നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Friday, 11 November 2011

ഗെര്‍പ്പം ചിരട്ടക്കരിയും മുട്ടയുടെ വെള്ളയും ചേര്‍ത്ത് കണ്ണാടി പോലെ മിനുസപ്പെടുത്തിയ നീണ്ട ഇറയത്തിനരികില്‍  അവര്‍ നിന്നു. ക്ഷണിക്കപ്പെട്ടു വന്നവരെങ്കിലും തെക്കേകെട്ടിലെ വിശാലമായ ഇരിപ്പിടങ്ങളില്‍ കയറി ഇരിക്കാന്‍ അവര്‍ ഭയപ്പെട്ടു. അവര്‍ നാല് പേരായിരുന്നു. കരയോഗം പ്രസിഡണ്ട്‌ ശിവരാമ കുറുപ്പും സെക്രെട്ടറി രാധാകൃഷ്ണന്‍ നായരും. കുടുംബം വക എല്‍.പി സ്കൂളില്‍ ആയിടെ ചാര്‍ജെടുത്ത ഹെഡ്‌മാസ്റ്റര്‍ അപ്പുക്കുട്ടനിളയതും. അവരോടൊപ്പം നില്‍ക്കാന്‍ മടിച്ച്, അല്പം മാറി, കുടുംബ ക്ഷേത്രത്തിലെ പൂജാരി ശംഭു പോറ്റിയും.

   തെക്കേ കേട്ടിനും വടക്കെകെട്ടിന്റെ നടുമുററത്തിനുമിടക്കുള്ള  ഇരുട്ടു മുറിയിലാണ് സാധനം നിന്നിരുന്നത്. അലക്കി പഴക്കം വന്ന, നീലത്തിന്റെ കടുത്ത വര്‍ണങ്ങള്‍ പടര്‍ന്ന ഒറ്റ മുണ്ടിനും  ഇറക്കം കുറഞ്ഞ ബ്ലൌസിനുമിടയില്‍ അവരുടെ ഒട്ടിയ വയറും അതിനു മുകളിലായി പുറത്തേക്ക് ചാടിയ മുഷിഞ്ഞ ബോഡീസിന്റെ  കെട്ടും കാണപ്പെട്ടു.

 പ്രതിയും നേരത്തെ തന്നെ ഹാജരുണ്ടായിരുന്നു. മുഷിഞ്ഞ മുണ്ടും ദോശ മാവ്‌ ചിത്ര ലേഖനം ചെയ്ത നീളം കൂടിയ ബനിയനും ധരിച്ച ഒരു പത്തൊന്‍പതു കാരനായിരുന്നു,അത്. അവന്റെ നനുത്ത, കട്ടി കുറഞ്ഞ മീശയില്‍നിന്നും  നെറ്റിയില്‍ പാറിവീണ മുടിയിഴകളില്‍ നിന്നും വിയര്‍പ്പിന്റെ ചാലുകളൊഴുകി കഴുത്തിനെ നനച്ചു.

                             പടിപ്പുരയുടെ അപ്പുറത്ത് ആകാംക്ഷാ ഭരിതരായ ഒരു പറ്റമാളുകളും പരസ്പരം നോക്കാന്‍ ഭയന്ന് നിശ്ചലരായി നിലകൊണ്ടു.

                  ' ഇവളാ ചത്തു പോയ കുഞ്ഞന്നായരുടെ ഭാര്യയല്ലേ..?' ഹെഡ്‌മാസ്റ്റര്‍ പതുക്കെ ചോദിച്ചു.

                 'കുഞ്ഞന്നായരല്ല, കുഞ്ഞപ്പന്നായര്.. എന്തൊരു മനുഷ്യനായിരുന്നെന്നറിയാമോ ... മ്മടെ ചേര്‍ത്തല പൂരത്തിന് കെട്ടുന്ന ഭീമന്റെതി ഒരു ഇരുമ്പനാരുന്നു അയാള്.. പറഞ്ഞിട്ടെന്തിനാ . രാവിലെ തോട്ടില്‍ കമന്ന് കെടക്കണ പാടാ കണ്ടത്. അറുകൊല അടിച്ചതാന്നാ കണിയാര് പറഞ്ഞെ...'

         ഇവരടെ പിള്ളേരോ..? ഇളയത്‌ വീണ്ടും ചോദിച്ചു.

