.

 അയാള്‍ ഒരു വലിയ കവര്‍ വലിച്ചെടുത്തു.  ചേച്ചി നോക്കൂ.. ഡിസ്ക്കുകള്‍ വളരെ ലോലമാണല്ലോ. സാധാരണ കാസെറ്റുകളെക്കാള്‍ സൂക്ഷിച്ചു കൈ കാര്യം ചെയ്യണം. അതുകൊണ്ടാണ് സി.ഡികള്‍ സൂക്ഷിച്ചു വയ്ക്കാനുള്ള ഈ സ്റ്റാന്‍ഡ് തന്നെ ചേച്ചിയെ കാണിക്കാമെന്നു ഞാന്‍ വിചാരിച്ചത്.ചേച്ചി നോക്കണം...

കറുപ്പും സ്വര്‍ണ നിറവും ഇടകലര്‍ത്തിയുണ്ടാക്കിയ മനോഹരമായ ഒരു മാളികയുടെ രൂപമായിരുന്നു അത്. അതില്‍ സൂക്ഷിക്കാമെന്ന് അയാള്‍ പറഞ്ഞത് എന്തിനെക്കുറിച്ചാണെന്നു സാവിത്രിക്ക്‌ മനസ്സിലായില്ലെങ്കിലും അതിന്റെ മനോഹാരിതയില്‍ അവള്‍ വീണു പോയി.

പുതിയ  വീടാ,അല്ലേ  ചേച്ചി..  ഇനിയിപ്പോ ചേച്ചിയുടെ കയ്യില്‍ സി.ഡീകളൊന്നും ഇല്ലേല്‍ തന്നെ ഷോ കേസില്‍ ഇത് വച്ചാല്‍ എന്ത് ഭംഗിയായിരിക്കും...

സാവിത്രി പെട്ടെന്ന് രാമചന്ദ്രനെക്കുറിച്ചോര്‍ത്തു. ഇനിയിപ്പോ ഇങ്ങിനെ ഒരു സാധനം വാങ്ങിച്ചിട്ട് ഇവിടെ ഭൂകമ്പമുണ്ടാകണ്ട. വെറുതെ ഷോകെസില് വയ്ക്കാനായിട്ട്  എന്തിനാ കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ കളയണത്..

എനിക്കൊന്നും  വേണ്ട കേട്ടോ.. ഒക്കെ എടുത്തു വച്ചേക്കു. ..

അയാളുടെ കരിവാളിച്ച മുഖം കൂടുതല്‍ ഇരുണ്ടു. 'ചേച്ചി,രാവിലെ മുതല്‍ വെയിലും കൊണ്ട് നടക്കുകയാണ് ഞാന്‍. എന്റെ ജീവിത മാര്‍ഗാ ഇത്. ചേച്ചി യെപ്പോലുള്ളവര്‍ സഹകരിച്ചില്ലെങ്കില്‍ ഞാന്‍ എങ്ങിനെ ജീവിക്കാനാണ്...!!

 സാവിത്രിയുടെ മനസ്സിന്റെ മുറ്റത്തു നിന്ന് രമേശന്‍ മുഖത്തെ വിയര്‍പ്പ് തുടച്ചു കൊണ്ട് അപേക്ഷിക്കുകയായിരുന്നു,;ചേച്ചി സഹകരിച്ചില്ലെങ്കില്‍ ഞാന്‍ എങ്ങിനെ ജീവിക്കാനാണ്...!!

             ചിട്ടിത്തവണ അടയ്ക്കാന്‍ പണം കൊടുക്കുമ്പോള്‍ രാമചന്ദ്രന്‍ രാവിലെ പറഞ്ഞിരുന്നു. ഗവണ്മെന്റിന്റെ ചിട്ടിയാണ്. ഒരഡ്ജസ്ടുമെന്റും പറ്റില്ല. തവണ തെറ്റിയാല്‍ പലിശ തന്നെ വലിയ തുകയാവും. നീ ഇന്നോ നാളെയോ പോയി പണമടയ്ക്കണം.

ഇത്തവണ രാമചന്ദ്രന്‍ പൊട്ടിത്തെറിക്കുക തന്നെ ചെയ്തു. 'ആയിരത്തി അഞ്ഞൂറു രൂപ നിനക്കെവിടെ നിന്ന് കിട്ടി...? സത്യം പറയണം...

