നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Sunday, 25 September 2011

ഒരു പാവം പൂവ്

ഈ പാവം പൂവിനെ പണ്ട്ചേര്‍ത്തലയിലെ കുറ്റിക്കാടുകളിലും പറമ്പുകളിലുംസ്ഥിരം കണ്ടിരുന്നു. ഇളം പച്ച നീണ്ടഇലകള്‍ നിറഞ്ഞ വള്ളികള്‍നിലത്തു പടര്‍ന്നും,ചെറുചെടികളില്‍ പിടിച്ചുകയറിയും നിറയെപൂത്തു കിടക്കുമെങ്കിലും  ഭയപ്പാടോടെ  മാത്രമേ ആ ചെടികളെ  കണ്ടിട്ടുള്ളു. എങ്ങാനും ചെന്ന് തോട്ടുപോയാല്‍ വീട്ടില്‍ ആരുടെയെങ്കിലും ശകാരം ഉറപ്പ്. കാരണം 'മേന്തോന്നി ' എന്നറിയപ്പെട്ടിരുന്ന ഇത് നാട്ടിലെ അസംസ്കൃതമായ ഒരു ആത്മഹത്യാ സാമഗ്രി ആയിരുന്നു. രണ്ടു തരം കിഴങ്ങുകള്‍.മേന്തോന്നിക്കായും കീഴ്തോന്നിക്കായും-കോടാലി  പോലെ വളവു മേലെയും താഴെയും ആയവ. ഒന്ന് തിന്നാല്‍ മറ്റേതു നല്‍കി രക്ഷപെടുത്താമെന്നു പറയുമെങ്കിലും രക്ഷ പെടുന്നവര്‍ അപൂര്‍വമായിരുന്നു. ഓര്‍കിഡിന്റെ  വര്‍ഗ്ഗത്തില്‍ പെട്ട ഒരു ചെടിയാണിത് എന്ന് വളരെ പിന്നീടാണ് മനസ്സിലായത്‌.

 ആത്മഹത്യ യുടെ പേരുദോഷം കൊണ്ട് മാറ്റി നിര്‍ത്തപ്പെട്ട മറ്റൊരു സസ്യമായിരുന്നു, ഒതളം.ജലാശയങ്ങളാല്‍ സമ്പുഷ്ടമായ ഞങ്ങളുടെ നാട്ടില്‍ തോടുകളുടെയും കുളങ്ങളുടെയും അരികുകളില്‍ സമൃദ്ധമായി വളര്‍ന്നിരുന്ന ഇവയെ തീര പ്രദേശ ങ്ങളില്‍ അല്ലാതെ അധികം കണ്ടിട്ടില്ല. ആടിന്റെ തീറ്റയായും വളമായും ഇലകള്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഒതളത്തിനു അല്‍പ്പം സ്വീകാര്യത ഉണ്ടായിരുന്നു എന്ന് മാത്രം. ശുഭ്ര വര്‍ണത്തില്‍ അതീവ ചാരുതയുള്ള അതിന്റെ പൂവുകള്‍ക്ക് ഹൃദയഹാരിയായ സുഗന്ധ്മുണ്ടായിരുന്നു. ഒതളക്കായിന്റെ പരിപ്പെടുത്തു തിന്നാല്‍ വിഷം നേരെ കരളിനെയാണ് ബാധിക്കുക. രക്ഷപെടാന്‍ വളരെ പ്രയാസം. 

               ഇങ്ങനെ എത്ര സസ്യ വൈവിധ്യങ്ങ ളായിരുന്നു ഞങ്ങളുടെ കരപ്പുറത്തിനു സ്വന്തമായുണ്ടായിരുന്നത്! ഓരോ പുല്ലിനും ചെടിക്കും മരത്തിനും കിളിക്കും പേരുകളുണ്ടായിരുന്നു. അവയുടെ ഉപയോഗങ്ങളും ഗുണങ്ങളും എല്ലാവര്ക്കും അറിയാമായിരുന്നു, നന്മകളാല്‍ സമൃദ്ധമായ ആ നാട്ടിന്‍ പുറത്ത്.