     അവരുടെ നാല് കുട്ടികളും വീടിനു സമീപത്തായി നില കൊണ്ടിരുന്നു. മൂത്ത മകന്‍ പതിനൊന്നു വയസായ ഗോപാലകൃഷ്ണന്‍ അടുക്കളക്ക് കിഴക്കുവശത്തെ  കുളക്കരയില്‍ നിന്ന്‍ പായലിനിടയിലൂടെ പൊങ്ങിവരുന്ന തവളകളുടെ തലയിലേക്ക്‌ ഉന്നം വച്ച് കല്ചീളുകള്‍  തെറ്റിച്ചു വിടുകയും മഞ്ഞച്ച വയറുകാട്ടി ചത്തു മലക്കുന്ന തവളകളെക്കണ്ട് ആഹ്ലാദ ശബ്ദം പുറപ്പെടുവിക്കുകയും ചെയ്തു. രണ്ടാമത്തെ മകള്‍ സുഭദ്ര ഒരു കൈകൊണ്ട് ഒക്കിലിരുന്ന ഇളയ കുട്ടിയെയും  മറുകൈ അരയില്‍ ഇരിപ്പുറപ്പിക്കാതെ  ഊര്‍ന്നു വീഴുന്ന പാവാട യിലും പിടിച്ചു ഇടക്കിടെ ഇരുട്ടുമുറിയിലെക്കും കമ്മിറ്റി ക്കാരിലേക്കും മാറി മാറി നോക്കി. അടുത്ത കുട്ടി മൂന്നു വയസിന്റെ ഉത്സാഹം നിറഞ്ഞ കണ്ണുകളോടെ ജനലിനപ്പുറം നിന്നു.

              വീണ്ടും എന്തോ സംസാരിക്കാനാഞ്ഞ സെക്രട്ടറിയെ നിശബ്ദനാക്കിക്കൊണ്ട് മാളികയുടെ പടികളിറങ്ങി ഗൃഹ നാഥന്‍ പുറത്തേക്ക് വന്നു. 

              ഇതിപ്പോ.. തനിക്കു മുന്നിലെ ഇരിപ്പിടങ്ങളില്‍ ചൂളിപ്പിടിച്ചിരിക്കുന്ന മൂന്നു പേരോടുമായെന്ന പോലെ അയാള്‍ സംസാരിച്ചു. നായന്മാരുമായി കൂട്ടിത്തോടാതിരിക്കാനായി അകലെ മാറി നിന്ന ശംഭു പോറ്റിയെ അയാള്‍ ഗൌനിച്ചതേയില്ല.
 ഇത്തരം കാര്യങ്ങളില്‍ ഇടപെടുന്നതേ എനിക്ക് നാണക്കേടാണ്. പക്ഷെ എന്റെ വീട്ടില്‍ നടന്ന കാര്യമായത് കൊണ്ട്എനിക്ക് എന്തെങ്കിലും ചെയ്യാതെയും വയ്യ.
 പിന്നല്ലേ.. എല്ലാവരും ഒരേപോലെ പ്രതികരിച്ചു.' അതൊക്കെ ഞങ്ങക്കറിയാവുന്ന കാര്യവല്ലേ.  പറമ്പിലേം പാടത്തേം ചില്ലറ കാര്യങ്ങളാണോ ഒള്ളെ. കൂടാതെ കോടതീലും പോണ്ടെ. എന്ത് പാടാ. എന്നുവച്ച് ഇതൊക്കെ ഒട്ട് ഒഴിവാക്കാനും പറ്റുകില്ല.'
   നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ. എന്റെ ഭാര്യ മരിച്ചിട്ട് ഏഴു കൊല്ലം കഴിഞ്ഞു. കുട്ടികളെ ബോര്‍ഡിങ്ങില്‍ ആക്കിയിട്ടു പോലും എനിക്ക് ഒരു കല്യാണം കഴിക്കണമെന്ന് തോന്നിയിട്ടില്ല.
   ഇങ്ങു ന്നിന്റെ ഭാര്യ... വിധേയത്വം കൊണ്ട് പ്രസിഡന്‍ ടിന്റെ സ്വരം വിറച്ചു. ഇരുപത്തിഏഴാം  വയസ്സില്‍ പ്രസവത്തോടെയല്ലേ പോയത്. കുടുംബത്തിലെ ഏക പെണ്‍തരി. എല്ലാ സ്വത്തിനും അവകാശി. മഹാലക്ഷ്മി. എന്നാലും ഇങ്ങുന്നിനെപ്പോലെ സംയമനം.. ആര്‍ക്കും പറ്റുകില്ല.
     ഏതായാലും ഈ കാര്യത്തിലൊരു തീരുമാനം.. അതായത്   എനിക്ക് പേരുദോഷം വരാതിരിക്കണമല്ലോ. അതാണ്‌ ഞാന്‍ നിങ്ങളെയും വിളിച്ചത്. എനിക്ക് വേണമെങ്കില്‍ രണ്ടിനെയും പറഞ്ഞുവിടാം, ആ പിള്ളേരൊക്കെ പട്ടിണി കിടക്കേണ്ടി വരും. ഈ പയ്യനാണേല്‍ തീരെ ചെറുപ്പവും.

