നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Saturday 17 September 2011

എന്റെ കുട്ടിക്കാലത്ത്‌  ചേര്‍ത്തല ധാരാളം മണല്‍ കുന്നുകള്‍ നിറഞ്ഞ ദേശം ആയിരുന്നു. നോക്കത്താ ദൂരത്തോളം പറന്നു കിടന്നിരുന്ന ഞങ്ങള്‍ വെളി എന്ന് വിളിച്ചിരുന്ന മണല്‍ പാടങ്ങളും. കേരളം ദൈവത്തിന്റെ സ്വന്തം നാടാണെങ്കിലും ദൈവത്തിന്റെ നിലാ രാത്രികള്‍ ചേര്‍ത്തല യിലേതു തന്നെയായിരുന്നു. നിലാവില്‍ തിളങ്ങുന്ന പഞ്ചാര മണല്‍ പരപ്പുകളില്‍ തെങ്ങോലകളുടെ നിഴല്‍ വരയ്ക്കുന്ന അതിസുന്ദര ചിത്രങ്ങള്‍. നിഴലും വെളിച്ചവും മാറി മാറി ഈ ചിത്ര സംയുക്തങ്ങള്‍ ഇടയ്ക്കിടെ വ്യത്യാസപ്പെടുത്തും. 
  ചേര്‍ത്തലയില്‍ ഇന്ന് ആ മണ്കൂനകളും  മണല്‍ ചിത്രങ്ങളും ഇല്ല. ഗ്ലാസ്‌ 
ഫാക്ടറി ക്കാരുടെ അത്യാഗ്രഹം ആ അഭൌമ ചിത്രങ്ങളെ ഇങ്ങിനി വരാതവണ്ണം തേയ്ച്ചു  മായ്ച്ചു   കളഞ്ഞു. എങ്കിലും മനസ്സിലെ ചിത്രങ്ങള്‍ ഇന്നും സജീവം.


2 comments:

  1. ആ പഞ്ചാരമണല്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ ഇവിടെ വാക്കുകളായി പകര്‍ന്നു തരിക..

    ReplyDelete
  2. നാടുള്ളവർ ഭാഗ്യമുള്ളവർ.......കാരണം എത്ര മാറ്റം വന്നാലും എന്റെ നാട് എന്നു പറയാൻ അവർക്ക് ഒരിടം ബാക്കി.... എഴുതൂ ആ നാടിനെക്കുറിച്ച്......

    ReplyDelete