നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Monday 12 December 2011

വര്‍ത്തമാനകാലം


സുജാത ബസ്‌  സ്റ്റോപ്പിലെത്തിയപ്പോള്‍ 5.30 ന്‍റെ മേരിമാതാ പോയിക്കഴിഞ്ഞിരുന്നു.

ആളും ആരവവുമില്ലാതെ  ബസ്‌ സ്റ്റോപ്പ്‌...

   ഒരിക്കലും ഇത്ര വൈകി പോകേണ്ടി വന്നിട്ടില്ല, സുജാതയ്ക്ക്.  4.20ന്റെ വഞ്ചിപ്പുഴ.അല്ലെങ്കിൽ ഏറ്റവും  വൈകി നാല്  അൻപതിന്റെ  ശ്രീകൃഷ്ണൻ.പിന്നെ പറഞ്ഞു മാത്രം കേട്ടിട്ടുള്ള 5.30ന്റെ മേരിമാതായും. അതിനപ്പുറം ഒരു ബസിന്റെ  ആവശ്യം വന്നിട്ടില്ലാത്തതു കൊണ്ട് അതേപ്പറ്റി അന്വേഷിച്ചിട്ടില്ല, ഇതേവരെ.

സുജാതയ്ക്കു കരച്ചിൽ വന്നു.

നാലു മണിക്ക്,അവസാന ക്ലാസ് കഴിഞ്ഞുവന്ന് പതിവു പോലെ ബാഗും കുടയും എടുത്തപ്പോഴാണ് പ്രിൻസിപ്പൽ സിസ്റ്റർ കടന്നു വന്നത്.  അവർ മുഖവുരയൊന്നും കൂടാതെ പറഞ്ഞു,സുജാതാ... ലീന ടീച്ചർ ലീവല്ലേ,11 ബിയിലെ മാർക്ക് ലിസ്റ്റ് ശരിയായിട്ടില്ല.സുജാത അതൊന്നു നോക്കീട്ടു പോയാൽ മതി.'

   തിരിഞ്ഞു നടക്കുന്ന സിസ്റ്ററിന്റെ കണ്ണുകളിലെ ഗൂഢമായ സംത്രുപ്തി കണ്ടില്ലെന്നു നടിച്ചു,സുജാത. ഒരു അണൈഡഡ് സ്കൂൾ ടീച്ചറുടെ നിസ്സഹായത. എതിർത്തൊന്നും പറയാനാവില്ല. ഉടനുണ്ടാവും മറുപടി.ഡൊണേ ഷൻ തരാൻ കഴിവുള്ളവർ എത്രയെങ്കിലുമുണ്ട്.  ശമ്പളവും പ്രശ്നമില്ല. യൂ പ്ലീസ് റിസൈൻ..
മോനിപ്പോൾ വന്നു കാണും. അവനു കുറേശ്ശെ പേടിയാവുന്നുമുണ്ടാവും. ഒരിക്കലും താമസിച്ചിട്ടില്ലാത്ത അമ്മയെ ഓർത്ത് അവനിപ്പോൾ കരഞ്ഞുതുടങ്ങിക്കാണും. അല്ലെങ്കിൽ എപ്പോഴുമെന്നപോലെ ഗേറ്റിൽ ചാരിയിരുന്നു മയങ്ങുന്നുണ്ടാവും. അപരിചിതങ്ങളായ സാഹചര്യങ്ങളിൽ ഉണ്ടാകാനിടയുള്ള വിപത്തുകളെയോർത്ത് സുജാത എന്നും ഗേറ്റു പൂട്ടിയാണു പോരാറുള്ളത്. അതു കൊണ്ടു കുട്ടിക്ക് അകത്തു കയറാനും പറ്റില്ല. സ്കൂൾ വാനിൽ നിന്നിറങ്ങി ഗേറ്റ്ചാരി നിൽക്കുമ്പോളേക്കും തന്നെ അവൻ ഉറക്കം തൂങ്ങിത്തുടങ്ങും. എത്ര പറഞ്ഞാലും ദേഷ്യപ്പെട്ടാലും അവനതിൽ നിന്നു രക്ഷപ്പെടാൻ പറ്റില്ല. രാവിലെ പാതിയുറക്കത്തിൽ സ്കൂളിലേക്കു തിരിക്കുന്ന ഏഴു വയസ്സുകാരനെ അതിനു കുറ്റം പറയാനും പറ്റില്ല.

എതിരെ വന്ന സൈക്കിള്‍ സുജാതയുടെ സമീപം പെട്ടെന്ന് ബ്രേക്കിട്ടു. സ്കൂളിലെ പ്യൂണ്‍ വിശ്വനാണ്.

    ' അയ്യോ.. സുജാത ടീച്ചറിപ്പോഴും ഇവിടെ നിക്കുവാണോ...? അറിഞ്ഞില്ലേ..., ജങ്ഷനില്‍ എങ്ങാണ്ട് ഓട്ടോ ഡ്രൈവറും ബസ്സിലെ കിളിയും തമ്മില്‍ അടിയൊണ്ടായി. ഇപ്പൊ രണ്ടു കൂട്ടരും സ്ട്രൈക്ക്. ഇന്നിനി ബസ്സ് വരാന്‍ സാധ്യതയില്ല ടീച്ചറെ..
സുജാതയ്ക്ക് ശ്വാസം നിലച്ചപോലെ തോന്നി.

'ഇനി എന്ത് ചെയ്യും,വിശ്വാ..?' അവള്‍ കരയുന്ന സ്വരത്തില്‍ ചോദിച്ചു.
വിശ്വന്‍ ഒരു നിമിഷം ആലോചിച്ചു.

' ടീച്ചറൊരു കാര്യം ചെയ്യ്‌. ഒരു അര മണിക്കൂര്‍ നടന്നാല്‍ തോട്ടപ്പടി കവലേലെത്തും. മറ്റേ ജില്ലേന്നു വരുന്ന ബസ് അതുവഴി പോന്നൊണ്ട്. അവിടെ സ്റ്റോപ്പോന്നുമില്ല.എന്നാലും ഇന്നത്തെ സിറ്റുവേഷനില്‍ അവരവടെ നിര്‍ത്തി ആളെ കേറ്റാണ്ടിരിക്കൂല. നേരെ നടന്നാല്‍ മതി.' പിന്നെ ഒട്ടൊരു സന്ദേഹത്തോടെ കൂട്ടിച്ചേര്‍ത്തു. 'ഞാന്‍ സൈക്കളേല്‍ കൊണ്ട് വിടണോ...?'

 വേണ്ടെന്നു തലയാട്ടി,വെയില്‍ മയങ്ങുന്ന വഴിയിലൂടെ സുജാത വേഗം വേഗം നടന്നു.