  അത് ഇന്‍സ്ടാള്‍മെന്ടാ ചേട്ടാ... സാവിത്രി ദുര്‍ബലമായ സ്വരത്തില്‍ പറഞ്ഞു. പത്തു തവണ. അയാള്‍ എല്ലാ മാസവും വന്നു മേടിച്ചോളും..

 രാമചന്ദ്രന്‍ അന്ന് വൈകിട്ട് ആഹാരം കഴിയ്ക്കാതെ ഉറങ്ങി. അച്ഛനുമമ്മയും തമ്മില്‍ വഴക്കാണെന്നു മനസ്സിലാക്കിയ അമ്മു നേരത്തെ തന്നെ ഉറക്കം പിടിച്ചിരുന്നു. ഉറക്കം വരാതെ കിടന്നപ്പോള്‍ നാളെ ചിട്ടി അടയ്ക്കാന്‍ എന്ത് ചെയ്യും എന്ന ചിന്തയായിരുന്നു സാവിത്രിക്ക്‌. എങ്കിലും ഇടയ്ക്കിടെ കറുപ്പും സ്വര്‍ണവും കലര്‍ന്ന ഒരു മാളിക അവളുടെ മുന്നില്‍ മനോഹാരിതയോടെ പ്രത്യക്ഷപ്പെട്ടു.


ഓ.. ഇനി സി ഡീ പ്ലെയറു മേടിക്കാന്‍ പറ്റീല്ലാച്ചാലും അത് ഷോകെയ്സില്‍ ഇരുന്നോട്ടെ.

ചിട്ടി  അടയ്ക്കുന്ന സ്ഥലത്ത് തന്നെ പണയം വയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നത്  സാവിത്രിക്ക്‌ സമാധാനമായി. വീട് പണിയ്ക്ക് ഉണ്ടായിരുന്ന പണ്ടങ്ങളെല്ലാം വിറ്റിരുന്നു.. ആകെയുണ്ടായിരുന്ന വള പണയം വച്ച് ഒഴിഞ്ഞ കൈത്തണ്ടയുമായി നടക്കേണ്ടി വന്നത് സാവിത്രിയെ വല്ലാതെ സങ്കടപ്പെടുത്തിയെങ്കിലും രാമചന്ദ്രനറിയാതെ കാര്യം നടന്നതില്‍ ഒരു സമാധാനവും തോന്നി.

നിന്റെ വളയെവിടെ...? പിറ്റേന്നു രാവിലെ തന്നെ രാമചന്ദ്രന്‍ ചോദിച്ചു.

ഊരി വച്ചതാ ചന്ദ്രേട്ടാ.. ഞാന്‍ തനിച്ചല്ലെയുള്ളു പകലൊക്കെ. അതുകൊണ്ടാ..

  നന്നായി എന്ന് രാമചന്ദ്രനും തോന്നി. അയാള്‍ പകുതി തമാശയായി പറഞ്ഞു.
'ഏതായാലും നീയതിട്ണില്ലല്ലോ. ഞാനത് പണയം വച്ച് കുറച്ചു രൂപയെടുത്തോട്ടെ. ഹൌസ് ലോണിന്റെ അടുത്ത തവണ അടയ്ക്കാറായി.
കോപറേറ്റീവ് സൊസേറ്റീന്നു  കാര്‍ഡു വന്നു കഴിഞ്ഞു.

  സാവിത്രിക്ക്‌ ഉച്ചയുറക്കം കിട്ടാതെയായി. തന്റെ എല്ലാ പ്രതിരോധങ്ങളും തകര്‍ത്ത്‌ ഏതു നേരവും ഒരു വിലോഭനീയ വിസ്മയം വാതില്‍ക്കല്‍ പ്രത്യക്ഷപ്പെടുമെന്ന് അവള്‍ ഭയന്നു. ഉണര്‍വിന്റെ നിമിഷങ്ങളിലെല്ലാം ഒരു കോളിംഗ് ബെല്ലിന്റെ സ്വരം അവളെ പിന്‍ തുടര്‍ന്നു.

വിധി രണ്ടു പെണ്‍കുട്ടികളുടെ രൂപത്തിലാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്‌. 'ചേച്ചി പകലുറങ്ങാറുണ്ട്,അല്ലെ...? അവര്‍ ചോദിച്ചു. വല്ലാതെ ചീര്‍ത്തിരിക്കുന്നു.
ഈ പ്രായത്തില് ഇത്ര തടി പാടില്ല. ചേച്ചി എക്സര്‍സൈസ് ഒന്നും ചെയ്യാറില്ലേ..?