 ഒരു നിമിഷത്തെ നിശബ്ദത യ്ക്കുശേഷം അയാള്‍ കൂട്ടിച്ചേര്‍ത്തു  അല്ല, എന്തു തീരുമാനവും ഇവിടെ എടുക്കാവുന്നതെ ഉള്ള ല്ലോ.

 ശിവരാമാ.. ആ വിളിയുടെ ശക്തിയില്‍  എട്ടുകെട്ടിന്റെ താമര വളയങ്ങളില്‍ കോര്‍ത്തിട്ടിരുന്ന രസക്കുടുക്കകള്‍ വിറച്ചു. നടുമുറ്റത്തു ചുറ്റി നടന്നിരുന്ന ഇളം തെന്നല്‍ ഭയന്ന് സര്‍പ്പക്കാവിലെ ഇലഞ്ഞി മര ചില്ലകളില്‍ പോയൊളിച്ചു.

   ഇത്തവണ ത്തേക്ക്..അയാള്‍ കടുത്ത   ശബ്ദത്തില്‍ വിശദീകരിച്ചു.മേലാല്‍ ഇനി ഇങ്ങിനെ ഒരു കാര്യം കേള്‍ക്കരുത്. ഞാന്‍.

     അവനിതില്‍ കൂടുതലൊന്നും കൊടുക്കാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് അവള്‍ക്കു വേണ്ട ചെലവിനു ഞാന്‍ കൊടുത്തേക്കാം.
 വാക്കുകളുടെ ദ്വയാര്‍ധം രുചിച്ചു് എല്ലാവരും ചിരിച്ചു.

 സഭ പിരിഞ്ഞു.

   ഇരുട്ട് മുറിയുടെ വാതില്ക്കളോളം ചെന്ന് അകത്തേക്ക് നോക്കി ശിവരാമന്‍ നിലവിളിച്ചു.

എന്നാലും കമല്വോമ്മേ.. നിങ്ങളെന്നെ മനുഷ്യെര്ടെ മുഖത്തു നോക്കാന്‍ വയ്യാതാക്കി കളഞ്ഞല്ലോ. നിങ്ങള്‍ടെ ഒടുക്കത്തെ  ഒരു മാളിക തൂപ്പും തോടപ്പും..

 ഭയം കൊണ്ട് വിറുങ്ങലിച്ചു ഇന്ദ്രിയങ്ങളെല്ലാം കൊട്ടിയടയ്ക്കപ്പെട്ടു നിന്ന അവള്‍ ഒന്നും മിണ്ടിയില്ല.
അല്ലേല്‍ നിങ്ങളെ എന്തിനാ പറേന്നെ. നമ്മളൊക്കെ പാവങ്ങളായിപ്പോയില്ലേ.. വലിയവര്‍ക്ക് ഗെര്‍പ്പം ഉണ്ടാക്കാനും അത് തലേ ഏക്കാനും  പാവങ്ങളുണ്ടല്ലോ.

അവന്‍ മൂക്ക് ചീറ്റി നടുമു റ്റത്തെക്കെറിഞ്ഞു .


       

21 comments:

 1. പഴമയെ ഓർമിപ്പിക്കുന്ന രചന.പുതുമയിലേക്ക് വരട്ടെ.ഭാഷ നന്നായി.ആശംസകൾ...

  ReplyDelete
 2. കഥ പറയുന്ന പശ്ചാത്തലം പഴയതെങ്കിലും, കഥ പറയാന്‍ ശ്രമിക്കുന്ന വിഷയം കാലികം തന്നെ..
  ഇപ്പോഴും 'വേലി തന്നെ വിളവു തിന്നുന്നു'. എന്നിട്ടതെ വേലി തന്നെ വിധിക്കുന്നു. നീതിയെ തന്നെ വ്യഭിചരിക്കുന്ന ന്യായാധിപന്മാര്‍..!!!