    തോട്ടപ്പടി കവല... എവിടെയായിരിക്കും അതെന്ന്‍ അവള്‍ക്കൊരു പിടിയുമുണ്ടായിരുന്നില്ല. ഈ വര്‍ഷമാണ്‌ അവള്‍ സ്കൂളില്‍ ചേര്‍ന്നത്‌ തന്നെ. അതിനു രണ്ടു മാസം മുന്‍പാണ് വാടക വീട്ടിലേക്കു താമസം മാറ്റിയതും. സൌദിയില്‍ ജോലി ചെയ്യുന്ന അവളുടെ ഭര്‍ത്താവിനു ഒട്ടും സമ്മതമുണ്ടായിരുന്നില്ല. നീയും മോനും തനിച്ച് .ഞാനെങ്ങിനെ ഇവിടെ സമാധാനമായി ഇരിക്കും എന്ന് എല്ലാ വെള്ളിയാഴ്ച സംഭാഷണങ്ങളിലും അയാള്‍ കാതരമായി ആവര്‍ത്തിച്ചു കൊണ്ടിരുന്നു. സുജാതയ്ക്ക് ഭര്‍ത്താവിന്റെ വീട്ടിലെ താമസം വല്ലാതെ മടുത്തിരുന്നു.രക്ഷപ്പെടാനുള്ള അവസരം നഷ്ടപ്പെടുത്താന്‍ തയാറായില്ല അവള്‍. മോനെ ടൌണിലെ ഏറ്റവും നല്ല സ്കൂളില്‍ ചേര്‍ക്കാനാവും എന്ന പ്രലോഭനത്തിലാണ് അയാള്‍ സമ്മതിച്ചതും സുജാത മകനുമൊത്ത് അല്ലലില്ലാത്ത പുതിയ ജീവിതം തുടങ്ങിയതും.


പൊടുന്നനെ ഇടവഴിയില്‍ നിന്നും ഒരു പറ്റം കന്നുകാലികള്‍ റോഡിലേക്ക് ചാടി വന്നു. സുജാത പേടിച്ചു അരികിലേക്ക് മാറി. വരാനിരിക്കുന്ന അനിവാര്യമായ വിധി അറിഞ്ഞെന്നപോലെ നനവാര്‍ന്ന കണ്ണുകളോടെ അവ സുജാതയെ നോക്കി. പിന്നെ പിറകില്‍ നിന്നുള്ള ആക്രോശം കേട്ട് ഇനി നടക്കാനാവില്ല എന്ന് തോന്നും വിധം തളര്‍ന്ന കാലുകള്‍ നീട്ടി അവ വേഗം വേഗം നടന്നു.

സുജാത വീണ്ടും മകനെപ്പറ്റി ഓര്‍ത്തു. സാധാരണ അഞ്ചോ പത്തോ മിനിട്ടിന്റെ വ്യത്യാസത്തില്‍ സുജാത എത്താറുള്ളതാണ്. എന്റെ കുട്ടി കരയുകയായിരിക്കുമോ ഈശ്വരാ..' അവള്‍ ഉത്കണ്ഠപ്പെട്ടു.

അവള്‍ കവലയിലെത്തിയപ്പോള്‍ പ്രകാശം മങ്ങിത്തുടങ്ങിയിരുന്നു. കവല എന്ന് പറയാന്‍ ഒന്നുമില്ല. രണ്ടു ഗ്രാമീണ റോഡുകള്‍ കൂടിച്ചേരുന്നു എന്ന് മാത്രം. പി.ഡബ്ലു.ഡി വക നന്ദിയും സ്വാഗതവും ഓതുന്ന മഞ്ഞ ബോർഡുകളല്ലാതെ ഒരലങ്കാരവുമില്ല. കുറെ ദൂരെയായി ഒരു പെട്ടിക്കടയുടെ പാര്‍ശ്വ വീക്ഷണം മാത്രം..

സുജാത വഴിയരികിലേക്ക് നീങ്ങി നിന്ന്. മുഖവും കഴുത്തും സാരിത്തലപ്പു കൊണ്ട് തുടച്ചു.

റോഡിനപ്പുറത്തു നിന്നും ഒരു പെണ്‍കുട്ടി അവളുടെ അടുത്തേക്ക് വന്നു.  മന്ദാര മഞ്ഞ നിറമുള്ള ചൂരിദാറണിഞ്ഞ വെളുത്തു മെലിഞ്ഞ ഒരു കുട്ടി. 'ഞാന്‍ കുറെ നേരമായി ബസ് നോക്കി നില്‍ക്കുന്നു. ബസ്സൊന്നും വന്നില്ല. വേറെ ആള്‍ക്കാരും വന്നില്ല. ചേച്ചിയെ കണ്ടപ്പോള്‍ സമാധാനമായി.'

 ചേച്ചി കൃഷ്ണപുരത്തെക്കാണോ...?

സുജാത മൂളി.

എനിക്ക് മേലെപ്പള്ളി വഴി നടക്കാവിലേക്ക് പോകുന്ന ബസ്സാ കിട്ടേണ്ടത്. എതിർ വശത്തേക്ക്. പക്ഷെ അവിടെ നില്‍ക്കാന്‍ പറ്റുന്നില്ല. കുറെ നേരമായി ശല്യം തുടങ്ങിയിട്ട്.
ഇനി ബസ്സൊന്നും വരില്ല,വീട്ടില്‍ വിടാം എന്നൊക്കെ പറഞ്ഞിട്ട്......'

എതിര്‍ സൈഡില്‍ ബൈക്കില്‍ ചാരി അലസമായി നില്‍ക്കുന്ന രണ്ടു യുവാക്കളെ അപ്പോഴാണ്‌ സുജാത കണ്ടത്. കറുത്ത ടീഷര്‍ട്ടും ജീന്സുമണിഞ്ഞ് മുടി നീട്ടി വളര്‍ത്തിയ ഒരുവന്‍ ഇങ്ങോട്ട് തന്നെ നോക്കി നില്‍ക്കുന്നു. ഇരുളിന്റെ മറവില്‍ അപരനെ ശരിക്ക് കാണാനാവുന്നില്ല.

...കുട്ടിയെന്താ ഇത്ര താമസിച്ചത്..?

അസൈന്റ്മെന്റ് സൈന്‍ ചെയ്യിക്കണമായിരുന്നു. ക്ലാസ് കഴിഞ്ഞു ടീച്ചേഴ്സ്സ് റൂമില്‍ ചെന്നാലേ സാര്‍ സൈന്‍ ചെയ്യൂ. ദൂരെ പോകണ്ടാതാന്നു പറഞ്ഞാലൊന്നും സമ്മതിക്കില്ല. ഓരോ വല്ലാത്ത വർത്തമാനങ്ങളൊക്കെ പറഞ്ഞു സമയം കളയും. കേട്ട് നിന്നാലേ സൈന്‍ ചെയ്യൂ. അല്ലെങ്കില്‍ ഇല്ലാത്ത കുറ്റമൊക്കെ പറഞ്ഞു കുറേ നടത്തും. അത് കൊണ്ട് എല്ലാവരും സഹിക്കും...

   എന്ത് പറയണമെന്നറിയാതെ സുജാത നിന്നു.കുട്ടി റോഡിലേക്ക് എത്തിനോക്കി തിരിച്ചു വന്നു.'ഒന്നും വരുന്നില്ല...'