    ലില്ലി ചെടിയോടു സാമ്യമുള്ളതും എന്നാല്‍ പൂവിടാത്തതുമായ ഒരു ചെടി പറമ്പില്‍ നിറയെ കിളിര്‍ക്കും. കാന്തങ്ങ എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന അതിന്റെ ഇലകള്‍ വെണ്ടക്കും പാവലിനും ഒക്കെ നല്ല വളമായിരുന്നു. മുത്തശ്ശി മാരുടെ നീട്ടി വളര്‍ത്തി തോടയിട്ട കാതുകള്‍ പോലെ കായ്കളുള്ള  കരി ങ്ങോട്ട    എന്ന മരവും ധാരാളമായി കണ്ടിരുന്നു. കരിങ്ങോട്ടയുടെ ബദാം കായ പോലുള്ള കായിന്റെ കുരു ഉണക്കി അങ്ങാടി മരുന്ന് കടയില്‍ വിറ്റു. ചിത്രശലഭങ്ങള്‍ കൂട്ടമായി വന്നിരുന്നു ജീവന്‍ ഉപേക്ഷിച്ചിരുന്ന കരളുവേഗം എന്ന ചെടിയും ഓര്‍ക്കുന്നു. മുത്തങ്ങ, പരണ്ട, കറുക ഞൊ ട്ടാഞൊടിയന്‍ തുടങ്ങിയ എല്ലാ പുല്ലുകള്‍ക്കും, കദളി, കണ്‍കദളി തന്തല കൊട്ടി, പെരികിലം തുടങ്ങി എല്ലാ കാട്ടു ചെടികള്‍ക്കും പേരുകളുണ്ടായിരുന്നു. മുള്ളന്‍ പായല്‍, അരിപ്പായല്‍,അവില്‍ പായല്‍ കുടപ്പായല്‍ കപ്പപ്പായല്‍ എന്നിങ്ങനെ പായലുകളെയും വേട്ടാ വളിയന്‍, അണ്ടിപ്പിറുക്കന്‍,ഊഴാന്‍ ചാട്ടക്കാരന്‍ എന്ന് പ്രാണി വര്‍ഗങ്ങളെയും പേരിട്ടു വിളിച്ചു. കണ്ണീച്ച, പൂവീച്ച മണിയനീച്ച , പൊട്ടനീച്ച ,പട്ടിയീച്ച എന്നിങ്ങനെ എത്ര ഈച്ചകള്‍..നെയ്യുറുമ്പ്, കാട്ടുറുമ്പു, കട്ടുറുമ്പ്, ചുട്ടുറുമ്പ് ,ചോനല്‍, മിശിര് എന്ന് എത്ര തരം ഉറുമ്പുകള്‍...

              സന്ധ്യ മയക്കത്തില്‍ വീശുന്ന കാട്ടിലെ സുഗന്ധം ഇലഞ്ഞിയുടെതോ കുറു മുള്ളിന്റെയോ , കാട്ടു പിച്ചിയോ കുടക പ്പാലയോ എന്ന് തിരിച്ചറിയാമായിരുന്നു. മാവുകള്‍ തന്നെ എത്ത്രയോ ഇനങ്ങള്‍.. പ്ലാവ് ചേര്‍ത്തലയില്‍   കുറവായിരുന്നു . കുറേ  വീടുകല്ക്കപ്പുറത്തെ വട്ട എന്ന്  പേരുള്ള   അപൂര്‍വ  വൃക്ഷം കാണാന്‍ കൂട്ട് ചേര്‍ന്ന് പോയിരുന്നതും അവിടുത്തെ ചേച്ചി സൌമനസ്യത്തോടെ തന്ന നീണ്ട കാലുകളിലെ പപ്പട വട്ടമുള്ള വട്ടയില കള്‍ കുരുത്തോല പെരുന്നാള് കഴിഞ്ഞു പള്ളിയില്‍ നിന്ന് വരുന്നവരെപ്പോലെ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു നടന്നതും ഓര്‍മയിലിന്നുമുണ്ട്.

              എത്ര മോഹനമായിരുന്നു,ആ കുഗ്രാമ ദൃശ്യങ്ങള്‍. ഇന്നത്തെ അണുകുടുംബങ്ങളിലെ കുട്ടികള്‍ക്ക് വിശ്വസിക്കാന്‍ പോലും സാധിക്കില്ല. 

         പ്രകൃതി മാറിയിട്ടൊന്നുമില്ല. മാറിയത് മനുഷ്യന്‍ മാത്രമാണ്. ഇന്നും കുറച്ചു നാള്‍ ഭൂമി വെറുതെ ഇട്ടിരുന്നാല്‍ എന്തെല്ലാം സസ്യ ജാലങ്ങള്‍  മുളച്ചു വരുന്നു. ആ പ്രദേശ ങ്ങളില്‍ കാണാത്തവ പോലും. അത്ഭുതം തോന്നാറുണ്ട്. 

         എന്തൊരു മഹാത്ഭുതമാണീ പ്രകൃതി..!!!

