നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Wednesday 15 February 2012

ആരു നീ...?


 ഓര്‍മ്മ വച്ച നാള്‍ മുതലാരൊരാളെപ്പോഴുമെന്‍
                        പ്രാണനില്‍ വസിക്കുന്നു...
കാണുവാന്‍ കഴിഞ്ഞി ട്ടില്ലെങ്കിലു,മെപ്പോഴുമെന്‍
        കൂടവേ നടക്കുന്നു,സ്നേഹപൂര്‍വമെന്നെയെന്‍         
                         പേര്‍ ചൊല്ലി വിളിക്കുന്നു...
 അഴലിന്‍ വെയിലില്‍ ഞാന്‍ തളരുമ്പോള്‍  ,ചെറു-
  കുളിര്‍ കാറ്റായ്‌ വന്നെന്നെ തഴുകിയുറക്കുന്നു...


ഞാനുറങ്ങുംപോഴെന്റെ  കാവലായിരിക്കുന്നു..
ഉണരുംപോളെന്‍ കാതില്‍ കര്‍മ മാര്‍ഗമോതുന്നു..
ശരിയും തെറ്റും കാട്ടി നേര്‍വഴി നടത്തുന്നു..
ശരിയല്ലാത്തതു ചെയ്യാതിരിക്കാന്‍ കല്‍പ്പിക്കുന്നു..


കരയുംപോഴെന്‍ കണ്ണീര്‍ ചാലുകള്‍ തുടയ്ക്കുന്നു..
കദനം പോക്കാനെന്റെ കവിളില്‍ തലോടുന്നു..
കവിയും സ്നേഹത്തോടെന്‍ നിറുകില്‍ ചുംബിക്കുന്നു..
'മതി,ഞാന്‍ മാത്രം നിന'ക്കെന്നാശ്വസിപ്പിക്കുന്നു...

പാദങ്ങള്‍ തളരുംപോളൂന്നുകാല്‍ താങ്ങാകുന്നു..
പാതയില്‍ ഞാന്‍ വീഴ്കവേ കൈപിടിച്ചുയര്‍ത്തുന്നു..
എത്ര ഞാന്‍ ദ്വേഷിച്ചാലുമെന്നൊടു പിണങ്ങാതെ
വിട്ടുപോകാതെന്നുമെന്‍ നിഴലായ്‌ ചരിക്കുന്നു...

ഇരുളില്‍ മിന്നാമിന്നി വെളിച്ചം പോല്‍,ഘോര-
വിപിനാന്ധകാരത്തില്‍ ചെറു ദീപനാളം പോല്‍
കദനക്കടലിലെ തോണി പോല്‍ ,കനിവിന്റെ
കറ തീര്‍ന്നോരാ മൂര്‍ത്ത രൂപം പോല്‍....

ആരു നീ..?

ആരു നീ,മമ ബഹിച്ഛര പ്രാണനോ,അനാദിയാം-
ജന്മം തൊട്ടെന്‍ കൂടവേ നടക്കുന്നൊരാത്മ മിത്രമോ,
ദൈവമെന്നു ഞാന്‍ വിളിക്കുന്നോരാദി രൂപമോ..
അറിയില്ലെനി,ക്കാരാണ് നീ...?





26 comments:

  1. ആരു നീ,മമ ബഹിച്ഛര പ്രാണനോ,അനാദിയാം-
    ജന്മം തൊട്ടെന്‍ കൂടവേ നടക്കുന്നൊരാത്മ മിത്രമോ,
    ദൈവമെന്നു ഞാന്‍ വിളിക്കുന്നോരാദി രൂപമോ..
    അറിയില്ലെനി,ക്കാരാണ് നീ...?

    വായിച്ചു തുടങ്ങിയപ്പോള്‍ തോന്നി ഇതൊരു പൈങ്കിളി ലൈനിലാണല്ലോ പോകുന്നതെന്ന്... അവസാനമല്ലേ മനസിലായത്...

    എന്തായാലും നന്നായി...
    ലളിതം, സുന്ദരം...

    ReplyDelete
  2. ...നല്ല ഉത്തമമായ ആശയം, നല്ലതുപോലെ വിവരിച്ചു. ‘തത്ത്വമസി’എന്നു പറയുമ്പോൾത്തന്നെ ചിരചാരിയായ ഒരഭൌമശക്തി, നമ്മുടെ ഓരോ ചലനത്തിലും ചിന്തയിലും നിയന്ത്രിച്ചുനീങ്ങുന്നുണ്ട്. കവിയുന്ന സ്നേഹത്തോടെ നിറുകയിൽ ചുംബിച്ച്, ‘നിനക്ക് ഞാൻ മാത്രം മതി’യെന്ന് മന്ത്രിക്കുന്ന ‘പരാശക്തി’, ‘അഹം ബ്രഹ്മാസ്മി’എന്നുച്ചരിച്ച് അണ്ഡകടാഹം അടക്കിവാഴുന്നു. അപ്പോൾ ‘ആരു നീ..’ യെന്നതിനേക്കാൾ ‘അതു നീയാണോ?’ എന്നാശ്വസിച്ചുപോകും, കവിത വായിച്ചുതീരുമ്പോൾ. നല്ല സന്ദേശം ജ്വലിക്കുന്ന എഴുത്ത്, അനുമോദനങ്ങൾ.....(പോസ്റ്റുകൾ എന്റെ മെയിലിൽ ഉൾപ്പെടുത്തുക.)