  ReplyDelete
 3. അല്‍പ്പം പഴയതും ഏറെ അവതരിപ്പിക്കപെട്ടതുമായ പ്രമേയം ആണെങ്കിലും നന്നായി പറഞ്ഞു

  ReplyDelete
 4. ഇത് നിത്യവും തുടരുന്ന കഥ. ആളും അന്തരീക്ഷവും മാത്രം മാറുന്നു...

  ReplyDelete
 5. വിഷയത്തിലെ പഴമയില്‍ കാര്യമില്ല .
  കാരണം അവതരണം നന്നായി.
  ആശംസകള്‍

  ReplyDelete
 6. വളരെ നല്ല ഭാഷ.
  മനോഹരമായി പറഞ്ഞു.
  ഓരോ കഥയും ഒന്നിനൊന്നു മെച്ചപ്പെടുന്നതില്‍ സന്തോഷം

  ReplyDelete
 7. സങ്കല്‍പ്പങ്ങള്‍,നാമൂസ്,അനീഷ്,ഇലഞ്ഞിപ്പൂക്കള്‍,
  എച്മു,മന്‍സൂര്‍,റോസ്..

  വീണ്ടും ഒരിക്കല്‍ കൂടി,സ്നേഹത്തൊടെ...
  ഇതു ശരിക്കും നടന്ന സംഭവം തന്നെയാണ് ആളുകളുടെ പേരുകളില്‍ കുറച്ചു മാറ്റം.അത്രയേഉള്ളു.

  ReplyDelete
 8. സേതു ലക്ഷ്മിയുടെ കഥ വായിച്ചു.
  ഞാന്‍ മുഖക്കണ്ണട യില്‍ നിന്ന് വരുന്നു. കഥയ്ക്ക്
  ലഭിച്ച അഭിപ്രായത്തില്‍ ഞാന്‍ സന്തുഷ്ടനാണ് .

  ReplyDelete
 9. പഴയ വിഷയമാനെന്കിലും പറഞ്ഞ രീതിയില്‍ പുതുമ ഉണ്ട്, വ്യത്യസ്തതയുണ്ട്...

  ആശംസകള്‍...

  ReplyDelete
 10. സേതുവേച്ചി..
  നാമൂസിന്റെ അഭിപ്രായം തന്നെ എനിക്കും.. ഈ വിഷയം കാലികമായ ഒന്ന് ആണ്... അധികാരഗര്‍വിനു മുന്‍പില്‍ നിസ്സഹായനായി കീഴടങ്ങുന്ന കീഴാള ജന്മങ്ങള്‍ പല രൂപത്തിലും ഭാവത്തിലും ഇന്നും സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്... ആ നിലയിലും കഥ എനിക്കേറെ ഇഷ്ടമായി..

  പിന്നെ ചേച്ചി ഇവിടെ പറഞ്ഞപോലെ ഇതൊരു നടന്ന സംഭവമെങ്കില്‍ തീര്‍ച്ചയായും ചേച്ചിയെ അഭിനന്ദിക്കാതെ വയ്യ... പണ്ട് വി.ടി.യും അന്തര്‍ജ്ജനവുമൊക്കെ സ്വന്തം സമുദായത്തില്‍ നടക്കുന്ന ദുരാചാരങ്ങളെ തുറന്നെഴുതിയവര്‍ ആയിരുന്നല്ലോ...ഇന്നും അതിനൊക്കെ ധൈര്യം ഇല്ലാതെ പോകുന്നു പലര്‍ക്കും.. (എന്നെയും കൂടെ ചേര്‍ത്തു പറഞ്ഞതാണ്...)

  കഥയുടെ പുതു മേഖലകളെ കടന്നു എഴുത്ത് തുടരൂ.. ഈ അനിയന്‍ ബ്ലോഗ്‌ യാത്രയില്‍ കൂടെയുണ്ട്..