 ' എനിക്ക് രണ്ടു ബസ്സ് കയറണം,കോളെജിലേക്ക്. ഇടയ്ക്ക് വച്ചാ സമരം തുടങ്ങിയെ. അപ്പൊ തന്നെ ബസു  നിർത്തി എല്ലാരേം ഇറക്കി. പിന്നെ ഒത്തിരി നടക്കേണ്ടി വന്നു...'

 എന്താ കുട്ടീടെ പേര്...?

'പ്രത്യുഷ.. എല്ലാരും ഉഷേന്നാ വിളിക്കാറ്...'

പ്രത്യുഷ.. പ്രഭാതത്തിലെ നീഹാര സ്നിഗ്ധമായ മന്ദാരപ്പൂവുപോലെയുള്ള ഈ പെണ്‍കുട്ടിയ്ക്ക് ഇതിനേക്കാള്‍ നന്നായി ചേരുന്ന മറ്റൊരു പേരില്ല.

ഇതിനു മുന്‍പൊക്കെ വഴിയില്‍ എന്തെങ്കിലും പ്രശ്നമുണ്ടായാല്‍ ചേട്ടന്‍ ബൈക്കില്‍ വന്നു കൊണ്ടു പോകും. എന്ത് തിരക്കുണ്ടെങ്കിലും എന്നും വൈകിട്ട് ഞങ്ങളുടെ സ്റ്റോപ്പില്‍ വന്നു ഞാന്‍ എത്തിയോ എന്ന് ഉറപ്പാക്കീട്ടെ എങ്ങോട്ടെങ്കിലും പോകൂ. ക്ലാസ് തീരുമ്പൊളേക്ക്  മൊബൈലില്‍ വിളി തുടങ്ങും.അവള്‍ ചെറുതായി ചിരിച്ചു.

  സുജാതയ്ക്ക് പെട്ടെന്ന്‍ ഈറ തോന്നി. എന്നിട്ട ആ  ശ്രദ്ധക്കാരന്‍ ചേട്ടന് ഇന്നെന്തു പറ്റി.. ഈ ഇരുള്‍ വഴിയില്‍ അനിയത്തി തനിച്ചാണെന്ന കാര്യം മറന്നു പോയിരിക്കുമോ..?

 'പിന്നെന്താ ചേട്ടന്‍ വരാതിരുന്നത്..? 'സുജാത ചോദിച്ചു.

ചേട്ടന്‍... അവള്‍ നെഞ്ചോടു ചേര്‍ത്തു പിടിച്ചിരുന്ന റെക്കൊഡ് ബുക്കിലൂടെ വിരലോടിച്ചു മുഖം കുനിച്ചു.
 മെഡിക്കല്‍ റെപ്പായിരുന്നു. കഴിഞ്ഞ മാസം  ഗാന്ധി സ്ക്ക്വയറിൽ വച്ച്... പത്രത്തില്‍ പടമുണ്ടായിരുന്നു...

സുജാത ഓര്‍ത്തു. ബസുകളുടെ മത്സര ഓട്ടത്തിന്റെ രക്ത സാക്ഷി എന്നോ മറ്റോ തലക്കെട്ടോടു കൂടി പത്രത്തിന്റെ മുന്‍ പേജില്‍ തന്നെയുണ്ടായിരുന്നു,ഗാന്ധി സ്ക്ക്വയറിലെ ആക്സിഡെന്റിന്റെ വാര്‍ത്ത. ചരിഞ്ഞു കിടക്കുന്ന ബൈക്കിനടിയിലെ വെളുത്ത ചെറുപ്പക്കാരന്റെ ചോര വാര്‍ന്നു കരുവാളിച്ച മുഖം അന്ന് സുജാതയെ ഒരുപാടു വേദനിപ്പിച്ചിരുന്നു...

അച്ഛന്‍ കാർഗിലിലായിരുന്നു. എന്നും വിളിക്കുമായിരുന്നു. കുഴപ്പമൊന്നുമില്ല, പേടിക്കണ്ട എന്ന് പറയുമായിരുന്നു എന്നും. യുദ്ധം തീരാറായതാ. ഇനി കുഴപ്പമൊന്നുമില്ലാന്നു ഞങ്ങളും സമാധാനിച്ചിരിക്കുമ്പോഴാ അച്ഛന്‍...അവള്‍ വിതുമ്പി. പിന്നെ ഷാളിന്റെ തുമ്പുയര്‍ത്തി കണ്ണ് തുടച്ചു.

തകര്‍ന്നു പോയാരുന്നു ഞങ്ങള്‍. ചേട്ടനാ അന്ന് എന്നേം അമ്മേം സമാധാനിപ്പിച്ചതും ധൈര്യപ്പെടുത്തിയതുമൊക്കെ. എന്നിട്ട ചേട്ടന്‍ ഒരു വാക്ക് പോലും പറയാതെ... അവളുടെ മിഴികള്‍ പിന്നെയും പെയ്യാന്‍ തുടങ്ങി.

 റോഡ്‌ ക്രോസ്സ് ചെയ്തു ചെറുപ്പക്കാര്‍ രണ്ടുപേരും അവരുടെ അടുത്തേക്ക് വന്നു.

  ഒരുവന്‍ കറുത്തു മെലിഞ്ഞ്..നീണ്ട മുടി അലസമായി മുഖത്തു വീണു കിടക്കുന്നു. കഴുത്തിലും കയ്യിലും നിറമുള്ള ചരടുകള്‍ കെട്ടി അവയില്‍ ഏലസ്സുകളും മറ്റും തൂക്കിയിട്ട്. അപരന്‍ ഇരുനിറത്തില്‍ തല പറ്റെ വടിച്ച്..അവന്റെ ഇടുങ്ങിയ കണ്ണുകളിലും മുഖത്തും ഭീഷണമായ ഭാവം.

  സുജാതയുടെ ഉള്ളില്‍ ഭയം നിറഞ്ഞു തുടങ്ങി. കുട്ടി അല്‍പ്പം കൂടി സുജാതയോടു ചേര്‍ന്ന് നിന്നു. ഇരുള്‍ വീണു കഴിഞ്ഞു. വഴിയിലെങ്ങും ആരുമില്ല. മുനിഞ്ഞു കത്തുന്ന വഴി വിളക്കിന് ചുവട്ടില്‍ മങ്ങിയ വൃത്തത്തില്‍ മാത്രം പ്രകാശം.

 ഗുണ്ടകളാ ചേച്ചീ.പെണ്‍കുട്ടി ശബ്ദം താഴ്ത്തി മന്ത്രിച്ചു.  കോളേജിന്റെ മുന്‍പില്‍ എപ്പോഴും കാണും. മൊബൈലില്‍ പെണ്‍കുട്ടികളുടെ പടമെടുക്കുകയുമൊക്കെ. എല്ലാവർക്കും പേടിയാ...

 ഒരാള്‍ സുജാതയുടെ അടുത്തു വന്ന് വലത്തെ  കയ്യിലിരുന്ന പേപ്പറിലേക്ക് എത്തിവലിഞ്ഞു നോക്കി.
ടീച്ചറാണല്ലേ..? പിള്ളേരെയൊക്കെ ജയിപ്പിച്ചിട്ടുണ്ടോ ടീച്ചറെ...?
സുജാത അവന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി.

