നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Thursday 29 December 2011

മഞ്ഞു പോലെ. . .

         



   റോഡ്‌  പൊതുവെ വിജനമായിരുന്നു. ഇടയ്ക്കിടെ പാഞ്ഞു പോകുന്ന വാഹനങ്ങളൊഴിച്ചാല്‍. മഞ്ഞിന്റെ നേര്‍ത്ത ആവരണത്തില്‍ നിന്നും ഇടയ്ക്കിടെ മുഖം കാണിക്കുന്ന ശവ്വാല്‍ മാസ നിലാവ്.

എഫ് എംമില്‍ ജഗജിത് സിംഗിന്റെ സ്വര്‍ഗീയ നാദം....

     ചിരാഗ് ഓ അഫ്താബ് ഹും ബഡീ ഹസീന്‍ രാത് ഥി...
     ശബാബ് കീ നത്വാബ് ഹും ബഡീ ഹസീന്‍ രാത് ഥി...

ഹര്‍ഷന് ആകെ ഒരു ഉന്മേഷം തോന്നി.

       ഗോവയുടെ രാവുകള്‍ക്ക്, പ്രത്യേകിച്ച് മഞ്ഞിന്റെ വെളിയടയ്ക്കുള്ളിലൂടെ നിലാവ് പാളി നോക്കുന്ന കാര്‍ത്തിക മാസ രാവുകള്‍ക്ക് , അഭൌമമായ ഒരു കാന്തിയുണ്ടെന്നു അയാള്‍ക്ക് എപ്പോഴും തോന്നാറുണ്ട്. ഒരു രാത്രിയെങ്കിലും ഇതാസ്വദിക്കാനായി എല്ലാ വര്‍ഷവും എട്ടനൊപ്പം വന്നു താമസിക്കാനും മറക്കാറില്ല.
"പ്രായം കഴിഞ്ഞിട്ടും പെണ്ണ് കെട്ടാത്തത് കൊണ്ടാണിത്തരം വട്ട്..." എന്ന് ഏട്ടത്തിയമ്മ പറയാറുണ്ടെങ്കിലും...

       മിനുസമായ  റോഡിലൂടെ ഗെറ്റ്സ് തെന്നി നീങ്ങി...

      ഷോയുടെ റിവ്യൂസ് പത്രത്തിന് മെയ്‌ല്‍ ചെയ്തിട്ട് കേരളത്തില്‍നിന്നെത്തിയ സെലിബ്രിറ്റി ഡയറക്ടറുടെ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുമ്പോഴാണ് നിയാസ്‌ ചെവിയില്‍ മന്ത്രിച്ചത്."എടാ, ഷാനില്‍ ഇന്ന് വനേസയുടെ പേപ്പര്‍ ബേഡ് . വരുന്നോ?"

     കാണാന്‍ ഒരുപാട് ആഗ്രഹിച്ച ചിത്രം. ഗോവയിലെ ചലച്ചിത്രമേള റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വരുമ്പോഴൊക്കെ ഏതെങ്കിലുമൊരു ക്ലാസ്സിക്‌ ഫിലിം തരപ്പെടാറുണ്ട്. എങ്കിലും അവിചാരിതമായി കിട്ടിയ അവസരം പ്രയോജനപ്പെടുത്താന്‍ തന്നെ തീരുമാനിച്ചു, സമയക്കുറവുണ്ടെങ്കിലും. നാളെ കോഴിക്കോട് അത്യാവശ്യമായി എത്തേണ്ടതാണെന്നും മറന്നു.

ഫിലിം കണ്ടു വരുമ്പോള്‍ പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു.

     വീട്ടില്‍ച്ചെന്ന് ഒരു നല്ല കുളി കഴിഞ്ഞു ചെറിയൊരുറക്കം. വെളുക്കാറാവുമ്പോഴേക്കും ഏട്ടന്റെ ഡ്രൈവര്‍ ഡബോലിമില്‍ കൊണ്ടുചെന്നുവിടുംകിംഗ്ഫിഷര്‍ അസാധാരണമായി ലേറ്റ് ആയില്ലെങ്കില്‍ രാവിലെ കൃത്യ സമയത്ത് പത്രമോഫീസില്‍ റിപ്പോര്‍ട്ട്‌ ചെയ്യാം.
    എഫ് എംമില്‍ ഇപ്പോള്‍ ജഗ്ജിതിനു പകരം  ചിത്ര പാടുന്നു. ..

     പെട്ടെന്നാണ് മുന്നില്‍ റോഡ്‌ സൈഡില്‍ നിന്നൊരു രൂപം റോഡിലേക്കു കയറിയത്, കാര്‍ നിര്‍ത്താനാവശ്യപ്പെട്ടു കൈ നീട്ടി. സഡന്‍ ബ്രേക്ക്‌ ഇടേണ്ടി വന്നു.