 അതിനൊക്കെ എവിടാ സമയം.. പക്ഷെ അടുക്കളപ്പണികള് ഞാന്‍ തന്നെയാണല്ലോ ചെയ്യാറ്..

അത് എക്സര്‍ സൈസാവില്ല ചേച്ചി.. വീട്ടിലിരുന്നു തന്നെ ചെയ്യാവുന്ന എന്തൊക്കെ എക്സ് സര്‍ സൈസ്‌  ഉണ്ടെന്നോ.. ഉദാഹരണത്തിന് ഞങ്ങളുടെ നിന്ന് കൊണ്ടു ചവിട്ടാവുന്ന ഈ സൈക്കിള്‍ നോക്കു.'

  അവര്‍ ബാഗില്‍ നിന്ന് എന്തൊക്കെയോ വലിച്ചെടുത്തു നിമിഷ നേരം കൊണ്ട് വിദഗ്ധമായി കൂട്ടിച്ചേര്‍ത്തപ്പോള്‍ സാവിത്രിയുടെ മുന്നില്‍ ഒരു സൈക്കിള്‍ പ്രത്യക്ഷപ്പെട്ടു.

ദാ.. ഇനി ഇതില്‍ കയറിയിരുന്ന് ദിവസവും പത്തു നിമിഷം മാത്രം ചവിട്ടിയാല്‍ മതി. ഒരു മാസം കൊണ്ട് എന്ത് വ്യത്യാസം വരുമെന്ന് ചേച്ചി അനുഭവിച്ചറിഞ്ഞാല്‍ മതി. ആവശ്യം കഴിഞ്ഞു ഇതേപോലെ അഴിച്ചു വയ്ക്കുകയും ചെയ്യാം..
ഇനിയിപ്പോ.. അടുത്തവള്‍ ബാക്കി  ഏറ്റെടുത്തു. ചേട്ടന് അല്‍പ്പം കുടവയര്‍ ഉണ്ടെങ്കില്‍ത്തന്നെ ഇതില്‍ ഒരു മാസം ചവിട്ടാന്‍ പറഞ്ഞാല്‍ മതി. ചേച്ചി തന്നെ അതിശയിച്ചു പോകും.'  സാവിത്രിയുടെ കരയാന്‍ പോകുന്ന മുഖം കണ്ടു അവര്‍ സമാധാനിപ്പിച്ചു. ' ഫിഗറാണു പ്രധാനം. ഇക്കാലത്ത് ഓരോരുത്തരും ബ്യൂട്ടിപാര്‍ലറിലൊക്കെ എത്ര രൂപയാ കൊണ്ട് കളയുന്നത്.. എന്നിട്ടും ഉദ്ദേശിച്ച ഫലം കിട്ടുന്നുമില്ല. വളരെ നിസ്സാരമായി ഉദ്ദേശിച്ച പ്രയോജനം കിട്ടുന്ന ഇത്തരം ഉപകരണങ്ങള്‍ ഞങ്ങള്‍ മാര്‍ക്കറ്റിങ്ങിനു എടുക്കുന്നത് തന്നെ ചേച്ചിയെപ്പോലെ പുറത്തു പോകാന്‍ പറ്റാത്ത വീട്ടമ്മമാരെ കരുതിയാണ്.

  രാത്രി  ഉറക്കം വരാതെ കിടക്കുമ്പോള്‍ താന്‍ എന്തിനാണ് ആ സൈക്കിള്‍ വാങ്ങിയതെന്ന് എത്ര ആലോചിച്ചിട്ടും സാവിത്രിക്ക്‌ മനസ്സിലായില്ല. പണയം വച്ചതിന്റെ ബാക്കി പണം നഷ്ടപ്പെട്ടതിനേക്കാള്‍ രാമചന്ദ്രനോട് കാര്യം മറച്ചു വച്ചതിലായിരുന്നു അവള്‍ക്കു സങ്കടം. കട്ടിലിനടിയില്‍ ഇളക്കി അടുക്കി വച്ച എക്സ്സര്‍ സൈസ്‌ സൈക്കിള്‍ സാവിത്രിയെ ഉറങ്ങാനനുവദിച്ചില്ല. 

  ' ചന്ദ്രേട്ടനുറങ്ങിയോ..? സാവിത്രി പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.

   എന്താ നിനക്കുറങ്ങണ്ടേ.. അയാള്‍ പകുതി ഉറക്കം പിടിച്ചിരുന്നു.