'അയ്യോ.. ടീച്ഛര്‍ക്കപ്പോഴത്തെക്ക്  ദേഷ്യം വന്നോ..? സോറി. തമാശ പറഞ്ഞതല്ലേ.പോട്ട്. ക്ഷമിച്ചു കള.'
പിന്നെ പെട്ടെന്ന് പെണ്‍കുട്ടിയുടെ നേരെ തിരിഞ്ഞു അവളുടെ ഷാളിന്റെ അറ്റത്തു പിടിച്ചു വലിച്ചു.

' മോളെ.. ചേട്ടനെപ്പം തൊട്ടു  വിളിക്കുന്നതാ..  ഒരു തീരുമാനമെടുക്കാതിങ്ങനെ നിന്നാലെങ്ങനാ..?'

' ഏയ്‌.. മാറി നില്‍ക്ക്...' സുജാത അലറി. എന്തും ചെയ്യാമെന്ന് കരുതരുത്....'
അയ്യോടാ.. അവന്‍ ഇളിച്ചു ചിരിച്ചു.  ടീച്ചറ് പ്രതികരിക്കുവാണോ..? പിന്നെ കൂട്ടുകാരനെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു. ' ഡാ.. ദേ... ഈ   ടീച്ചര്‍ പ്രതിഘരിക്കുന്നു....'

     അപരന്‍ മിന്നല്‍ പോലെ സുജാതയുടെ അടുത്തെത്തി. മുഖം മുഖത്തോടു കഴിയുന്നത്ര അടുപ്പിച്ചു ഭീഷണമായി മന്ത്രിച്ചു.

' വീട്ടില്‍ കെട്ടിയവനും പിള്ളേരുമൊക്കെയില്ലേ..? അവരുടെ കാര്യം നോക്കിയാ പോരെ..? വെറുതെ കൈ പൊള്ളിക്കണോ... കാലം വല്ലാത്തതാ.. പറഞ്ഞേക്കാം...'

വല്ലാത്ത കാലം.. സുജാത പെട്ടെന്ന് മകനെ ഓര്‍ത്തു.  കളിസ്ഥലങ്ങളില്‍ നിന്നും വഴിയോരങ്ങളില്‍ നിന്നും ഒരു കണ്‍ ചിമ്മും നേരം കൊണ്ട് മറഞ്ഞു പോകുന്ന കുഞ്ഞുങ്ങള്‍.. വികൃതമാക്കപ്പെട്ടും മുറിച്ചു നീക്കിയും ഇല്ലാതാവുന്ന പെണ്‍കുട്ടികള്‍...

ഇരുള്‍ വീണ വഴിയില്‍ അടഞ്ഞ ഗേറ്റിനു മുന്‍പില്‍ നിശ്ശബ്ദമാക്കപ്പെടുന്ന ഒരു നിലവിളി അവള്‍ക്കു ചുറ്റും പ്രതിധ്വനിച്ചു.
ചേച്ചീ.. പെണ്‍കുട്ടിയുടെ മുഖം ഭയം കൊണ്ട് മ്ലാനമായിരുന്നു. ചേച്ചി എന്റെ ബസു വരും മുന്‍പ് പോകല്ലേ.. എനിക്ക് പേടിയായിട്ടു വയ്യ...

 .. എനിക്കു പോകാതെ വയ്യ. എന്റെ മോൻ തനിച്ചാണ്. സുജാതയുടെ സ്വരം ഇടറി. 'ഇനി എന്റെ ബസ് ആദ്യം വന്നാൽ കുട്ടി എന്റെ കൂടെ പോന്നോളൂ...'

  അയ്യോ..വീട്ടിൽ അമ്മ തനിച്ചേ ഉള്ളു. അവളുടെ സ്വരം നേർത്തു. അഛൻ മരിച്ചതോടെ അമ്മ മാനസികമായി തകർന്നു. സംസാരമൊക്കെ കുറച്ചു. ചേട്ടന്റെ സംഭവത്തോടെ തീരെ മിണ്ടാതായി. എപ്പോഴും ഒരിടത്തിരിക്കും. എന്തു ചെയ്യണമെങ്കിലും പുറകേ നടന്ന് പറയണം.  ഞങ്ങൾക്കിവിടെ വേറെ ആരുമില്ല. ഞാൻ കതകു പൂട്ടിക്കൊണ്ടു പോരും. അമ്മയും കൂടി നഷ്ടമായാൽ പിന്നെ...അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു.

... ചേട്ടൻ എപ്പോഴും പറയുമായിരുന്നു, ഏതു സങ്കടത്തിനുമപ്പുറം ഒരത്ഭുതം നമ്മളെ കാത്തിരിപ്പുണ്ടാവും എന്നു വിശ്വസിക്കണമെന്ന്... ഞാനിപ്പോഴും ഇടയ്ക്കൊക്കെ ശ്രമിക്കാറുണ്ട്. പറ്റാറില്ല എങ്കിലും...

 ഇവളുടെ ബസ്സാണ് ആദ്യം വരുന്നതെങ്കിലോ..? സുജാത ഭയത്തോടെ ഓർത്തു. ഇരുളിന്റെ മറവിൽ പാപികൾക്ക് പതിനെട്ടും ഇരുപത്തൊൻപതും തമ്മിൽ വലിയ വ്യത്യാസമുണ്ടാവാനിടയില്ല....

എന്നാലും ജീവന്‍ മുഴുവനായി നഷ്ട്ടപ്പെടാത്ത ഇരയ്ക്ക് ചുറ്റും അക്ഷമയോടെ പറക്കുന്ന കഴുകന്മാരെപ്പോലെ ചുറ്റിത്തിരിയുന്ന ഈ അധമന്മാര്‍ക്ക്‌ മുന്നില്‍ ഈ കുട്ടിയെ ഞാനെങ്ങിനെ  ഉപേക്ഷിച്ചു  പോകും.... അടച്ചിട്ട വാതിലിനുള്ളില്‍ സമയ ബോധമില്ലാതെ ഇരിക്കുന്ന ഒരമ്മയ്ക്ക് ഏക ആലംബമായ മകള്‍ ഈ രാത്രിയില്‍ തിരിച്ചെത്തിയിട്ടില്ല എന്ന അറിവുപോലും ഉണ്ടാകാനിടയില്ല...

അപ്പോള്‍,ഇന്നേവരെ പരിചയമില്ലാത്ത ഇരുട്ടിലേക്ക് നോക്കി അമ്മയെ വിളിച്ചു കരയുന്ന ഒരു ഏഴു വയസ്സുകാരന്‍ കുട്ടിയോ...? ഇനിയും അപഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ അവനാരാണ് തുണ....?

ഈശ്വരാ.. ഈ നിസ്സഹായതയില്‍ ഞാനാരെയാണ് ആശ്രയിക്കേണ്ടത്.!!