ഒരു  പെണ്‍കുട്ടി. വെളുത്ത, കാലറ്റം വരെ വരുന്ന ഫ്രോക്കണിഞ്ഞ്, കൈകളില്‍ മൃദുലമായ ഗ്ലൌസുകള്‍ അണിഞ്ഞ, മഞ്ഞുപോലുള്ള ഒരു യുവതി. അവളുടെ ചെമ്പന്‍ മുടിയിഴകളില്‍ അപ്പോള്‍വീണ മഞ്ഞു തുള്ളികള്‍...

   സൈഡ് ഗ്ലാസ് താഴ്ത്തി എന്ത് എന്ന ഭാവത്തില്‍ നോക്കി...

  "...പ്ലീസ് ...ഇഫ്‌ യു ഡോണ്‍ട് മൈന്‍ഡ്‌...ഗിവ് മി എ ലിഫ്റ്റ്‌ ...ടെന്‍ത് ക്രോസ് സ്ട്രീറ്റില്‍ വരെ..."

    രാത്രികളിലെ ഗോവയെ വിശ്വസിക്കരുതെന്ന് ഏട്ടത്തി എപ്പോഴും ഓര്‍മിപ്പിക്കാറുണ്ട്. പ്രത്യേകിച്ചും പെണ്‍കുട്ടികളെ. പക്ഷെ, ഈ പെണ്ണ് എന്ത് ചെയ്യാനാണെന്നെ?

അവളുടെ വിടര്‍ന്ന ബ്രൌണ്‍ കണ്ണുകളില്‍ യാചന...

    കതകു തുറന്നു കൊടുത്തു.

"താങ്ക്സ്", സൈഡിലേക്ക് കഴിയുന്നത്ര ഒതുങ്ങി അവള്‍ ആശ്വാസം കൊണ്ടു. "ഒരുപാട് നേരമായി ഇവിടെ നില്‍ക്കുന്നു ഞാന്‍..."

"പക്ഷെ ഇത്ര രാത്രിയില്‍...? ഈ സമയത്ത് ഒരു ലിഫ്റ്റ്‌ കിട്ടുമെന്ന് പ്രതീക്ഷിച്ചത് സര്‍പ്രൈസാണ്."

"താമസിച്ചു പോയി...ഒരുപാട്. പക്ഷെ പോകാതെ പറ്റില്ല."

"ടെന്‍ത് ക്രോസില്‍ എവിടെ? എനിക്ക് അല്പം തിരക്കുണ്ട്‌... "

"ഇല്ല. താങ്കളെന്നെ മെയ്ന്‍ റോഡില്‍ വിട്ടാല്‍ മതി. അവിടെ അടുത്ത് തന്നെയാണെന്റെ വീട്. ഞാന്‍ പൊയ്ക്കൊള്ളാം.

പിന്നെ തന്നോടായിട്ടെന്ന പോലെ പറഞ്ഞു...

"എന്റെ മമ്മ... മമ്മയുടെ ബര്‍ത്ത്ഡേയാണിന്ന്...മമ്മ തനിച്ചാണ്...എനിക്ക് ചെല്ലാതെ പറ്റില്ല..."

അവളുടെ ശുദ്ധമായ ബ്രിട്ടീഷ്‌ ഇംഗ്ലീഷ് അക്സെന്റ് അയാള്‍ക്കിഷ്ടപ്പെട്ടു.

"മേ ഐ നോ യുവര്‍ ഗുഡ്‌ നേം പ്ലീസ്?"

"അയാം ജാനറ്റ്...ജാനറ്റ് ഡിസൂസ...ആന്‍ഡ്‌ യു?

"ഹര്‍ഷന്‍. ഞാന്‍ ഒരു ജേര്‍ണലിസ്റ്റ്‌ ആണ്'...ഫിലിം ഫെസ്റ്റിവല്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വന്നു...നിന്നെക്കണ്ടാല്‍ ആംഗ്ലോ ഇന്‍ഡ്യനാണെന്ന് തോന്നില്ല... ഫോറിനെറാണെന്നാണ് ഞാന്‍ കരുതിയത്‌..."

"ഐ ആം റാതെര്‍..."അവള്‍ പുഞ്ചിരിച്ചു." എന്റെ പപ്പാ ഒറിജിനല്‍ ബ്രിട്ടീഷ്‌ ആയിരുന്നു... നിങ്ങള്‍ സൗത്ത്‌ ആണല്ലേ?..ടമിള്‍?

"അല്ല. ഞാന്‍ കേരളത്തില്‍ നിന്നാണ് ..."

