നിങ്ങളുടെ സ്വന്തം രാജ്യത്ത് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ ആ ജനാലകളും,ആ വാതിലുകളും ആ മേൽപ്പുരകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്ന്,ആ ചുമരുകൾ നിങ്ങൾ പരിചയപ്പെട്ടവയല്ലെന്ന്, ആ മരങ്ങൾ നിങ്ങൾ യാദൃഛികമായികണ്ടുമുട്ടിയ ചിലതു മാത്രമാണെന്ന്,നിങ്ങൾ കടന്നു ചെല്ലാത്ത വീടുകൾ നിങ്ങൾക്കാവശ്യമുള്ളവയല്ലെന്ന് ,നിങ്ങൾ ചവിട്ടിപ്പോന്ന കൽ വിരികൾ വെറും കല്ലു മാത്രമാണെന്നു നിങ്ങൾ വിചാരിക്കുന്നു.
പിന്നീട് നിങ്ങൾ അവിടെനിന്നും വിട്ടു പോന്നതിനു ശേഷംആ തെരുവുകൾ നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും,ആ മേൽപ്പുരകളും വാതിലുകളും കാണാത്തതു കൊണ്ടു നിങ്ങൾക്കു അസുഖമുണ്ടെന്നും,ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടമുള്ളവയാണെന്നും,നിങ്ങൾ കടന്നു ചെന്നിട്ടില്ലാത്ത വീട്ടിൽ നിങ്ങൾ ദിവസം പ്രതി ചെന്നു പോരുന്നുണ്ടെന്നും,നിങ്ങളുടെ ഹൃദയത്തിന്റെ, രക്തത്തിന്റെ,നിങ്ങളുടെ ആത്മാവിന്റെ തന്നെ ഒരംശം ആ കൽ വിരികളിൽ ഇട്ടു പോന്നിരിക്കുന്നതായുംനിങ്ങൾ അറിയുന്നു.
ഒരു പക്ഷെ,നിങ്ങൾ ഇനി ഒരിക്കലും അതേപോലെ കാണാനിടയില്ലാത്ത ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണ ശക്തിയെ കൈക്കൊള്ളുകയും,ഒരു പ്രേതക്കാഴ്ച്ചയുടെ ദുഃഖാത്മകത്വത്തോടു കൂടി അവയെ മനോരാജ്യത്തിലേക്കുകൊണ്ടു വരുകയും അവയ്ക്കു മാറ്റം വന്നിട്ടില്ല എന്നു ശാഠ്യം പിടിക്കുകയും ചെയ്യുന്നു.....
വിക്തർ യൂഗൊ( നാലാപ്പാടൻ വിവർത്തനം ചെയ്ത 'പാവങ്ങ'ളിൽ നിന്ന്..)

Tuesday 1 November 2011

അമ്മ



   പല ഭാഷ സംസാരിക്കുന്ന,പലതരം വേഷമണിഞ്ഞ ആളുകള്‍. ഒരു ഘോഷ യാത്ര പോലെയോ സാര്‍ത്ഥവാഹക സംഘം പോലെയോ കൂട്ടമായി നടന്നു പോകുന്നത് ഏതോ അപരിചിതമായ ദേശത്തെ വഴിയരികില്‍ നിന്ന്‍ നിസ്സംഗതയോടെ നോക്കുകയായിരുന്നു. അപ്പോള്‍ പെട്ടെന്ന്‍ ജാഥയുടെ തുടക്കത്തിലെവിടെയോ  ഭൂമി രണ്ടായി പിളര്‍ന്നു. ഞൊടിയിടയ്ക്കുള്ളില്‍ ഒരു പറ്റം ആളുകള്‍ ഭൂമിയുടെ അഗാധതയിലേക്ക്‌ .. പൊടുന്നനെ അതിലൊരു പെണ്‍കുട്ടി മുഖം തിരിച്ച് കൈനീട്ടി അമ്മേ എന്ന്‍ ആര്‍ത്തു കരഞ്ഞു. കൈ നീട്ടി പിടിക്കാനായുംപോഴേക്ക് അവളും അഗാധതയിലേക്ക്...
രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന അതിവേദനയോടെ  ഞെട്ടിയുണര്‍ന്നു.

  ആ പെണ്‍കുട്ടി നീരജയായിരുന്നു....


  ആകെ വിയര്‍പ്പില്‍ മുങ്ങിയിരുന്നു. കണ്ണിന മുന്‍പില്‍ അവളുടെ പരിഭ്റാന്തമായ മുഖവും അമ്മേ എന്നുള്ള വിളിയും. സ്വപ്നമായിരുന്നു എന്ന് വിശ്വസിക്കാനാകാത്ത തെളിമയോടെ...