ചന്ദ്രേട്ടനീയിടെ തടി വല്ലാതെ കൂടുതലാവുകയാ.. എന്തെങ്കിലും എക്സ്സര്‍ സൈസ്‌ ചെയ്താല്...

' ഒരു നൂറു കൂട്ടം കാര്യങ്ങളുടെ ഇടയിലാ ഞാനിപ്പോ എക്സര്‍ സൈസ്‌ .. നീ മിണ്ടാതെ കിടന്നുറങ്ങാന്‍ നോക്ക്.

അയാള്‍ തിരിഞ്ഞു കിടന്നു.

വീട്ടില്‍ വച്ച് ചവിട്ടാന്‍ പറ്റുന്ന സൈക്കിളുണ്ടല്ലോ..

അവളതു മുഴുമിപ്പിക്കുന്നതിനു മുന്‍പ്‌ അയാള്‍ക്ക്‌ എവിടെയോ കൊണ്ടു രാമചന്ദ്രന്‍ ചാടിയെഴുനേറ്റ്  അലറി.

'ഇന്നെന്താ വാങ്ങിക്കൂട്ടീത്..  എന്നെ കൊന്നേ നീ അടങ്ങൂ, അല്ലെ...?

  വാങ്ങി കൂട്ടിയ സാധനവും വള പോയ വഴിയും സാവിത്രിക്ക്‌ പറയേണ്ടി വന്നു. കട്ടിലിന്റെ അടിയില്‍ നിന്ന് സൈക്കിളിന്റെ ഭാഗങ്ങള്‍ വലിച്ചെടുത്തു പുറത്തേക്കെറിഞ്ഞ് അയാള്‍ നിന്നു കിതച്ചു.

'തേനീച്ച തേന്‍ ശേഖരിക്കുന്ന പോലാ ഞാന്‍ ഓരോ പൈസയും കൂട്ടി വയ്ക്കണെ. എന്നിട്ടാ നീ എന്നെയിങ്ങനെ..' ഗദ്ഗദം വാക്കുകള്‍ മുഴുമിപ്പിക്കാന്‍ അയാളെ സമ്മതിച്ചില്ല.

 കരഞ്ഞുറങ്ങിയ ആ രാത്രിയുടെ ബാക്കി  മുഴുവന്‍ സാവിത്രി സ്വപ്നങ്ങളുടെ ലോകത്തായിരുന്നു. ഒരായിരം സാധനങ്ങളുമായി ഒരായിരം പേര്‍ അവളുടെ ചുറ്റും നിന്നലറി. അവളുടെ ഉച്ചയുറക്കങ്ങളും ആലോസരങ്ങളുടെ ഘോഷയാത്രയായി. അവളുടെ എല്ലാ സ്വാസ്ഥ്യങ്ങളും അവസാനിപ്പിച്ചു കൊണ്ട് ഏതു നേരവും മുഴങ്ങാവുന്ന ഒരു കോളിംഗ് ബെല്ലിനെക്കുറിച്ചുള്ള ചിന്ത മാത്രമായി അവളുടെ പകലുകളില്‍..

അങ്ങിനെയൊരു വൈകുന്നേരമാണ് വെളുത്ത പാന്റ്സും ഷര്‍ട്ടും ധരിച്ച സുമുഖനായ ഒരു യുവാവ്‌ അവളുടെ വീട്ടിലെത്തിയത് വാതില്‍ തുറക്കാതെ ജനാലയിലൂടെ വിരസമായി സാവിത്രി പറഞ്ഞു.

എനിക്കൊന്നും കാണണ്ട.. പൊയ്ക്കോളൂ...

'അല്ലെങ്കിലും ഈ പീസ്‌ വില്പ്പനയ്ക്കുള്ളതല്ല. എന്റെ കയ്യിലുള്ളതെല്ലാം വിറ്റു പോയിക്കഴിഞ്ഞു. ഓര്‍ഡറുകള്‍  ശേഖരിക്കാനായി മാത്രമാണ് ഞാന്‍ വന്നത്. പേടിക്കണ്ട..'

ഇന്നെന്തായാലും ഇയാളുടെ വലയില്‍ ഞാന്‍ വീഴുകയില്ല. സാവിത്രി ഉറച്ച തീരുമാനത്തോടെ വാതില്‍ തുറന്നു.

' എനിക്കൊന്നും കാണുകയും വേണ്ട. നിങ്ങള്‍ പൊയ്ക്കൊള്ളു.' അവളുടെ സ്വരം വളരെ ദൃഢമായിരുന്നു.