"ഓ...ഐ നോ...ഞങ്ങളുടേതു പോലുള്ള മനോഹരമായ ബീച്ചുകളുള്ള സ്റ്റേറ്റ് ആണ് കേരളം എന്ന് കേട്ടിട്ടുണ്ട് ഞാന്‍... "

"നീയിപ്പോള്‍?"

"ഞാന്‍ മല്‍ഗാമിലെ ഒരു ഇംഗ്ലീഷ് സ്കൂളില്‍ ടീച്ചറാണ്..."

    അവളുടെ നിറയെ ഞൊറിയുള്ള ഫ്രോക്കും, തലയിലെ അലസമായി കെട്ടിയ സ്കാര്‍ഫും അയാള്‍ ഒരു തവണ കൂടി നോക്കി. ക്ലാസ്സ്‌ കഴിഞ്ഞു ബീച്ചിലെവിടെയോ അലഞ്ഞു നടന്നിട്ടുണ്ടാവും. എന്നിട്ട് അര്‍ദ്ധരാത്രികഴിഞ്ഞ് അമ്മയെക്കാണാനിറങ്ങിയിരിക്കുന്നു...

എങ്കിലും അവളുടെ അഗാധമായ കണ്ണുകളിലെ വിഷാദം കണ്ടപ്പോള്‍ അയാളാ ചിന്തകളെ തുടരാനനുവദിച്ചില്ല.

   അവളുടെ പെര്‍ഫ്യുമിന്റെ സൗരഭ്യം കാറിലാകെ നിറയുന്ന പോലെ....രാത്രി ലില്ലികളുടെ ഗന്ധം...അതീവലോലമെങ്കിലും മനസ്സിനെ കീഴ്പെടുത്തുന്ന മാദകത്വം നിറഞ്ഞത്....

"രാത്രി ലില്ലിപ്പൂവുകളുടെ ഗന്ധം ....എനിക്കൊരുപാടിഷ്ടമാണത്..." അയാള്‍ പറഞ്ഞു.
"രാത്രി ലില്ലികള്‍ ശ്മശാനത്തിലാണ് പൂവിടുന്നത് ."അവള്‍ ചിരിച്ചു.
  പിന്നെ അയാളുടെ കണ്ണുകളിലെ അമ്പരപ്പ് കണ്ട് കൂട്ടിച്ചേര്‍ത്തു.

"ഞാനൊരു തമാശ പറഞ്ഞതാണ്... ഇവിടെ വഴിയോരങ്ങളിലും അവ കൂട്ടത്തോടെ പൂവിടാറുണ്ട്..."

ഡിസംബറിന്റെ ആരംഭമായിട്ടേയുള്ളുവെങ്കിലുംതണുപ്പ് വല്ലാതെ കൂടുതലാണെന്ന് അയാള്‍ക്ക് തോന്നി. രാവേറെചെന്നതുകൊണ്ടാവും...

   അവള്‍ തണുപ്പില്‍ ചെറുതായി വിറക്കുന്നുണ്ടായിരുന്നു...

"ജാനറ്റ്, നീയിതു പുതച്ചോളൂ..."അയാള്‍ കാറിലിരുന്ന കോട്ടെടുത്ത് അവളുടെ നേരെ നീട്ടി..."നിനക്ക് വല്ലാതെ തണുക്കുന്നുണ്ടെന്നു തോന്നുന്നു..."

"നോ...ഇറ്റ്‌ ഈസ്‌ ഓകേ..."

"ഡോണ്ട് ബീ ഫോര്‍മല്‍..."

"ഓകേ.. ഓകേ..." അവള്‍ കോട്ടെടുത്തു തോളിലൂടെ വലിച്ചു പുതച്ചു. "യു ക്യാന്‍ കോള്‍ മി ജാനി...ഇഫ്‌ യു ലൈക്‌... "

   പുറത്തു മഞ്ഞിന്‍ പാളികളില്‍ വഴിയോരത്തെ വിളക്കുകള്‍ വലിയ സൂര്യകാന്തിപ്പൂവുകള്‍ പോലെ മിന്നി മാഞ്ഞുകൊണ്ടിരുന്നു....

  "എനിക്കൊരു ബ്രദറുണ്ടായിരുന്നു....നിങ്ങളെപ്പോലെ. പക്ഷെ, അവന്‍ ഒരു യൂസ് ലസ് ആയിരുന്നു. ഫെനിയും കുടിച്ചു ബീച്ചില്‍ കറങ്ങിനടക്കല്‍....പിന്നെ ജര്‍മ്മനിയില്‍ നിന്നും വന്ന ഒരു ടൂറിസ്റ്റിന്റെ കൂടെ എങ്ങോ പൊയ്ക്കളഞ്ഞു....മമ്മയെ തനിച്ചാക്കിയിട്ട്...."