    ReplyDelete
  3. ആരു നീ,മമ ബഹിച്ഛര പ്രാണനോ,അനാദിയാം-
    ജന്മം തൊട്ടെന്‍ കൂടവേ നടക്കുന്നൊരാത്മ മിത്രമോ,
    ദൈവമെന്നു ഞാന്‍ വിളിക്കുന്നോരാദി രൂപമോ..
    അറിയില്ലെനി,ക്കാരാണ് നീ...?

    ReplyDelete
  4. ആര് നീ?? അന്വേഷണം തുടങ്ങിയത് ചിന്തകള്‍ തലയില്‍ ഉറച്ചുതുടങ്ങിയപ്പോലാണ് .അന്വേഷണം തീര്‍ന്നത്..... അവസാനം കണ്ടെത്തിയത് .." വേറെ ആരുമല്ല അത് ഞാന്‍ തന്നെ...."
    നല്ല കവിത

    ReplyDelete
  5. നിന്നെ നീയറിയുന്ന കാലമെത്തി
    നിന്നിലെ നീയാണതെന്നറിഞ്ഞിടുക
    നല്ലോരു നാളുകൾ വന്നിടുവാൻ
    നന്മകളേറെ ചെയ്തു വളർത്തിടുക

    ReplyDelete
  6. സ്നേഹത്തിന്‍റെ ,
    ആശ്വാസത്തിന്‍റെ,
    സമര്‍പ്പണത്തിന്റെ,
    വിശ്വാസത്തിന്റെ ,
    പ്രതീക്ഷയുടെ
    വരികള്‍, നന്നായി .

    ReplyDelete
  7. ആരു നീ? നാമെല്ലാപേരും എന്നും അന്വേഷികൊണ്ടിരിക്കുന്നത് അതാണല്ലോ...
    അഭിനന്ദനങ്ങള്‍.

    ReplyDelete
  8. ആരു നീ,മമ ബഹിച്ഛര പ്രാണനോ,അനാദിയാം-
    ജന്മം തൊട്ടെന്‍ കൂടവേ നടക്കുന്നൊരാത്മ മിത്രമോ,
    ദൈവമെന്നു ഞാന്‍ വിളിക്കുന്നോരാദി രൂപമോ..
    അറിയില്ലെനി,ക്കാരാണ് നീ...?

    ഈ ചോദ്യം നാം തുടക്കം മുതല്‍ ഒടുക്കം വരെ ചോദിച്ചു കൊണ്ടേയിരിക്കും

    നല്ല കവിത ..ആശംസകള്‍

    ReplyDelete
  9. നല്ല കവിത..നല്ല വരികള്‍...

    ReplyDelete
  10. ആരു നീ...
    വിശ്വാസം. അത് തന്നെ എല്ലാം.
    ഇഷ്ടായി വരികള്‍.

    ReplyDelete
  11. തികച്ചും നിസ്സഹായമായ അവസ്ഥയില്‍ അവിശ്വസനീയമാംവിധം ദൈവ സാന്നിധ്യം അനുഭവിച്ച ഒന്നിലേറെ അനുഭവങ്ങളുണ്ട്.എന്നെപ്പോലെ പലര്‍ക്കും അങ്ങിനെ ഉണ്ടായിട്ടുണ്ടാവാം.

    ReplyDelete
  12. ഖാദു പതിവുപോലെ ആദ്യം എത്തി. നന്ദി,സുഹൃത്തേ.
    പ്രിയ വി.എ സര്‍,
    പ്രിയപ്പെട്ട കലാവല്ലഭന്‍.മന്‍സൂര്‍,മനോജ്‌,വേണു,ശ്രീക്കുട്ടന്‍,റാംജി..
    ആദ്യമായി എത്തിയ റൈഹാന,ദേജ..
    എല്ലാവരോടും എന്റെ സന്തോഷം. നന്ദി,നല്ല വാക്കുകള്‍ക്ക്.

    ReplyDelete
  13. ശുഭപ്രതീക്ഷയുള്ള ഒരു മനസ്സിന്റെ ചിന്താസ്പന്ദനങ്ങള്‍ മനോഹരമായ ഭാഷയില്‍ പകര്‍ത്തി.
    അഭിനന്ദനങ്ങള്‍

    ReplyDelete
  14. അനുഭവങ്ങളെ വ്യാഖ്യാനിക്കാന്‍ ശ്രമിക്കരുത്
    അതിന്റെ തീവ്രതയില്‍ അനുഭവിക്കുക.