അകലെ നിന്നും വെളിച്ചത്തിന്റെ പ്രളയവുമായി ഒരു ബസ് അവര്‍ക്ക് മുന്‍പില്‍ ബ്രേക്കിട്ടു.'കൃഷ്ണപുരം വഴി താലൂക്കാശുപത്രി.. കിളി തല പുറത്തേക്കിട്ടു വിളിച്ചു പറഞ്ഞു.'ഈ റൂട്ടിലേക്കുള്ള ലാസ്റ്റ് ബസ്സാ ഇത്..

തന്റെ കയ്യിലെ മെലിഞ്ഞ കൈപ്പിടിത്തം തട്ടി മാറ്റി സുജാത ബസ്സിനു നേരെ ഓടി. എനിക്കെന്തു ചെയ്യാനാവും... അവള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു. അഭയം തേടിയ ഇരക്ക് പകരം സ്വന്തം മാംസം നല്‍കാന്‍ ഞാന്‍ ശിബി ചക്രവർത്തിയൊന്നുമല്ലല്ലോ..

ബസ്സിനകത്തുനിന്ന് സുജാത പുറത്തേക്ക് പാളി നോക്കി. പെണ്‍കുട്ടി എതിര്‍ വശത്തെ മങ്ങിയ വെളിച്ചത്തിലേക്ക് മാറിയിരിക്കുന്നു.മുഖം കുനിച്ചു നില്‍ക്കുന്ന അവള്‍ ആകെ വിറയ്ക്കുന്നു  എന്ന് തോന്നി. ചെറുപ്പക്കാര്‍ ബൈക്ക് ഇരുളില്‍ നിന്ന് നീക്കാനുള്ള ശ്രമത്തിലാണ്...

ഇനി....??

ഇനി....ഒന്നുമില്ല. അവസാനത്തെ തെളിവും ഇല്ലാതാക്കി പകലുദിക്കുമ്പോള്‍ സൂര്യന് ഇന്നത്തേതിലും വ്യത്യാസം ഒന്നും തന്നെ ഉണ്ടാവില്ല.പ്രതിയും ന്യായാധിപനും ഒരാള്‍ തന്നെയായ ഈ ക്രൂരമായ വർത്തമാന കാലത്തില്‍ ഇല്ലാതിരിക്കേണ്ടത് മനസാക്ഷി മാത്രം...
                                            

 പൊടുന്നനെ, നിരാലംബമായ ഏതോ ആത്മാവുകളുടെ നിസ്സഹായമായ നിലവിളി കേട്ടിട്ടെന്നപോലെ എതിര്‍ വശത്തുനിന്നു ഒരു ബസ് ചീറിപ്പാഞ്ഞു വന്നു. അതിന്റെ പ്രകാശിക്കുന്ന ബോര്‍ഡില്‍ 'മേലെപ്പള്ളി വഴി നടക്കാവ്' ' എന്നവള്‍ വ്യക്തമായും വായിച്ചു.

അടക്കിയിട്ടും അടങ്ങാത്ത ഒരു നിലവിളിയോടെ സുജാത സീറ്റിലേക്ക് ചാഞ്ഞു....







44 comments:

  1. നിസ്സഹായരായ രണ്ട് സ്ത്രീകളുടെ അവസ്ഥയെ വരച്ചിട്ടത് ഭംഗിയായി.
    കഥയാണ്‌ എന്നത് മറന്നുപ്പോയി വായനയില്‍ .
    അത്രക്കും മനോഹരമായി പറഞ്ഞു.
    അഭിനന്ദനങ്ങള്‍ സേതുലക്ഷ്മി

    ReplyDelete
  2. കഥയുടെ കൂടെ സഞ്ചരിച്ചു വായിച്ചു... എന്ന് പറയുന്നതാണ് ശരി... കാരണം അച്ഛനെയും ചേട്ടനെയും കുറിച്ച് പറഞ്ഞപ്പോള്‍ സങ്കടം തോന്നി... മകനെ കുറിച്ച് പറഞ്ഞപ്പോള്‍ ആ ഒരു ഫീലും കിട്ടി...അങ്ങനെ ഓരോന്നും അനുഭവിച്ചു വായിച്ചു.. അവസാനം എന്തോ അരുതാത്തത് സംഭവിക്കും എന്ന പേടി...

    എന്തായാലും ശുഭാന്ത്യം... ഞാനും ഒരു ദീര്ഗ ശ്വാസത്തോടെ കസേരയിലേക്ക് ചാരിയിരുന്നു...

    അഭിനന്ദനങ്ങള്‍...

    ReplyDelete
  3. വല്ലാത്തകാലത്ത്, നിസ്സഹായരായ രണ്ട് സ്ത്രീകളുടെ വിഹ്വലതകള്‍ നെഞ്ചില്‍ തറയ്ക്കും വിധം വരച്ചു കാട്ടി.
    കഥയ്ക് ഒരു ശുഭാന്ത്യം നല്‍കിയത് ഏതായാലും നന്നായി. അല്ലെങ്കില്‍ വായനക്കാരുടെ ചങ്ക് പൊട്ടിയേനെ.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  4. ഒരായിരം നിസ്സഹായതയുടെ നിലവിളികളില്‍ ചിലത് മാത്രം കേള്‍ക്കുന്നു. എല്ലാത്തിലും ഇങ്ങനെ സംഭവിചെങ്കില്‍.....

    ReplyDelete
  5. സേതുലക്ഷ്മിയുടെ കയ്യൊപ്പു പതിഞ്ഞ കഥ..നന്നായി പറഞ്ഞു..അഭിനന്ദനങ്ങൾ..

    സസ്നേഹം,
    പഥികൻ

    ReplyDelete
  6. ഹോ... സേതുവേച്ചിയെ.. വല്ലാത്തൊരു വീര്‍പ്പുമുട്ടലില്‍ കഥ വായിച്ചു തീര്‍ത്തൂ... കഴിഞ്ഞ കഥയുടെ ക്ഷീണം ഇതില്‍ പലിശ സഹിതം തീര്‍ത്തിരിക്കുന്നു.. വന്ദനം..

    എനിക്ക് തോന്നിയ ഒരു കാര്യം പറയട്ടെ ചേച്ചി... കഥയില്‍ അവസാനത്തെ പാരഗ്രാഫ് പറയാതിരുന്നെങ്കില്‍ ഒരു പക്ഷെ വായനക്കാരനെ കൂടുതല്‍ വിശാലമായ ഭാവനാ തലത്തിലേക്ക് ഈ കഥ ഉയര്‍ത്തിയാനെ...

    അവിടെ വായനക്കാരന് ചിന്തിക്കാന്‍ പലതുണ്ട്.. സ്വാര്‍ത്ഥവിചാരങ്ങളില്‍ മാനുഷികമൂല്യങ്ങള്‍ തട്ടിയെറിഞ്ഞു കടന്നു പോകുന്ന ടീച്ചറെ നമുക്ക് കീറി മുറിക്കാം..

    ആ പെണ്‍കുട്ടിക്ക് സംഭവിച്ചേക്കാവുന്ന ദുരന്തത്തെ വായനക്കാരനു സ്വയം പൂരിപ്പിക്കാന്‍ ശ്രമിക്കാം..