"നിനക്ക് നോക്കിക്കൂടെ മമ്മയെ...?"

"...പക്ഷെ, ഞാന്‍ ദൂരെയല്ലേ....", പിറുപിറുക്കും പോലെ അവള്‍ പറഞ്ഞു,
"ദാ, അടുത്ത പോയിന്റില്‍, ആ മരത്തിനപ്പുറത്തായി നിര്‍ത്തിയാല്‍ മതി. ഞാനവിടെ ഇറങ്ങിക്കോളാം..." ഇറങ്ങുമ്പോള്‍ ഇടവഴിയിലേക്കു ചൂണ്ടി അവള്‍ പറഞ്ഞു, "അതാണെന്റെ വീട്."

അല്പം  താഴ്ത്തിയ ഗ്ലാസ്സിനിടയിലൂടെ നോക്കി അവള്‍ യാത്രാമംഗളം നേര്‍ന്നു...
"നന്ദി, നിങ്ങളുടെ സന്മനസിന്..."

"നിനക്കും, ഈ  ചെറിയ യാത്രയിലെ സൗഹൃദത്തിന്..."

   അയാള്‍ കാര്‍ സ്റ്റാര്‍ട്ടാക്കി...

   അല്‍പ നിമിഷങ്ങള്‍ക്കുശേഷമാണ് അവളോട്‌ കോട്ട് തിരികെ വാങ്ങിയില്ല എന്ന കാര്യം അയാള്‍ക്കോര്‍മ്മ വന്നത്. ഏട്ടന്റെ കോട്ടാണ്. വളരെ വിലപിടിച്ചത്. തിരിച്ചു കിട്ടാതെ വയ്യ. അവള്‍ക്കും അതു കൊണ്ടു പ്രയോജനമൊന്നുമില്ല...ജര്‍മന്‍കാരിയോടൊപ്പം ഓടിപ്പോയ സഹോദരന്‍ തിരിച്ചു വന്നാലല്ലാതെ....

    പോര്‍ച്ചുഗീസ് മാതിരിയില്‍ പണികഴിപ്പിച്ച ആ പഴയ  വീടിന്റെ കതകില്‍ മുട്ടുമ്പോള്‍ അയാള്‍ക്ക് വല്ലാതെ തണുക്കുന്നുണ്ടായിരുന്നു. കതകു തുറന്ന വൃദ്ധയുടെ അപരിചിതത്വത്തിനുമേല്‍ അയാളുടെ ശബ്ദം വീണു.

"ഹാപ്പി ബെര്‍ത്ത്‌ഡേ മമ്മാ...ഞാന്‍ ജാനറ്റിന്‍റെ ഫ്രെണ്ട് ആണ് ...."

"കമോണ്‍...കമോണ്‍ മൈ ബോയ്‌... ഗെറ്റ് ഇന്‍..."

    സൈഡില്‍ കിടന്ന ചിത്രത്തുണി വിരിച്ച സോഫയിലേക്ക് കൈ ചൂണ്ടി അവര്‍ പറഞ്ഞു.
"ഈ രാത്രിയില്‍ ജാനിയുമായുള്ള സൗഹൃദത്തിന്റെ ഓര്‍മ്മയില്‍'നീ എന്നെ വിഷ് ചെയ്യാന്‍ വന്നുവല്ലോ...നന്ദി..."

   അവര്‍ ഒരു ചെറിയ കപ്പില്‍ ഷാംപെയ്ന്‍ പകര്‍ന്ന് അയാളുടെ നേരെ നീട്ടി. അവരുടെ ചുളിവീണ കവിളുകളിലും നരച്ച കണ്ണുകളിലും ആഹ്ലാദത്തിന്റെ അലകള്‍... മേശമേല്‍ കേയ്ക്കും കത്തിച്ച മെഴുകുതിരിയും...

  "മമ്മാ എനിക്കല്പം തിരക്കുണ്ട്‌ ...ജാനറ്റിനെ ഒന്ന് വിളിക്കാമോ...?"

  "യു മീന്‍...ടു കോള്‍ ജാനി....?"

"യെസ്...ആക്ച്വലി ഞാനാണവള്‍ക്ക് ഇവിടേക്കൊരു ലിഫ്റ്റ്‌ കൊടുത്തത്...രാത്രി, വൈകിയ നേരത്ത്..