    മാഡം പത്രം വായിക്കാറുണ്ടോ..?

എന്തെ...? അവള്‍ക്കതിശയമായി.

 നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല.കേരളത്തിലെ ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണിപ്പോള്‍. സര്‍വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത് കേരളത്തിലാണെന്നാണ്.

  അയാള്‍ ബാഗ്‌ തുറന്ന്‍ ഒരു ഉപകരണം പുറത്തെടുത്തു.

     ജനത്തിന്‍റെ ആവശ്യമറിഞ്ഞ് പ്രോഡക്റ്റ് ഉണ്ടാക്കുന്നതാണ്  ഒരു കമ്പനിയുടെ പ്രാഥമികമായ ധര്‍മ്മം എന്നു വിശ്വസിക്കുന്നു ഞങ്ങള്‍. മാഡം പത്രത്തിലൊക്കെ വായിക്കാറില്ലേ,എത്ര പ്രാകൃതമായിട്ടാണ് ഇവിടെ ആളുകള്‍ മരിക്കുന്നത്. കൊച്ചുകുട്ടികളെപ്പോലും  വിഷം കൊടുത്തും വെട്ടിയും തീവച്ചും ഒക്കെയാണ് കൊല്ലാറ്. ഇനി ആത്മഹത്യ മാത്രമല്ല, നമുക്കറിയാം,ഇപ്പോള്‍ വീടുകളില്‍ ഏറ്റവും വലിയ പ്രശ്നം പ്രായമായ മനുഷ്യരാണ്. എന്തിനാണ് മാഡം,ഭീമമായ തുകയും മറ്റും ചെലവഴിച്ച് അവരെ ഓള്‍ഡ്‌ ഏജ്‌ ഹോമിലോക്കെ ആക്കുന്നത്.  ഞങ്ങളുടെ കമ്പനിയുടെ പ്രസ്റ്റീജ് പ്രോഡക്ടാണിത്.  ദാ,നോക്കൂ..

ഈ വയറുകളുടെ അറ്റത്തുള്ള ബട്ടണുകള്‍ കഴുത്തില്‍ വച്ചിട്ട് ഈ കോഡു കണക്റ്റ് ചെയ്ത് വെറുതെ സ്വിച്ചിട്ടാല്‍ മാത്രം മതി. എന്താണ് സംഭവിക്കുന്നതെന്ന്‍ നമ്മള്‍ പോലുമറിയില്ല. അതിനു മുന്‍പ് കാര്യം നടന്നിരിക്കും ഇത്ര സുന്ദരമായ,ആശ്വാസം നല്‍കുന്ന മരണം മുന്‍പൊരിക്കലും ആര്‍ക്കും വാഗ്ദാനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഞങ്ങളുടെ കമ്പനി ഉറപ്പു നല്‍കുന്നു.

ലോണിന്റെ തവണയും കുടിശ്ശിഖയു മടയ്ക്കാന്‍ രാമചന്ദ്രന്‍ കൊടുത്ത പതിനയ്യായിരം രൂപ കൊടുത്ത് വാങ്ങിയ പുതിയ സാധനവുമായി അകത്തേക്ക് പോകുമ്പോള്‍ സാവിത്രി ഓര്‍ത്തു.

'പണമല്ലല്ലോ പ്രധാനം.. അയാള്‍ പറഞ്ഞതു പോലെ സുന്ദരമായ ഒരു മരണത്തിനായി ആളുകള്‍ ഇതും ഇതിലധികവും കൊടുക്കാന്‍ തയാറാവും.

പിന്നെ,വളരെ സാവധാനത്തില്‍  വയറുകളുടെ അറ്റത്തുള്ള  ബട്ടണുകള്‍ കഴുത്തില്‍ വച്ച്,കോഡ് കണക്റ്റു ചെയ്ത് സ്വിച്ച് ഓണ്‍ ചെയ്തു. 

.