ഇനി ഇന്നുറക്കം വരില്ല എന്നുറപ്പാണ്‌. ഭാനുമതി എഴുനേറ്റിരുന്നു,അടുത്ത കട്ടിലില്‍ സുഖമായി ഉറങ്ങുന്ന ഭര്‍ത്താവിനെ നോക്കി. പിന്നീട് ജനാല പതിയെ തുറന്നു.

വെളുപ്പാന്‍ കാലത്തെ തണുത്ത കാറ്റിന്റെ സുഖകരമായ തലോടല്‍..

   കുറെ നാളുകളായി സ്വപ്നങ്ങളും ഏറെക്കുറെ ഓര്‍മ്മകളും നിലച്ചു പോയിട്ട്. നെഞ്ചിനുള്ളിലെ മുറിവ് ഉണങ്ങാന്‍ കൂട്ടാക്കുന്നില്ല എങ്കിലും സഹിയ്ക്കാം എന്നായിക്കഴിഞ്ഞു. അതിനിടെ ഇങ്ങിനെ ഒരു സ്വപ്നം. .അടക്കി വച്ചിരുന്നതെല്ലാം തിര തല്ലി ഒഴുകാന്‍ മാത്രം.

ഇന്നലെയായിരുന്നു നിരഞ്ജന്‍ മുറ്റത്ത് മണ്ണിനടിയില്‍ തെളിഞ്ഞ സ്വര്‍ണ നിറം കാല്‍ കൊണ്ട് നിരക്കിയെടുത്തത് .പഴകിത്തുടങ്ങിയ ഒരു ജിമിക്കി. സ്വര്‍ണവും പച്ചയും ചുകപ്പും ഇടവിട്ട് പാകിയത്‌.  അത് കയ്യിലെടുത്ത് പിന്നെ താന്‍ നോക്കി നില്‍ക്കുന്നു എന്ന തിരിച്ചറിവില്‍  അകലേക്ക്‌ വലിച്ചെറിഞ്ഞ് തല കുനിച്ചു തിരിച്ചു നടക്കുമ്പോള്‍ ആ മുഖം കഠിനവേദനയാല്‍  കരിവാളിച്ചിരുന്നു.

 എത്ര അകലത്തേക്കെറിഞ്ഞാലും അതേ വേഗത്തില്‍ തിരിച്ചു വരുന്ന ഓര്‍മ്മകള്‍...

മനോഹരമായ രണ്ടു ജിമിക്കികള്‍ക്കിടയിലെ സുന്ദര മുഖം. പൊട്ടിച്ചിരിക്കുമ്പോള്‍ കാതിലെ ലോലാക്കുകള്‍ തുടുത്ത കവിളില്‍ വന്ന് മുട്ടിയുരുമ്മുന്നു.   അത്, അവള്‍ ആദ്യമായി സാരിയുടുത്ത ദിവസമായിരുന്നു. കോളെജ് വാര്‍ഷികത്തിന്ചുവപ്പും പച്ചയും കലര്‍ന്ന ഡിസൈനര്‍ സാരിയുടുത്ത്‌ ചേരുന്ന ആഭരണങ്ങളുമണിഞ്ഞു മുന്നില്‍ വന്ന് എങ്ങിനെയുണ്ട് ഞാന്‍ എന്ന് ചോദിക്കുന്ന കുസൃതി. പത്തൊന്‍പതു വയസ്സിന്റെ ശരീരത്തിന് സാരി അത്രയൊന്നും ചേരുന്നില്ല എന്നറിയാമായിരുന്നെന്കിലും അസ്സലായിട്ടുണ്ട് എന്നാണു പറഞ്ഞത്. ഉടനെ സാരി വിടര്‍ത്തി മയിലിന്റെ പോലെ നൃത്തച്ചുവടുകളുമായി വന്നു കവിളില്‍ ചെറിയോരുമ്മ വച്ചു.