"ഓ, ഐ സീ... അവള്‍ വരുമെന്ന്, എത്ര വൈകിയാലും വരുമെന്ന് എനിക്കറിയാമായിരുന്നു....അതിനല്ലേ ഞാന്‍ ഈ കേയ്ക്കും വച്ച് കാത്തിരുന്നത്....ബട്ട്...നിങ്ങള്‍...നിങ്ങളവളെ കണ്ടു എന്ന് തന്നെയല്ലേ പറഞ്ഞത്...?"

"അതെ...അവളാണ് ഇന്ന് മമ്മയുടെ ബെര്‍ത്ത്‌ഡേയാണെന്ന് പറഞ്ഞതും... "

    അവര്‍ ഒരു നിമിഷം ആലോചിച്ചു നിന്നു. പിന്നെ മേശയുടെഡ്രോയറില്‍ നിന്നും പഴയ ഒരാല്‍ബമെടുത്തു സാവധാനം പേജുകള്‍ മറിച്ചു. ഒരു ഫോട്ടോയില്‍ ഒരു നിമിഷം നോക്കി നിന്നിട്ട് സാവധാനം അതയാളുടെ നേരെ നീട്ടി...

"യു മീന്‍ ദിസ്‌ ഗേള്‍...? മൈ ഡോട്ടര്‍ ജാനറ്റ്...?"

    മങ്ങിയെങ്കിലും ഭംഗി വിടാത്ത ഫോട്ടോയില്‍ ചിരിക്കുന്ന ജാനിയുടെ മുഖം...ഇപ്പോള്‍ അവളുടെ വിടര്‍ന്ന മിഴികളില്‍ അഗാധ ദുഃഖം നിഴലിക്കുന്നില്ല... കുസൃതി നിറഞ്ഞ ആഹ്ലാദം മാത്രം...

"യെസ് മമ്മാ, ദിസ് ഈസ് ദ ഗേള്‍...അവളെ ഒന്ന് വിളിച്ചിരുന്നുവെങ്കില്‍...എനിക്ക് പോകാന്‍ തിരക്കുണ്ട്‌... "

   അവരുടെ കുഴിഞ്ഞ കണ്ണുകളില്‍ നീര്‍മണികള്‍ പ്രകാശിച്ചു...
"ഐ കാന്‍ഡ്...ഐ കാന്‍ഡ് കോള്‍ ഹേര്‍ മൈ ബോയ്‌...ഷീ ഈസ് നോ മോര്‍...ഷീ വെന്‍ട് ടു ഹെര്‍ ഹെവന്‍ലി എബോഡ് ടെന്‍ ഈയേര്‍സ് ബാക്..."

   തിരികെ കാര്‍ സ്റ്റാര്‍ട്ടാക്കുമ്പോള്‍ പാതിരാത്തണുപ്പിലും അയാള്‍ വിയര്‍ത്തു കുളിച്ചിരുന്നു.

രാത്രി ലില്ലികളുടെ  മണം  അപ്പോഴും തങ്ങി നിന്നിരുന്ന കാറിനുള്ളില്‍,
.സീറ്റില്‍ ആയാള്‍ വച്ചിരുന്ന അതേ സ്ഥാനത്തു തന്നെ അയാളുടെ ഓവര്‍ കോട്ടും....

       

29 comments:

  1. വീണ്ടും നല്ലൊരു കഥ.
    എത്ര ലളിതമായി കഥ പറയുന്നു.
    ആശംസകൾ

    ReplyDelete
  2. പ്രതിഭയുള്ള ഒരാള്‍ക്ക് മാത്രം പറ്റുന്ന രീതിയില്‍ ഉള്ള എഴുത്ത്. വായിച്ചു കഴിഞ്ഞാലും അങ്ങനെ മനസ്സില്‍ നില്‍ക്കുന്നു.

    മരിച്ചു പോയ ആള്‍ക്ക് ലിഫ്റ്റ്‌ കൊടുക്കുന്നത് പല ഹൊറര്‍ സിനിമകളിലും ആവര്‍ത്തിക്കപ്പെട്ട രംഗമായി ഓര്‍മ്മകളില്‍ പെട്ടെന്ന് ഓടിയെത്തുന്നതു മാത്രം വേണമെങ്കില്‍ ഒരു പോരായ്മയായി പറയാം.

    ReplyDelete
  3. സേതു കഥയുടെ അവതരണം വളരെ നന്നായി.
    പക്ഷെ ഈ തീം തീരെ പുതുമയില്ലാത്ത ഒന്നാണ് .ബ്ലോഗുകളില്‍ത്തന്നെ ഇതേ ഇതിവൃത്തത്തിലുള്ള കഥകള്‍ ധാരാളം വായിച്ചിട്ടുണ്ട്.

    ReplyDelete
  4. ഒറ്റവാക്കില്‍ പറഞ്ഞാല്‍ പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍....