19 comments:

 1. This comment has been removed by the author.

  ReplyDelete
 2. ഹോ...
  ഇത് വല്ലാതെ കണ്ട് അത്ഭുതപ്പെടുത്തുന്നു.
  ഇതിതാരുടെ കുഴപ്പം കൊണ്ടാ ഇങ്ങനെ..
  രാമചന്ദ്രനോ സാവിത്രിയോ കച്ചവടക്കാരോ ആരാണ് കുറ്റക്കാര്‍..?
  സാവിത്രിയുടെ 'വിവേചന ബുദ്ധി' തന്നെയാണ് വില്ലനെന്നു തോന്നുന്നു. അത് ശരിയാം വണ്ണം ഉപയോഗിച്ചിരുന്നുവെങ്കില്‍ ആവശ്യങ്ങളിലെ അത്യാവശ്യങ്ങളെ മാത്രം പരിഗണിക്കുകയും അല്ലാത്തവയെ അനാവശ്യമായി കണ്ട് അവഗണിക്കുകയും ചെയ്തേനെ..!
  ഒരു സാധാരണ കാഴ്ചയിലൂടെ സഞ്ചിരിച്ചു ഒടുക്കം മരണം കൊണ്ട് {നാശം} അവസാനിപ്പിച്ച വായന.
  നന്നായിരിക്കുന്നു. ആശംസകള്‍..!

  ReplyDelete
 3. കഥ നീണ്ടു പോയതു കൊണ്ട് കമന്റ് അടുത്ത വരവിൽ. വ്വായിക്കാതെ കമന്റാറില്ല.
  സ്നേഹ പൂർവ്വം വിധു

  ReplyDelete
 4. ഒന്നും സംഭവിച്ചു കാണില്ല.
  കാരണം ഇത്തരം സാധനങ്ങള്‍ ഒന്നും നന്നായി വര്‍ക്ക് ചെയ്യില്ല. :-)
  അവര്‍ മരിച്ചു കാണില്ല എന്ന് വിശ്വസിക്കാനാണ് ഞാന്‍ അങ്ങിനെ പറഞ്ഞത്.
  പിന്നെ അങ്ങിനെ ചെയ്യാനുള്ള ന്യായീകരണവും ഇല്ല.
  കഥ ആയാലും ചില കാര്യങ്ങള്‍ അംഗീകരിക്കാന്‍ മടി.
  കഥ മോശമായി എന്നല്ല പറഞ്ഞത്

  ReplyDelete
 5. നല്ല ഒതുക്കത്തോടെ കഥ പറഞ്ഞു.സുന്ദരമായ ശൈലി ഏകാഗ്രമായ വായനാനുഭവം തന്നു.എഴുതിത്തെളിഞ്ഞ ഒരെഴുത്തുകാരിയുടെ കൈയ്യടക്കം സേതുലക്ഷ്മിയുടെ കഥകളില്‍ അനുഭവപ്പെടുന്നു.അഭിനന്ദനങ്ങള്‍.

  കഥ വായിച്ചു വന്നപ്പോള്‍ ഒരുപാട് ഇടങ്ങളില്‍ വെച്ച് നിര്‍ത്താനുള്ള അവസരം ഉണ്ടായിരുന്നു എന്ന് തോന്നി.ഉദ്ദേശിക്കുന്ന ഭാവതലസംവേദനം അവിടെയൊക്കെ സാധ്യമായിരുന്നു.അങ്ങിനെ ചെയ്യാതെ ഫാന്റസിയുടെ ഒരു തലം കൊണ്ടുവന്ന് ഒരു സാധാരണ Lower Middle Class വീട്ടമ്മ ഒരിക്കലും തിരഞ്ഞെടുക്കാന്‍ സാധ്യതയില്ലാത്ത Highly sophisticated suicide machine വാങ്ങിയതില്‍ ചെറിയ ഒരു കല്ലുകടി അനുഭവപ്പെട്ടു എന്ന് പറയുന്നത് ഉന്നത നിലവാരമുള്ള ഈ കഥക്ക് കണ്ണു പറ്റാതിരിക്കാന്‍ പറയുന്ന ഒരു കുറ്റപ്പെടുത്തല്‍ മാത്രമാണെന്ന് മനസിലാക്കുക.

  ReplyDelete
 6. കഥ ഗംഭീരമായിട്ടുണ്ട്. അഭിനന്ദനങ്ങൾ.

  ReplyDelete
 7. കഥ നന്നായി. വിഷയം ഒട്ടേറെ പേര്‍ പറഞ്ഞിട്ടുള്ളതെങ്കിലും എന്‍ഡ് വ്യത്യസ്തമായി. അതില്‍ ചെറുവാടിയുടെ കമന്റ് കൂടെ ചേരുമ്പോഴേ എന്‍ഡ് എന്ത് എന്ന ഒരു ക്യൂരിയോസിറ്റി ഉണ്ടാവുന്നുള്ളൂ :)