 ഹൃദയത്തില്‍ അന്ന് നിറഞ്ഞ ആനന്ദത്തിന്റെ ഒരല  വീണ്ടും ഉള്ളിലുയരുന്ന പോലെ ഭാനുമതിയ്ക്ക് തോന്നി. അച്ഛനെപ്പോലെ ഉള്ളിലെ ചലനങ്ങള്‍ പുറത്തു കാണിക്കാതിരിക്കാനുള്ള മാന്ത്രിക വിദ്യയൊന്നും നിരഞ്ജനറിയില്ല. ഒന്നും പറയാറില്ലെങ്കിലും, ഓര്‍മകളുടെ ഒരംശം പോലും മനഃപൂര്‍വം അവശേഷിപ്പിക്കാത്ത ഈ വീട്ടില്‍ പൊടുന്നനെ അവളുടെ സാന്നിധ്യം അറിയിക്കുന്ന എന്തെങ്കിലുമൊന്നു കടന്നു വരുമ്പോള്‍ അവനനുഭവിക്കുന്ന ഹൃദയ വേദന തിരിച്ചറിയാനാവുന്നു,. എങ്കിലും ഒന്നു തൊട്ടു തലോടാനോ ദുഃഖം പങ്കു വയ്ക്കാനോ ഇടതരാതെ ഞാനെല്ലാം എന്നേ മറന്നു കഴിഞ്ഞു എന്ന മുഖപടമണിയുന്നു,നിമിഷങ്ങള്‍ക്കകം.

  താനും ,ഒന്നും ആരോടും തുറന്നു പറയാനാവാതെ, ഒന്ന് കരള്‍ പൊട്ടിക്കരയാന്‍ പോലുമാവാതെ... കണ്ണുകള്‍ അറിയാതെ നിറഞ്ഞു തുളുമ്പി.

 എന്താണ് സംഭവിച്ചത് എന്ന് ഇന്നുമറിയില്ല. ഒന്നുമറിയില്ലെന്ന് എത്ര കരഞ്ഞു പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ല. ...അമ്മമാരാണ് പെണ്മക്കളെ അറിയേണ്ടത്... പ്രായമായ കുട്ടികളുടെ ചലനങ്ങള്‍ പോലും ഒരമ്മ അറിയേണ്ടതാണ്. നീ അറിയാതെ ഒന്നും സംഭവിക്കില്ല.,ഒരിക്കലും. മകള്‍ക്ക് കൂട്ട് നിന്നിട്ട് ഇപ്പോള്‍...

         ഭര്‍ത്താവിന്റെ ആക്രോശങ്ങള്‍ക്ക് മുന്‍പില്‍ നിശബ്ദയായപ്പോള്‍ ഉള്ളില്‍ തീരുമാനിച്ചു. ഇനി ഒന്നും നിഷേധിക്കില്ല. എല്ലാം ഏറ്റു വാങ്ങാന്‍ തയാറാണ്. തെറ്റ് തന്റേതാണ്. പരിധി ഇല്ലാതെ സ്നേഹിച്ചതിന്..വിശ്വസിച്ചതിന്...


അല്പം കൂടി സൌമ്യ ഭാവത്തിലാണെന്കിലും മകനും അത് തന്നെ പറഞ്ഞു. അമ്മയ്ക്ക് ഒന്നുമറിയില്ലായിരുന്നു എന്നെനിക്ക് വിശ്വസിക്കാനാവുന്നില്ല. നിങ്ങള്‍ തമ്മില്‍ അത്രയ്ക്ക് അടുപ്പമായിരുന്നല്ലോ.

        സൂര്യന് കീഴിലുള്ള എല്ലാ കാര്യങ്ങളെപ്പറ്റിയും കലപില കൂട്ടിയിരുന്നവള്‍.. ക്ലാസ്സിലെ തമാശകള്‍...ആണ്‍കുട്ടികളുടെ കമന്റുകള്‍.. കൂട്ടുകാരികളുടെ പ്രേമ ബന്ധങ്ങള്‍.. എല്ലാം പറഞ്ഞവള്‍ വരികള്‍ക്കിടയില്‍ അറിയാതെപോലും ഒരിക്കലും മനസ്സിനുള്ളില്‍ ഒരാള്‍ ഒളിച്ചിരിക്കുന്നു എന്ന് സൂചിപ്പിച്ചതേയില്ല. അത്രയേറെ ഒളിക്കാനുള്ള കഴിവ് അവള്‍ക്കുണ്ടാ യിരുന്നുവെന്ന് ഇന്നും വിശ്വസിക്കാനാവുന്നില്ല.. അല്ലെങ്കിലും വീട്ടിനടുത്തുള്ള സ്റ്റോപ്പില്‍ നിന്ന് ബസ്സ് കയറിപ്പോകുന്ന കുട്ടി. ക്ലാസ്‌ കഴിഞ്ഞ് വരാന്‍ ഒരല്‍പം താമസിക്കുംപോഴെയ്ക്കും മൊബൈലില്‍ വിളിച്ചന്വേഷിക്കുന്ന തന്നോട്‌ അവള്‍ക്ക് ഒരു സൂചന പോലും തരാതിരിക്കാന്‍ കഴിയുമായിരുന്നില്ല. എന്നിട്ടും  തെറ്റി. .. എവിടെയോ... മേശപ്പുറത്തു തുണ്ട് കടലാസില്‍ എഴുതി വച്ചിരുന്ന കുറിപ്പ്‌.