    കഥയിലെക്കുള്ള എന്ട്രന്‍സ്, ചുറ്റുപാട്, എല്ലാം ഭംഗിയായി വവരിച്ചു.. നല്ല ഭാഷയും... വിഷയം ആ പഴയത് തന്നെ... പ്രതീക്ഷിച്ച അവസാനവും... പുതുമ എന്ന് പറയാന്‍ ഒന്നുമില്ലാത്ത ഒരു കഥ...

    നല്ല കഥയുമായി വീണ്ടും വരിക.... ആശംസകള്‍....

    ReplyDelete
  5. കഥ നല്ല ഒഴുക്കോടെ പറഞ്ഞു. “പക്ഷെ, ഞാന്‍ ദൂരെയല്ലേ...“ ഇവിടെ വെച്ച് കഥയുടെ ക്ലൈമാക്സ് അല്ലെങ്കില്‍ കഥാപാത്രത്തിന്റെ രൂപം വ്യക്തമായെന്നതൊഴിച്ചാല്‍ മികച്ച കൈയടക്കം. നല്ല ഭാഷയും.. ചില അക്ഷരതെറ്റുകള്‍ ഉണ്ട്. അവ തിരുത്തുവാന്‍ ശ്രമിക്കുക.

    ReplyDelete
  6. എഴുത്തുരീതി നന്നായിട്ടുണ്ട്. ഏകദേശം ഇതുപോലൊരെണ്ണം ഞാനും എഴുതിയിട്ടുണ്ട്. :)

    എന്റെ പോസ്റ്റ്

    ReplyDelete
  7. പ്രമേയ പുതുമ ....
    ഞാന്‍ അതെ കുറിച്ച് ചിന്തിക്കാറില്ല
    തിരഞ്ഞെടുത്ത പ്രമേയം കഥാകൃത്ത്‌ എങ്ങിനെ പ്രസന്റ് ചെയ്തു എന്ന് നോക്കുക ..
    അവിടെ സേതുലക്ഷ്മി വിജയിച്ചിരിക്കുന്നു .
    ഇംഗ്ലീഷ് സിനിമകളിലും നിരവധി കഥകളിലും ഇതേ പ്രമേയം കണ്ടതും ..വായിച്ചതുമാണ്
    പക്ഷെ ഇവിടെ അതൊരു വ്യത്യസ്ത തലത്തില്‍ പറഞ്ഞു .. ആശംസകള്‍

    ReplyDelete
  8. പ്രിയപ്പെട്ടവരേ, നന്ദി..
    പ്രമേയത്തില്‍ പുതുമ ഇല്ല എന്നത് സത്യം.

    എന്നാലും ഗോവയിലെ രാത്രിവഴികളില്‍, ഒരു മലയാളി കണ്ട ആദ്യ പ്രേതം ഇത്‌ായിരിക്കും,അല്ലേ...?

    ReplyDelete
  9. കഥ വളരെ മനോഹരമായി പറഞ്ഞു. പഴയ പ്രമേയം എങ്കിലും ഒട്ടും ബോറടിച്ചില്ല. ഇത്തരം കഥയില്‍ സസ്പെന്‍സ് കാത്തുസൂക്ഷിക്കുവാന്‍ ശ്രമിച്ചിട്ട് കാര്യമില്ല. എഴുതുന്നത്‌ മനോഹരം ആക്കുന്നതില്‍ ആണ് ശ്രദ്ധിക്കേണ്ടത്. അഭിനന്ദനങ്ങള്‍

    ReplyDelete
  10. കഥ വളരെ മനോഹരമായി പറഞ്ഞു. അഭിനന്ദനം

    ReplyDelete
  11. ചില തോന്നലുകളോ, പ്രേതത്തെ കണ്ട വിസ്മയമോ എന്ന പോലെ ഒന്നുരണ്ടു കഥകള്‍ ഈയിടെ മറ്റു രൂപത്തില്‍ ബ്ലോഗുകളില്‍ വായിച്ചിരുന്നു. അതില്‍ നിന്നെല്ലാം മാറി മറ്റൊരു തോന്നല്‍ കഥ നല്ല അവതരണതോടെ നല്‍കിയിരിക്കുന്നു.
    ആശംസകള്‍.

    ReplyDelete
  12. ഞാനും അങ്ങിനെയാണ് വായിക്കുന്നത്.
    പ്രമേയത്തിലെ പുതുമ, പഴമ ഇതൊക്കെ മാറ്റിനിര്‍ത്തുന്നു.
    എനിക്കിഷ്ടായി കഥ. കാരണം കഥ പറഞ്ഞു പോയ ഒഴുക്ക് തന്നെ.