  സ്നേഹപ്പൂര്‍വം

  ReplyDelete
 11. ആദ്യമായാണ് ഇവിടെ,
  വ്യത്യസ്ഥമായ അവതരണം കൊണ്ട് അതിമനോഹരമാക്കിയ ഈ കഥ വായിക്കാന്‍ പറ്റിയതില്‍ സന്തോഷിക്കുന്നു. വിഷയം പുതുതല്ലെങ്കില്‍ കൂടി അവസാനം വരെ വായനക്കാരനെ പിടിച്ചിരുത്താന്‍ ആഖ്യാനം കൊണ്ട് കഴിഞ്ഞിട്ടുണ്ട്. ഇനിയുമിനിയും ഒത്തിരി ആശയങ്ങള്‍ വര്‍ണാഭമാക്കാന്‍ താങ്കള്‍ക്കുകഴിയട്ടെ എന്നാശിക്കുന്നു.
  ആശംസകളോടെ....പുലരി

  ReplyDelete
 12. കഥ പുതിയതോ പഴയതോ എന്നതല്ല അത് എന്ത് പ്രക്ഷേപിക്കുന്നു എന്നതാണ് കാര്യം. ആ അര്‍ത്ഥത്തില്‍ ഈ കഥ കഥയുടെ കാര്യത്തിലേക്ക് കടക്കുകയും കാര്യത്തെ വിശകലനം ചെയ്യുകയും ചെയ്യുന്നു. വെറുതേ കഥ പറഞ്ഞു പോയിരുന്നെങ്കില്‍, അതിന്റെ വൈകാരികത മാത്രം സ്പര്ശിച്ചിരുന്നെങ്കില്‍ കഥ നന്നായില്ലെന്ന് പറയേണ്ടി വരുമായിരുന്നു.
  എഴുത്തശ്ശന്‍ രാമായണം എഴുതുമ്പോള്‍ എഴുതിയ കഥ തന്നെയാണ് എഴുതുന്നത്‌. പക്ഷേ പുതിയ രീതിയില്‍ വ്യാഖ്യാനത്തില്‍ സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതിയില്‍ എഴുതി എന്നതാണ്. അപ്പോള്‍ പ്രമേയവും കഥയുമല്ല കാര്യം എഴുത്തിന്റെ ശൈലിയാണ്.

  ReplyDelete
 13. നടന്നതും നടക്കുന്നതുമായ സംഭവങ്ങള്‍ മാത്രമേയുള്ളു ഇവിടെ. ഈ കഥാപാത്രങ്ങളെയൊക്കെ ഞാന്‍ കണ്ടിട്ടുള്ളവരും എനിക്കു നല്ല പരിചയമുള്ളവരുമാണ്.കഥ വായിക്കുമ്പോള്‍ ഞാനോര്‍ത്തത് മലബാറിലെ കോഴിക്കോട്ടായാലും തിരുവിതാംകൂറിലെ തിരുവല്ലയിലായാലും ഇവരുടെ രൂപവും ഭാവവും നില്‍പ്പും മനോവ്യാപാരങ്ങളുമൊക്കെ ഇതുതന്നെയാണല്ലോ എന്നാണ്....

  സൂക്ഷ്മനിരീക്ഷണ പാടവം സേതുലക്ഷ്മിക്കഥകളുടെ പ്രത്യകതയാണ്..

  നല്ല വായനാനുഭവം തരുന്നുണ്ട് നിങ്ങളുടെ ഓരോ കഥയും.ഈ പോസ്റ്റ് ഇപ്പോഴാണ് കണ്ടത്.പുതിയ പോസ്റ്റിടുമ്പോള്‍ അസൗകര്യമില്ലെങ്കില്‍ അറിയിക്കുമല്ലോ...

  ReplyDelete
 14. നന്നായി എഴുതിയിട്ടുണ്ട്.

  ReplyDelete
 15. വളരെ നന്നയി എഴുതി ചില വാചകങ്ങള്‍ മനസ്സില്‍ തട്ടുന്നവയാണ് ..അവതരണ ശൈലി .മികവുറ്റത് ..

  ReplyDelete
 16. വളരെ നന്നയി എഴുതി ചില വാചകങ്ങള്‍ മനസ്സില്‍ തട്ടുന്നവയാണ് ..അവതരണ ശൈലി .മികവുറ്റത് ..

  ReplyDelete
 17. സംവേദനക്ഷമതയുള്ള എഴുത്ത്

  ReplyDelete
 18. പാവങ്ങളായിപ്പോയില്ലേ.. വലിയവര്‍ക്ക് ഗെര്‍പ്പം ഉണ്ടാക്കാനും അത് തലേ ഏക്കാനും പാവങ്ങളുണ്ടല്ലോ.
  ഇങ്ങിനെ വിലപിച്ചിരുന്ന കാലമുണ്ടായിരുന്നു ... ഇന്നതൊക്കെ മാറി
  നന്നായി എഴുതി
  ആശംസകളോടെ ... (തുഞ്ചാണി)

  ReplyDelete
 19. അവതരണം നന്നായി ആശംസകൾ...

  ReplyDelete