    അല്ലെങ്കില്‍ ഒന്നും സംഭവിക്കാതെ ഈ കഥയിലെ പോലെ കുട്ടിക്ക് പോവാനുള്ള ബസ്‌ ഉടനെ വരുമെന്ന് ശുഭാപ്തി വിശ്വാസം കൂറാം..

    അത് വായനക്കാരനിലേക്ക് എറിഞ്ഞു കൊടുത്ത് കഥ അവസാനിപ്പിച്ചിരുന്നെങ്കില്‍ ...

    എന്നെ പോലെ ശ്വാസമടക്കിപ്പിടിച്ചു വായിച്ചവര്‍ക്ക് ഇപ്പൊ ഈ കഥയില്‍ അവസാന വാചകങ്ങള്‍ സമാധാനം തരുന്നുണ്ട്.. ഇവിടെ സേതുവേച്ചിയും ആ കഥാപാത്രത്തിന് ആ സമാധാനം കൊടുക്കാന്‍ ശ്രമിച്ചതാവാം.. എന്തായാലും ഭീകരവും മനോഹരവുമായ വായനാനുഭവമായി ഈ കഥ...

    സ്നേഹപൂര്‍വ്വം
    അനിയന്‍

    ReplyDelete
  7. നല്ല ഒരു കഥ നന്നായി പറഞ്ഞു .
    വര്‍ത്തമാന യാഥാര്‍ത്ഥ്യം എന്ന് പറയാവുന്ന രചന. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും സൂര്യനസ്തമിച്ചാല്‍ ഭീതിയുടെ നെടുവീര്‍പ്പുകള്‍ കൊണ്ട് വീര്‍പ്പു മുട്ടുന്ന സ്ത്രീ സമൂഹം . അവരുടെ വിഹ്വലതകള്‍ കഥയില്‍ സേതുലക്ഷ്മി നന്നായി വരച്ചിട്ടു .
    ആശംസകള്‍

    ReplyDelete
  8. സന്ധ്യാ സമയത്ത് പെട്ട് പോകുന്ന രണ്ടു സ്ത്രീകളുടെ അവസ്ഥ ഭംഗിയായി വരച്ചു കാട്ടി ,പക്ഷെ സന്ദീപ്‌ പറഞ്ഞത് പോലെ ഒരല്‍പം എഡിറ്റിംഗ് കൂടെ നടത്തിയിരുന്നെങ്കില്‍ കഥ ഒരു പാട് ഉയര്‍ന്ന ലെവലില്‍ എത്തിയേനെ .അഭിനന്ദനങ്ങള്‍ ..

    ReplyDelete
  9. ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോൾ, ജോലി കഴിഞ്ഞ് ഓഫീസിൽ നിന്നിറങ്ങാൻ അല്പം വൈകുമ്പോൾ, ആൾത്താമസം കുറഞ്ഞ തെരുവിലെ ഒറ്റപ്പെട്ട വീട്ടിൽ തനിച്ചായിപ്പോകുമ്പോൾ.....സേതു ....നമ്മൾ ഇങ്ങനെ പിടഞ്ഞ് പിടഞ്ഞ് വേദനിച്ച് ആധിപ്പെട്ട് എത്ര കാലമായി നിൽക്കുന്നു? എന്നിട്ട് വെള്ളിടിവെട്ടി കൈതപൂക്കുന്നതു മാതിരി ഒരൽഭുതത്തിൽ ഒരു ബസ്സ്, മനുഷ്യത്വമുള്ള ഒരു ജീവൻ...അങ്ങനെ ചില യാദൃച്ഛികതകളുടെ പ്രത്യക്ഷപ്പെടലുകളിൽ അടുത്ത ആധികൾക്കുള്ള ഒരുക്കത്തിനായി നമ്മൾ നമ്മളെ ആശ്വസിപ്പിയ്ക്കുന്നു.....ഹോ! തൽക്കാലം നമ്മൾ രക്ഷപ്പെട്ടുവല്ലോ

    കഥ വളരെ നന്നായി.ഇനിയും എഴുതൂ. അഭിനന്ദനങ്ങൾ.

    ReplyDelete
  10. സേതുലക്ഷ്മി കഥ മനോഹരമായി പറഞ്ഞു.
    അഭിനന്ദനങ്ങള്‍

    ReplyDelete
  11. പ്രിയ മൻസൂർ, മനോജ്,
    വേണു, സിയാഫ്,ലീല..
    എപ്പോഴും ആദ്യം തന്നെ വന്ന് അഭിപ്രായം പറയുന്ന ഖാദു,പൊട്ടൻ, പഥികൻ..
    പ്രിയ അനിയൻ സന്ദീപ്,
    ഹൃദയത്തോടു ചേർന്നു നിൽക്കുന്ന എച്മു..

    കഥ നന്നായി എന്നു പറയുമ്പോഴും കൂടുതൽ നന്നാക്കാനുള്ള മാർഗ നിർദേശം നൽകുമ്പോഴും നിങ്ങൾ തരുന്ന ആത്മവിശ്വാസത്തിനു ഞാനെങ്ങിനെയാണു നന്ദി പറയേണ്ടത്..
    സന്ദീപും സിയാഫും അഭിപ്രായപ്പെട്ട പോലെ അവസാന പാരഗ്രാഫ് ഒഴിവാക്കി എഴുതാൻ ഞാൻ ആലോചിച്ചതാണ്. പക്ഷെ, ചെറിയൊരു ശുഭാപ്തി വിശ്വാസമെങ്കിലും ഇല്ലാതെ, ദൈവത്തിൽ നിന്നെങ്കിലുമുള്ള ഒരൽഭുതമില്ലാതെ, എങ്ങിനെയാണു നമ്മളീ കഷ്ടകാലത്തെ അതിജീവിക്കുക...!!

    ReplyDelete
  12. സേതുലക്ഷ്മി ചേച്ചി ..കഥ ഇഷ്ട്ടായി ട്ടോ ...ഇത് പൊലെ ഓരോ സുജാതമാരാണ് സൂര്യനെല്ലിയും വിതുരയുമൊക്കെ നമ്മുക്ക് തന്നത് ..നിസഹായത ഒരു ശാപം തന്നെയാണ് ...സ്വന്തം മാംസം നല്‍കാന്‍ ഞാന്‍ ശിബി ചക്രവർത്തിയൊന്നുമല്ലല്ലോ.. ഈ വരികള്‍ മനസ്സില്‍ വിഷമം ഉണ്ടാക്കി .. ഈ തവണയും വരവ് വെറുതെ ആയില്ല

    ReplyDelete
  13. ഇഷ്ടപ്പെട്ടു.
    വായനയുടെ അവസാനം വരെ സൃഷ്ടിച്ച ആ ഒരു ആധി ദേ ഇപ്പോള്‍ അങ്ങ് പോയി.ആശ്വാസം.
    വളരെ നല്ല കഥ

    ReplyDelete
  14. ഏതു സങ്കടത്തിനുമപ്പുറം ഒരത്ഭുതം നമ്മളെ കാത്തിരിപ്പുണ്ടാവും എന്നു വിശ്വസിക്കാം..!