    ReplyDelete
  13. ഒതുക്കമുള്ള രചന. നല്ല ഭാഷ. എനിക്കിഷ്ടായി. അഭിനന്ദനങ്ങള്‍.

    ReplyDelete
  14. വായനാസുഖം നല്‍കുന്ന രചന ,,ആശംസകള്‍

    ReplyDelete
  15. നന്നായി എഴുതി സേതുലക്ഷ്മി

    മികച്ച കൈയ്യടക്കത്തോടെയും ഒതുക്കവും ഒഴുക്കുമുള്ള ഭാഷയിലൂടെയും ആ നിമിഷങ്ങളിലൂടെ വായനക്കാരെ കൊണ്ടുപോകുന്നുണ്ട് ഈ രചന....

    ഈ നല്ല രചന ബ്ലോഗില്‍ വന്നത് അറിഞ്ഞിരുന്നില്ല... വായിക്കാന്‍ നല്ല ശൈലിയാണ് സേതുലക്ഷ്മിയുടേത്... വായിക്കാന്‍ താല്‍പ്പര്യവുമുണ്ട്. അസൗകര്യമാവില്ലെങ്കില്‍ പുതിയ പോസ്റ്റ് ഇടുമ്പോള്‍ ഒന്ന് അറിയിക്കുക...

    ReplyDelete
  16. അറിയിച്ചില്ലെന്കിലും വന്നു വായിച്ച് അഭിപ്രായം പറഞ്ഞ പ്രിയ സ്നേഹിതരേ...
    കണക്കൂര്‍.ബെന്‍ചാലി, റാംജി..
    മന്‍സൂര്‍,അഷ്‌റഫ്‌,ഫൈസല്‍,പ്രദീപ്‌...
    ഓരോരുത്തരോടും,പേരെടുത്തു പറഞ്ഞ്,
    നന്ദി.

    ReplyDelete
  17. ഇത്തരം കഥകള്‍ കുറേ കേട്ടിരിക്കുന്നു. കഥ പറയുന്നതിലെ ലാളിത്യത്തിനാണ് അഭിനന്ദനങ്ങള്‍.

    ReplyDelete
  18. വരാനിത്തിരി വൈകി... പുതിയ പോസ്റ്റുകള്‍ രണ്ടായതും ഞാനറിഞ്ഞില്ലാട്ടൊ.. എന്നാലും ഈ പാതിരാത്രി തന്നെ എന്നെകൊണ്ടിത് വായിപ്പിച്ചൂല്ലേ.. ഇനി എങ്ങിനെ ലൈറ്റണച്ചുറങ്ങും ഞാന്‍......... ......

    ഒഴുക്കുള്ള അവതരണം കഥയ്ക് ഒട്ടേറെ പുതുമയേകി.. ഏതൊരു വിഷയത്തേയും വായനക്കാരിലേക്ക് പുതുമയോടെ പകരാനുള്ള ഈ കഴിവ് ഏറെ ഇഷ്ടപ്പെടുന്നു.. ആശംസകള്‍.

    ReplyDelete
  19. എഴുത്തിന്റെ ശൈലി നന്നായി..

    ReplyDelete
  20. നല്ല അവതരണം, ഭാഷ...
    പശ്ചാത്തലചിത്രീകരണവും നന്നായിട്ടുണ്ട്.

    ReplyDelete
  21. കഥ നന്നായി പറഞ്ഞു.ഇനിയിപ്പോള്‍ ശരിക്കും യക്ഷിയുടെ രൂപ ഭാവങ്ങള്‍ ആയിരുന്നെങ്കില്‍ അയാള്‍ കാര്‍ നിര്‍ത്തുമായിരുന്നോ?കാര്‍ നിര്‍ത്തിക്കാന്‍ യക്ഷി മേനക്കെടുമായിരുന്നോ?കഥ ഉണ്ടാകുമായിരുന്നോ?
    അപ്പോള്‍ സംഭവിച്ചതും അത് വിവരിച്ചതും എല്ലാം നല്ലതിന്,നല്ല രീതിയില്‍ .....
    അത് മതി.

    ReplyDelete
  22. ഗൌരവമുള്ള രചന. നന്നായിട്ടുണ്ട്.

    ReplyDelete
  23. നന്നായിരിക്കുന്നു...വായിക്കാനല്പം വൈകി...ചില ആത്മാക്കളിങ്ങനെയാണു..ഭൂമിയിൽ അവശേഷിക്കുന്ന ബന്ധങ്ങൾക്കായി മറ്റു ചിലരിലൂടെ കർത്തവ്യങ്ങൾ നിറവേറ്റും..