   

6 comments:

 1. മണ്‍ മറയുന്ന പ്രകൃതി ദൃശ്യങ്ങള്‍.. നന്നായി ഈ ഓര്‍മ്മപ്പെടുത്തല്‍ .. തിരക്കുകള്‍ തീരുമ്പോള്‍ മനുഷ്യന് ഈ കാഴ്ചകള്‍ കാണാന്‍ ആയുസ്സില്ലാതെ പോകും.. ദൈവത്തിന്റെ ഓരോ വികൃതികള്‍ .. മനുഷ്യന്‍ അന്തമില്ലാത്ത ഓട്ടം തുടരട്ടെ..

  ReplyDelete
 2. അതെ, വെറുതെയിട്ടിരുന്നാൽ വൻ നഗരത്തിന്റെ ഒത്ത നടുവിൽ പോലും അനേക ജാതി വൃക്ഷങ്ങൾ മുളച്ചു വന്ന് ഒരു കാടുണ്ടാവുമെന്ന് ഞാൻ കണ്ടിട്ടുണ്ട്, പാവം പൂവെ. അനേക ജാതി കിളികൾ ആ കാട്ടിൽ നമുക്ക് പാട്ടുകൾ പാടിത്തരും. പ്രകൃതി എന്ന മഹാൽഭുതം....

  പിന്നെ ഉമ്മത്തിൻ കായയെ എഴുതിക്കണ്ടില്ല. അതോ ആ ദേശത്ത് അതില്ലായിരിയ്ക്കുമോ?

  എഴുത്ത് നിറുത്തരുത് കേട്ടൊ.

  ReplyDelete
 3. You cud hv given some photos too!

  ReplyDelete
 4. നാട്, എനിക്കെന്നും വേദനയാണ്.എന്നല്ല എന്റെ കഴിഞ്ഞ നിമിഷം വരെയും എനിക്ക് വേദന മാത്രം.ഞാന്‍ ചേര്‍ത്തല കാര്‍ത്യായനി ക്ഷേത്രത്തില്‍ വന്നിട്ടുണ്ട്. ഒരു സിനിമാ പാട്ടിന്റെ തുമ്പത്ത് പിടിച്ചു. വേറെയും ചില രസകരമായ ഓര്‍മ്മകള്‍ ആ ദേശം എനിക്ക് തരുന്നുണ്ട്.
  "സന്ധ്യ മയക്കത്തില്‍ വീശുന്ന കാട്ടിലെ സുഗന്ധം ഇലഞ്ഞിയുടെതോ കുറുമുള്ളിന്റെയോ,കാട്ടു പിച്ചിയോ കുടക പ്പാലയോ എന്ന് തിരിച്ചറിയാമായിരുന്നു" ---
  ചില വൃശ്ചിക രാത്രികളില്‍ മാന്നാറില്‍ എന്റെ വീടിനടുത്തുള്ള പാലകള്‍ പൂവിടാറുണ്ട് .അത് ശരിക്കും മദനോത്സവത്തിനു കെട്ടുന്ന പൂവ് തന്നെ എന്ന് എനിക്ക് അപ്പോഴൊക്കെ തോന്നീട്ടുണ്ട് ----
  ചേര്‍ത്തല വിശേഷം നന്നായി.

  ReplyDelete
 5. ഞാനും വായിച്ചു ഈ പ്രകൃതിചിത്രം.. ഇതിലൂടെ എന്‍റെ കുട്ടിക്കാല്‍ത്തേക്കും നാട്ടിന്‍പുറത്തേക്കും തിരിഞ്ഞൊന്ന് നടക്കുകയും ചെയ്തു.. ഇത്രയും വശ്യമായൊരു പോസ്റ്റിന്‍ എന്തേ ഇത്ര കുറച്ച് പ്രതികരണങ്ങളെന്ന് ആശ്ചര്യം തോന്നാതിരുന്നില്ല.

  ReplyDelete
 6. ഈ മരുഭൂമിയിലേക്കെത്താൻ എനിക്ക്‌ ചേർത്തല വഴി വരേണ്ടി വന്നു. കരിഞ്ഞു കിടക്കുന്ന ഈ നാട്ടിൽ ഒരു മഴ വന്നാൽ എവിടെ നിന്നെന്നറിയില്ല കാടുപോലെ ചെടികൾ വളർന്നു വരും .
  ചേർത്തലയെപ്പറ്റി ഓർക്കുമ്പോൾ പൂഴിയിലൂടെ നടക്കാൻ വരുന്ന പ്രയാസമാണിന്നും ഓർമ്മയിൽ...

  ReplyDelete