    ReplyDelete
  15. "ദൈവമേ...
    നീയെന്റെ മനസാക്ഷിയാണ്....."

    സേതുവേച്ചി... ഇഷ്ടായി വരികള്‍ ....
    കദനം എന്ന വാക്കിന്റെ ആവര്‍ത്തനം ഒഴിവാക്കാമായിരുന്നു എന്ന് തോന്നി.. ബഹിച്ഛര പ്രാണന്‍ ഇഷ്ടായി..... പക്ഷെ എന്റെ ദൈവം എന്റെയുള്ളില്‍ തന്നെയുണ്ട്.... :-)

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  16. അതെ, ഇപ്പോഴും നമ്മോഡോത്ത് ചരിക്കുന്ന ഒരു ശക്തി..അത് എന്തും ആകാം..ദൈവവും.. നല്ല വരികള്‍..നല്ല ചിന്തകള്‍..

    ReplyDelete
  17. യഥാർഥ വിശ്വാസവും സുപ്രതീക്ഷയും കുറഞ്ഞ് വരുന്ന ഈ കാലയളവിൽ ഈ വരികൾ സമാധാനം തരുന്നവയാണ്.

    ഇഷ്ടപ്പെട്ടു.

    ReplyDelete
  18. ഇനിയും തിരിച്ചറിയപ്പെടാത്ത ഒരു അദൃശ്യസാന്നിധ്യം പലപ്പോഴും അനുഭവിച്ചിട്ടുള്ളതുകൊണ്ടായിരിക്കാം ഈ വരികളോടെനിക്കേറെ പ്രിയം തോന്നുന്നത്.. ആ അദൃശ്യസാന്നിധ്യം ദൈവമാണെന്ന് വിശ്വസിക്കാനാണെനിക്കിഷ്ടം.. കവിത ഇഷ്ടായിട്ടൊ, ആശയം അതിലേറെ.

    ReplyDelete
  19. കണ്ണിനേക്കാള്‍ അടുത്തുപോയാല്‍ പിന്നെ കണ്ണിനുയെങ്ങനെ കാണാനാകും..?

    ReplyDelete
  20. കരയുമ്പോഴെന്‍ കണ്ണീര്‍ ചാലുകള്‍ തുടയ്ക്കുന്നു..
    കദനം പോക്കാനെന്റെ കവിളില്‍ തലോടുന്നു..
    കവിയും സ്നേഹത്തോടെന്‍ നിറുകില്‍ ചുംബിക്കുന്നു..
    'മതി,ഞാന്‍ മാത്രം നിന'ക്കെന്നാശ്വസിപ്പിക്കുന്നു..

    ഇങ്ങനെയൊരാൾ എന്നും കൂടെ നമ്മെ സംരംക്ഷിച്ചുകൊണ്ടിരിക്കുന്നതാണല്ലോ നമ്മുടെയൊക്കെ ഒരേയൊരു രക്ഷ അല്ലേ ..സേതു

    ReplyDelete
  21. ആരെങ്കിലുമാവട്ടെ,അദ്ദേഹം തുണച്ചു അടുത്ത കവിത ഉടനെ എഴുതിയാല്‍ മതി ..ആശംസകള്‍ ഉണ്ട് കേട്ടോ

    ReplyDelete
  22. നല്ല വരികള്‍ ഒത്തിരി ഇഷ്ടായി.. അഭിനന്ദനങ്ങള്‍

    ReplyDelete
  23. അനാദികാലം മുതല്‍ പലരും അന്വേഷിച്ച സത്യം. "നീ ആരാണ് ?" എന്ന് തുടങ്ങി "അത് ഞാന്‍ തന്നെയോ ?" എന്നെത്തി നില്‍ക്കുന്ന ചോദ്യം ..ഓരോ പ്രാണനിലും ചൈതന്യമായി , ഒരു കുഞ്ഞിന്റെ പുഞ്ചിരിയായി, ഒരു കുഞ്ഞു കാറ്റായി വന്നു തഴുകുന്ന സ്നേഹം !

    കവിതയുടെ സന്ദേശം മനോഹരമായിട്ടുണ്ട് !

    ReplyDelete
  24. പ്രിയ സേതുലക്ഷ്മി,
    'ആരു നീ' എന്ന കവിത വായിച്ചു.
    ഇഷ്ടമായി.
    സത്യാന്വേഷണത്തിന്റെ അഥവാ സ്വത്വാന്വേഷണത്തിന്റെ ഈ 'കവിതാവഴി' നന്നായി.
    ശങ്കരാചാര്യര്‍ മുതല്‍ പല മഹത്മാക്കളും ചോദിച്ച അതേ ചോദ്യം ...
    അഭിനന്ദനങ്ങള്‍!
    (ഇന്നാണ് ബ്ലോഗ്‌ സന്ദര്‍ശിച്ചത്. മുന്‍പെഴുതി പോസ്റ്റ്‌ ചെയ്തതൊക്കെ സമയമുണ്ടാക്കി വായിക്കാം. എഴുതാം..)

    ReplyDelete