    നല്ല എഴുത്ത്..!
    അവസാനം വരെ ആകാംഷയോടെ വായിച്ചു.

    ആശംസകളോടെ..പുലരി

    ReplyDelete
  15. മനോഹരമായ രചന ഒഴുക്കോടെ വായിച്ചു. അഭിനന്ദനങ്ങള്‍.

    ReplyDelete
  16. വളരെ നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍..

    ReplyDelete
  17. കഥ വളരെ നന്നായി പറഞ്ഞു. വളരെ നല്ല ഒഴുക്കുണ്ടായിരുന്നു. വായന വിരസമാകാതെ വായനക്കാരനെ പിടിച്ചിരുത്തുവാന്‍ കഴിയുക കഥാകാരിയുടെ മിടുക്ക് തന്നെയാണ്. പ്രമേയത്തില്‍ പുതുമ എന്ന് പറയാന്‍ ഒന്നുമില്ല എങ്കില്‍ പോലും വിരസത സൃഷ്ടിക്കാതെയുള്ള എഴുത്തിലൂടെ കഥ കൈയടി നേടുന്നു.

    നല്ല രീതിയില്‍ പറഞ്ഞ ഒരു കഥക്ക് ചേര്‍ന്ന പേരായില്ല എന്നത് ഒരു പോരായ്മയായി തോന്നി.

    ReplyDelete
  18. ആ ബസ്സ് വന്നില്ലായിരുന്നുവെങ്കില്‍., പ്രഭാതത്തിലെ നീഹാരസ്നിഗ്ധമായ മന്ദാരപ്പൂവുപോലെയുള്ള അബലയായ ആ പെണ്‍കുട്ടിയെ അധമന്‍മാര്‍ക്കിടയില്‍ വലിച്ചെറിഞ്ഞ കുറ്റം ചെയ്ത എഴുത്തുകാരിയെ വായനക്കാര്‍ വെറുതെ വിടില്ലായിരുന്നു... - കഥാപാത്രങ്ങളുമായി അത്രമാത്രം താതാത്മ്യം പ്രാപിച്ചു പോവുന്നുണ്ട് വായനക്കാര്‍....

    ആ ബസ് വരാതിരിക്കുക., അല്ലെങ്കില്‍ അതിനെപ്പറ്റി മൗനം ഭജിക്കുക എന്നെല്ലാമുള്ള സാധ്യതകളിലൂടെ കഥയെ കുറേക്കൂടി ഉയര്‍ന്ന ഒരു പ്ലാറ്റ്ഫോമിലേക്ക് കയറ്റിവെക്കാം, സമ്പന്നമായൊരു ഭാവതലം സൃഷ്ടിക്കാം, വായനക്കാരെ അസ്വസ്ഥരാക്കാം.. എന്നെല്ലാം അറിഞ്ഞിട്ടും അങ്ങിനെ ചെയ്യാന്‍ അശക്തയായിപ്പോയ എഴുത്തുകാരിയെയും, അവര്‍ക്ക് എഴുത്തിനോടുള്ള ആത്മാര്‍ത്ഥതയും നന്നായി മനസിലാവുന്നുണ്ട്....

    സേതുലക്ഷ്മിയുടെ കഥകളുടെ ക്രാഫ്റ്റിന്റെ മികവിനെക്കുറിച്ച് ഞാന്‍ പറയേണ്ടതില്ലല്ലോ...

    എല്ലാവിധ ആശംസകളും... പ്രാര്‍ത്ഥനകളും...

    ReplyDelete
  19. പ്രദീപേട്ടൻ പറഞ്ഞപോലെ ആ ബസ്സിനെ വരുത്തിയതു തന്നെ എഴുത്തുകാരിയുടെ നന്മ. വായനയുടെ അവസാനം വരെ ഒരു മുൾമുനയിൽ നിർത്തി. മനോഹരമായ ഒരു കഥ. അഭിനന്ദനങ്ങൾ..

    ReplyDelete
  20. ബസ്സ് പ്രതീക്ഷിച്ചുള്ള നടത്തത്തിൽപോലും മകനെക്കുറിചിന്തിച്ചതും, അവന്റെ കാത്തുനിൽ‌പ്പ് വിശദീകരിച്ചതും വളരെ നല്ലത്. അവസാനംവരെ ആകാംക്ഷ നിലനിർത്തിയ നല്ല എഴുത്ത്. അനുമോദനം നൽകുന്നു....(കഥാമത്സരത്തിലേയ്ക്ക് ‘കഥ’ അയയ്ക്കുമല്ലൊ, തീർച്ചയായും.)

    ReplyDelete
  21. സേതു ലക്ഷ്മിയുടെ കഥ നന്നായി.
    അവസാന നിമിഷം വരെ ഉദ്വേഗം നില നിര്‍ത്തി.
    ആശംസകള്‍

    ReplyDelete
  22. ആ ബസ്സ് വന്നത് നന്നായി.
    ഇല്ലേല്‍, സുജാതക്കെങ്ങനെ കണ്ണാടി നോക്കാനാവും..?

    ReplyDelete
  23. കഥാവസാനം വരെ ആ രണ്ട് സ്ത്രീകളിലൊരുവള്‍ ഞാനായിരുന്നു..അത്രയും അനുഭവിപ്പിച്ചു ഓരോവരികളും.. ആ ബസ്സ് വന്നില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇനിയൊരു കഥ വായിക്കാന്‍ ഇവിടെ വരാന്‍ ഞാന്‍ ധൈര്യപ്പെടുമായിരുന്നില്ല..

    എഴുത്തിനെ കുറിച്ചെന്തുപറയാന്‍..പൂര്‍ണ്ണമായുമൊരു സേതുലക്ഷ്മി കഥ.. കാത്തിരിക്കുന്നു അടുത്തതിനായ്...

    ReplyDelete
  24. This comment has been removed by a blog administrator.

    ReplyDelete
  25. ആദ്യമായാണീ വഴി.
    ഹോ, ശരിക്കും പേടിപ്പിച്ചു.
    എങ്ങനെ ഇങ്ങനെ മുൾമുനയിൽ നിർത്തി എഴുതാൻ സാധിക്കുന്നു ?
    അഭിനന്ദനങ്ങൾ

    ReplyDelete
  26. കരൾ പിളരും കാലം.....

    നന്നായെഴുതി.നല്ല കഥ.

    ReplyDelete
  27. പുതിയ സാമൂഹിക കാലാവസ്ഥ വരച്ചിടുന്നതില്‍ കഥ വിജയിച്ചു. ആശംസകള്‍ ....

    ReplyDelete
  28. അതിമനോഹരം എന്ന ഒറ്റവാക്ക് ..!!

    ReplyDelete
  29. VALARE MANOHARAMAYI PARANJU..... pinne blogil film awards paranjittundu abhiprayam parayane...........