  ReplyDelete
 8. ഒരുവീട്ടമ്മ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ വളരെ നന്നായി കാണിച്ചിരിക്കുന്നു. ഇത് നടക്കുന്ന സംഭവങ്ങൾ. ഒരു മരണത്തെ സ്വീകരിക്കുന്നതുവരെ ആയോ എന്ന് തോന്നിയെങ്കിലും, ആ ബട്ടനും വയറുമൊക്കെയെടുത്ത് അകത്തേയ്ക്കു കയറുന്ന രംഗവർണ്ണന സുന്ദരമായിട്ടുണ്ട്. അവസാനഭാഗമെത്തിയപ്പോൾ, ‘ഇതേ ശൈലിയിൽത്തന്നെയല്ലേ ഞാനും എഴുതുന്നത്’ എന്ന് എന്റെ ആശങ്ക. (‘അങ്ങെത്തും മുമ്പ്’ ഒന്നു നോക്കിയാലും...) നല്ല രചന. ഒരു സ്ത്രീയുടെ ദൌർബ്ബല്യവും സഹതാപവുമാണ് കാതൽ. ‘രാമചന്ദ്രൻ’മാരെ കുറേക്കൂടി കാര്യഗൌരവക്കാരാക്കണമെന്ന ആശയംകൂടി ഉൾപ്പെടുന്നതിനാൽ നല്ല എഴുത്ത്. ആശംസകൾ.......

  ReplyDelete
 9. നല്ല അവതരണം
  ആശയം നല്ലത് എങ്കിലും പൂര്‍ണ്ണമായും നീതി പുലര്‍ത്തി എന്ന് പറയാന്‍ സാധിക്കുന്നില്ല.
  കൂടുതല്‍ നാന്നാക്കാംആയിരുന്നെന്നു തോന്നി.

  ReplyDelete
 10. ഇഷ്ടപ്പെട്ടു.നീണ്ടു പോയതായി തോന്നിയില്ല. ഇത്രയും പറയാതെ എങ്ങിനെയാ ഈ ഒരു ഇതിവൃത്തം അവതരിപ്പിക്കാനാവുക.
  അഭിനന്ദനങ്ങള്‍.

  ReplyDelete
 11. നല്ല അവതരണം, ഇഷ്ടായി...
  ഇങ്ങനെ വരുന്നവരില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നത് മിക്കപ്പോഴും അവരോടു സഹതാപം തോന്നിയിട്ടു തന്നെയാണ്. പക്ഷെ സ്വന്തം ഭര്‍ത്താവിന്‍റെ കഷ്ടപ്പാട് മനസിലാക്കാതെ പെരുമാറുന്ന സാവിത്രിയെ കുറിച്ച് വായിച്ചപ്പോള്‍ അവര്‍ക്കെന്തെങ്കിലും മാനസിക പ്രശ്നം ഉണ്ടോ എന്ന് തോന്നി!

  ReplyDelete
 12. മധ്യ വര്‍ഗ കുടുംബങ്ങളിലെ ആഡംബര ഭ്രമങ്ങളെക്കുറിച്ച് എഴുതുക എന്നതായിരുന്നു ഉദ്ദേശം. കുറച്ചു നിറം കൂടിപ്പോയി എന്നതു നേരാണ്.
  നാമൂസ്‌, വിധു,മനോരാജ്, എച്മു..
  എല്ലാവരോടും എന്റെ സന്തോഷം അറിയിക്കട്ടെ.

  പ്രദീപ്‌.. ഒരു ഫാന്റസിയുടെ അവസാനം വെറുതെ ഒരു change ഇരിക്കട്ടെ എന്നുകരുതി ചേര്‍ത്തതാണ്.

  ചെറുവാടി പറഞ്ഞപോലെ, ആ യന്ത്രം പ്രവര്‍ത്തിച്ചു കാണുകയില്ല എന്ന് കരുതാനാണ് എനിക്കും ഇഷ്ടം.
  വി.എ ആ പോസ്റ്റ്‌ കണ്ടു പിടിക്കാന്‍ പറ്റിയില്ലല്ലോ. ഇതാണ് വര്‍ഷം..?
  നാരദനും റോസിനും. ലിപിക്കും..
  സ്നേഹം ..

  ReplyDelete
 13. i like it .manushyan upabhogasamskarathinu pirakeyanippol enthu cheyyana....
  aasamsakal

  ReplyDelete
 14. കഥ നന്നായി. എന്നാലും... അതെന്താണെന്ന് പറയാന്‍ എനിക്കുമറിയില്ല. ഏഴാം യാമത്തിലെ കാറ്റ് ഓര്‍മ്മകളില്‍ വീശിയടിക്കുന്നതുകൊണ്ടാവാം...