    ReplyDelete
  24. സേതുവേച്ചി...
    സമയം പോലെ വായിക്കാന്‍ മാറ്റി വെച്ച കഥ ഈ രാത്രിയില്‍ വായിച്ചതു നല്ല അനുഭവമായി... ഇവിടെയും നല്ല തണുപ്പുണ്ട്.. ജഗജിത് പാടുന്നുണ്ട്...

    പഴയ വീഞ്ഞിന് വീര്യം കൂടും.. :) നല്ല മുന്തിരി വീഞ്ഞു നുനഞ്ഞിറക്കുന്ന ആസ്വാദ്യതയോടെ കഥയിലെ ഓരോ വാക്കുകളും ഞാന്‍ വായിച്ചു. കഥാഗതിയെ മുന്നേ കൂട്ടി വായിച്ചെടുക്കാന്‍ കഴിഞ്ഞു എന്നത് ഒരു പരാജയമായി എണ്ണാനാവില്ല.. ഈ അവതരണം മാത്രം നോക്കിയാല്‍ മതിയെന്ന് തോന്നുന്നു...

    കഥയില്‍ ഇഷ്ടപ്പെടാത്ത ഒരു കാര്യം, ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഇംഗ്ലീഷ് സംഭാഷണങ്ങള്‍ ആണ്... അതു മലയാളത്തില്‍ ആയാല്‍ എന്താ കുഴപ്പം.. അവള്‍ anglo indian പെണ്‍കുട്ടിയാണ് എന്ന് വായനക്കാരനെ ദ്യോദിപ്പിക്കുക എന്ന ക്രാഫ്റ്റ്‌ ആണുദ്ദേശമെങ്കില്‍ തന്നെ, ചേച്ചി പലയിടങ്ങളിലും ആ പെണ്‍കുട്ടിയെ കൊണ്ടു മലയാളത്തില്‍ സംസാരിപ്പിക്കുന്നത് കണ്ടു.. അതിലെ ഒരു വൈരുദ്ധ്യം... ഏതെങ്കിലും ഒരു രീതിയാവാം.. രണ്ടും കൂടി കലര്‍ന്നു വരുന്നത് ഒരു രസക്കേടാണ്...

    അതു പോലെ മറ്റൊരു നിര്‍ദ്ദേശം... കഥകളില്‍ ഇംഗ്ലീഷ് സംഭാഷണങ്ങള്‍ വരുന്നുണ്ട് എങ്കില്‍ എന്തു കൊണ്ടു അതില്‍ english font ഉപയോഗിച്ചു കൂടാ...?? ഇംഗ്ലീഷ് പദങ്ങള്‍ മലയാളത്തില്‍ എഴുതിയാല്‍ അതു വായിക്കാന്‍ വലിയ പ്രയാസമാണ് എന്നു മനസ്സിലാക്കുക.. അതു അത്ര ശ്രമകരമായി വായിച്ചെടുക്കുന്നത് സത്യത്തില്‍ വലിയ മടുപ്പുമാണ്.. വായനയുടെ ഒഴുക്കിനെ അതു സാരമായി ബാധിക്കുമെന്നാണ് എന്റെ അഭിപ്രായം.

    ഇത് ഈ കഥയുടെ ദോഷം എന്നല്ല പറയുന്നത്.. ഒരുപാട് കഥകളില്‍ വലിയ എഴുത്തുകാര്‍ വരെ ഉപയോഗിച്ചു കണ്ടിട്ടുണ്ട് ഇങ്ങനെ.. ആ വിഷയത്തില്‍ എന്റെ അഭിപ്രായം പറഞ്ഞുവെന്നു മാത്രം.. ശരിയെങ്കില്‍ എടുക്കുക.. തെറ്റെങ്കില്‍ ചേച്ചി ഈ അനിയനോട് ക്ഷമിക്കുക... അങ്ങനെ മലയാളത്തില്‍ എഴുതുന്നതിനു പിന്നില്‍ എനിക്കറിയാത്ത വല്ല വശവും ഉണ്ടെങ്കില്‍ പറഞ്ഞു തരണം എന്നും അഭ്യര്‍ത്ഥന...

    സ്നേഹപൂര്‍വ്വം
    അനിയന്‍

    ReplyDelete
  25. കഥയ്ക്ക് നല്ല വേഗം :)
    പ്രമേയത്തിലുപരി ഗോവയുടെ പശ്ചാത്തലമാണ് ഇഷ്ടമായത്, ലാളിത്യവും.
    ആശംസകള്‍

    ReplyDelete
  26. വാക്കുകൾ ഒതുക്കി പിടിച്ച് മനോഹരമായി അവതരിപ്പിച്ചിരിക്കുന്നതാണ് ഈ കഥയുടെ മേന്മ കേട്ടൊ സേതു

    ReplyDelete
  27. nalla avatharanam......super.............

    ReplyDelete