    ReplyDelete
  30. കഥ നന്നായി...പറഞ്ഞ രീതിയും...അല്പം വായനക്കാരുടെ ഭാവനയ്ക്ക് വിട്ടു കൊടുത്തിരുന്നെങ്കിൽ കുറച്ചുകൂടെ ആകർഷകമായേനെ...ആശംസകൾ

    ReplyDelete
  31. പൈമ,ജയന്‍.ജയരാജ്..നിസാര്‍,നാമൂസ്,
    പ്രഭന്‍,അഷ്രഫ്,മുല്ല..
    പ്രിയ റോസ്..
    ഹൃദയം നിറഞ്ഞ്..നന്ദി.
    പ്രദീപും ജെഫിയും, ഇലഞ്ഞിപ്പൂക്കളും,കഥയുടെ അവസാനത്തെപ്പറ്റി ഉണ്ടായ ആശങ്ക മാറ്റി.
    സീത, ഈ അഭിപ്രായം ശ്രദ്ധിക്കുമല്ലോ.
    മനോരാജ്, ഇതിനെക്കാള്‍ നല്ല ഒരു പേര്‍ എനിക്കു കണ്ടെത്താന്‍ കഴിഞ്ഞില്ല.
    നിലേഷും കലാവല്ലഭനും, പ്രവീണ്‍ മാഷും ഈ വഴി വന്നതില്‍ സന്തോഷം ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  32. ഹോ!! നെഞ്ചിടിപ്പോടെയാണ് വായിച്ചത്, ഇത്തരം നിസ്സഹായ സാഹചര്യങ്ങളില്‍ പലതവണ പെട്ട് പോയിട്ടുണ്ട്. ഒരു തീരുമാനം - ഏതെടുത്താലും തെറ്റും എന്ന് തോന്നുമ്പോള്‍...ധര്‍മ്മസങ്കടങ്ങള്‍..

    കഥ അങ്ങനെ തന്നെ അവസാനിപ്പിച്ചത് നന്നായി.

    ReplyDelete
  33. കഥ ആശങ്കയില്‍ തന്നെ അവസാനിപ്പിക്കാമായിരുന്നു. എങ്കിലേ മനസ്സുകളില്‍ എന്നുമെന്നും അത് ആര്ത്തലക്കൂ. ഒരു പൂര്‍ണ്ണ വിരാമം വേണമെന്ന് എന്തിന് വാശി പിടിക്കണം.

    കഥ മനോഹരമായി എന്നു തന്നെ പറയട്ടെ.

    ReplyDelete
  34. വളരെ മനോഹരമായി പറഞ്ഞ നല്ലൊരു കഥ

    ReplyDelete
  35. നന്നായി അവതരിപ്പിച്ചു. ഒരു പ്രത്യേക മൂഡ്‌ സൃഷ്ടിക്കാന്‍ കഴിഞ്ഞു.

    ReplyDelete
  36. ചേച്ചി,
    നന്നായി. . . .
    ഒരു കഥ വായിച്ചു തുടങ്ങുമ്പോള്‍ അറിയാം ഇത് മുഴുമിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന്. ആദ്യത്തെ വരി മതി. .

    "സ്റ്റോപ്പിലെത്തിയപ്പോള്‍ 5.30 ന്‍റെ മേരിമാതാ പോയിക്കഴിഞ്ഞിരുന്നു."
    ഇനി എന്ത് സംഭവിക്കും സുജാതയ്ക്ക്?
    തുടര്‍ന്ന് വായിക്കാന്‍ ഇത് മാത്രം മതി

    വായനക്കാരനെ ഒരു സ്ഥലത്ത് നിര്‍ത്തിയിട്ടു കഥാകാരന്‍ കഥ പറഞ്ഞു പോകരുത്. . വായനക്കാരനെ കൂടെ കൊണ്ട് പോകാന്‍ പറ്റണം, അതില്‍ ചേച്ചി വിജയിച്ചിരിക്കുന്നു

    ആശംസകള്‍

    ReplyDelete
  37. വീണ്ടും സൗമ്യമാ൪ നിലവിളിക്കപെടുന്നു.
    എന്റെ നെഞചില്‍ സത്യമായും ഒരു പിരിമുറുക്കം മനോഹരം

    ReplyDelete
  38. പ്രിയ സേതുലക്ഷ്മി..അടുത്തിടെ ബ്ലോഗില്‍ കണ്ട മനോഹരമായ കഥകളില്‍ ഒന്ന്.
    അഭിനന്ദനങ്ങള്‍.
    പാത്രസൃഷ്ട്ടിയില്‍ നന്നായി വിജയിച്ചു എന്നുതന്നെ പറയാം. (ഗുണ്ടകളുടെ വിവരണം അല്‍പ്പം ബാലഹീനമാണ്‌ എന്നും തോന്നി.) വായിക്കുമ്പോള്‍ അനുവാചകന് അനുഭവപ്പെടുന്ന പിരിമുറുക്കം കഥയുടെ വിജയം തന്നെ.

    ReplyDelete
  39. അക്ഷരങ്ങൾ കൊണ്ട് വരച്ച് അനുഭവങ്ങളാക്കി തീർക്കുന്ന രചനാവൈഭവത്തിനൊപ്പം ഭയം കലർന്ന ജിജ്ഞാസയുടെ മുൾമുനയിൽ നിർത്തിയ ആവിഷ്കാരവും കൂടി ചേർന്ന് തികച്ചും ശക്തമായൊരു സൃഷ്ടി... എഴുത്ത് മനോഹരം...

    അഭിനന്ദനങ്ങൾ...

    ReplyDelete
  40. മനോഹരമായ രചന ഒഴുക്കോടെ വായിച്ചു. അഭിനന്ദനങ്ങള്‍.

    ReplyDelete
  41. നല്ല ഒഴുക്കോടെ ആദ്യാവസാനം വരെ വായിക്കാന്‍ കഴിഞ്ഞ കഥ. എന്ത് ചെയ്യണം എന്നറിയാതെ വരുന്ന ചില നേരങ്ങള്‍ ഇപ്പോഴത്തെ കാലത്തിന്റെ മാറ്റത്തിന്റെ തിരക്കില്‍ നാം നേരിടേണ്ടി വരുന്നു. അപ്പോള്‍ സ്വന്തം കാര്യം എന്നിടത്തെക്ക് തന്നെ തിരിയുന്നു.
    നല്ല കഥ.ഇഷ്ടപ്പെട്ടു.

    പുതുവത്സരാശംസകള്‍.

    ReplyDelete
  42. പലപ്പോഴും ജീവിതത്തിൽ സംഭവിക്കുന്നത്..സ്വന്തം ജീവിതത്തിലേക്കുള്ള തിരിച്ചു പോക്കിന്റെ സ്വാർത്ഥത..കുറ്റബോധത്തിൽ നിന്ന് രക്ഷപ്പെടാൻ ചില ശുഭാപ്തി വിശ്വാസങ്ങൾ

    ReplyDelete
  43. വായനക്കാരെ മുള്ളിൽ നിറുത്തി കഥാന്ത്യം വരെ കൂട്ടികൊണ്ടുപോയിരിക്കുന്നു

    ReplyDelete
  44. tension adippichu kalanjallo..
    nannayirikkunnu

    ReplyDelete