  ReplyDelete
 15. അന്ത്യം കടുത്ത വിഷമം നല്‍കി ... വേണ്ടായിരുന്നു . ഞാന്‍ ഇതിനു മുന്‍പും ഇവിടെ വന്നിട്ടുണ്ട് ..... ആശംസകള്‍ ... ശ്രീമതി സേതുലക്ഷ്മി

  ReplyDelete
 16. ആ എന്‍ഡിംഗ് ഇഷ്ടമായി,, മനസ്സിലേക്കു കടന്നു വരുന്ന താളപ്പിഴകള്‍. അവതരണം നന്നായി.

  ReplyDelete
 17. ഇങ്ങിനെ വീടുകളില്‍ വരുന്ന കച്ചവടക്കാര്‍ (direct marketing) അവരുടെ ദൈന്യത വിറ്റ്‌ കാശാക്കുന്നതോടോപ്പം സാവിത്രി മാരുടെ മരണത്തിലും (അത്രത്തോളം ഇല്ലെങ്കിലും) ചില അബദ്ധങ്ങളില്‍ കൊണ്ടെത്തിക്കുന്നത് വാസ്തവം തന്നെയാണ്..

  ആശംസകള്‍ .. നന്നായിട്ടുണ്ട് ..

  ReplyDelete
 18. എഴുത്ത് നന്നായിട്ടുണ്ട്... അതികം വലിച്ചു നീട്ടാതെ ബോറടിപ്പിക്കാതെ എഴുതി...

  അവസാനത്തെ മരണം എന്തോ പോലെ... വേറെന്തെങ്കിലും ക്ലൈമാക്സ്‌ കൊണ്ടുവരാമായിരുന്നു...

  ആശംസകള്‍..

  ReplyDelete
 19. സേതുവേച്ചി...

  തലയണമന്ത്രം എന്ന സിനിമയില്‍ കാഞ്ചന എന്ന കഥാപാത്രമുണ്ട്... സിനിമയുടെ ഒടുവില്‍ അവരുടെ ഭര്‍ത്താവ് ജയിലില്‍ ആവാന്‍ പോലും കാരണം ഈ ആഡംബരഭ്രമമായിരുന്നു... ഇത് ജീവിതത്തിലെ നിത്യ കാഴ്ച തന്നെ..

  എറണാകുളത്തെ പല വീടുകളിലും ഗേറ്റ് മേല്‍ marketing executiveകള്‍ക്ക് പ്രവേശനമില്ല എന്ന് എഴുതി വച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്.. അന്നത് ഒരു കൗതുകത്തോടെ നോക്കിപ്പോയിട്ടുണ്ട്..

  കഥയെ കുറിച്ച്...

  പ്രദീപ്‌ മാഷിന്റെ അഭിപ്രായത്തോട് യോജിക്കുന്നില്ല.. ഈ കഥയില്‍ അവസാനത്തെ ട്വിസ്റ്റ്‌ ആണ് മനോഹരമായി എന്റെ വായനയില്‍ തോന്നിയത്.. അല്ലായിരുന്നെങ്കില്‍ ഇത് ഒരു സാധാരണ കഥ മാത്രമായി പോയാനെ..

  എങ്കിലും പറയട്ടെ.. ആ കഥാപാത്രത്തെ ആത്മഹത്യയിലേക്ക് നടത്താന്‍ മാത്രമുള്ള ഒരു അവസ്ഥാവിശേഷം ഈ കഥയില്‍ ഉണ്ടായിരുന്നോ...? അതല്പ്പം അതിയോക്തി ഉളവാക്കുന്നു.. ഒരു പക്ഷെ കഥയില്‍ അതിനു തക്ക കാരണങ്ങള്‍ അല്‍പ്പം കൂടി ചേര്‍ത്തിരുന്നെങ്കില്‍ അത് കൂടുതല്‍ ഭംഗിയായി വായനക്കാരന്റെ മനസ്സില്‍ എത്തിയേനെ എന്ന് തോന്നി...

  ഇതൊന്നും കഥയെ മോശമെന്ന് അര്‍ത്ഥമാക്കുന്നില്ല ട്ടോ... ഇഷ്ടമായി ഈ കഥയും... പിടിച്ചിരുത്തുന്നുണ്ട് ഈ ശൈലി.. തുടരുക.. ഈ എഴുത്ത്

  സ്നേഹപൂര്‍വ്വം..

  ReplyDelete