...... ഞാന്‍ ബിവാസിനൊപ്പം പോകുന്നു. എന്നെ അന്വേഷിക്കരുത്...


ഒരു വീടിന്റെ മരണമായിരുന്നു,അന്ന്‍. പരസ്പരം പറയാത്ത മനോ വിചാരങ്ങളുമായി മൂന്നു വ്യക്തികള്‍ ഉണ്ണുകയും ഉറങ്ങുകയും ചെയ്യുന്ന ഒരു കെട്ടിടം മാത്രമായി അത് അന്നുമുതല്‍.

ആദ്യ ദിവസത്തെ നൊമ്പരങ്ങള്‍ക്കും അട്ടഹാസങ്ങള്‍ക്കും ശേഷം പിറ്റേന്ന് രാവിലെ അക്ഷോഭ്യനായി കക്ഷികളോടു സംസാരിക്കുകയും നിരന്ജനെ കേസ്‌ പഠിപ്പിക്കയും ചെയ്യുന്ന ഭര്‍ത്താവിനെ അവിശ്വാസത്തോടെ നോക്കി നിന്നു,ഭാനുമതി.  തലേ രാത്രി എപ്പോഴോ ഭീഷണിയുടെ സ്വരത്തില്‍ പറഞ്ഞിരുന്നു, 'ഇനി ഈ വീട്ടില്‍ മൂന്നു പേരെ ഉള്ളു. നമ്മള്‍ രണ്ടും നമ്മുടെ മകനും. ഓര്‍മ്മയിരിക്കട്ടെ...


കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഒരമ്മയും മകളും തമ്മില്‍ ഉരുവാകുന്ന ഹൃദയ ബന്ധം ആരെ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റും! അമ്മയുടെ വാക്കുകളില്‍, ചലനങ്ങളില്‍ നിന്നും പെണ്‍കുഞ്ഞ് ഒരു ജീവിത ദര്‍ശനം നിര്‍മ്മിച്ചെടുക്കുകയാണ്. എപ്പോഴും കരയുന്ന പാവക്കുട്ടിയെപ്പറ്റി, സമയത്ത് ആഹാരം കഴിക്കാന്‍ വരാത്ത കുഞ്ഞിന്റെ അച്ഛനെപ്പറ്റി.. ചെയ്തിട്ടും ചെയ്തിട്ടും തീരാത്ത ജോലികളെപ്പറ്റി അവള്‍ കുഞ്ഞു വായ കൊണ്ട് പരാതിപറഞ്ഞ് അമ്മയായി വളരുമ്പോള്‍  അമ്മ യൌവ്വനവും കൌമാരവും പിറകോട്ടു പോയി കുഞ്ഞായി മാറുന്ന രാസ ബന്ധം.. ഒരു പെണ്‍കുഞ്ഞിന്റെ അമ്മയ്ക്ക് മാത്രം അനുഭവ വേദ്യമാകുന്ന ആനന്ദോല്‍സവം..  ആര്‍ക്കാണത് മനസ്സിലാവുക.. മറക്കാനും വെറുക്കാനും തയ്യാറാവാതെ മനസ് അവളെ  വേണം വേണമെന്ന് വാശി പിടിച്ചു നിന്നു..

ആരുമറിയാതെ അറിയാവുന്ന കൂട്ടുകാരികളെയൊക്കെ വിളിച്ചന്വേഷിച്ചു. ഒരേ മറുപടി തന്നെ എല്ലാവരും പറഞ്ഞു. 'അറിയില്ല.. ബിവാസ്‌ എന്ന പേരില്‍ ഒരാള്‍ കോളേജില്‍ ഇല്ല. ആരാണെന്നറിയില്ല...

  ഒരമ്മയുടെ മനസ്സിലെ സങ്കടത്തില്‍ നിന്നുണ്ടായ ധൈര്യത്തില്‍ ഒരിക്കല്‍ മാത്രം ചോദിച്ചു.   ' നമുക്ക് ഒന്നന്വേഷിക്കണ്ടേ...? ആരെ...? അറിയാത്ത പോലുള്ള ചോദ്യം..നമ്മുടെ... അത്രയെ പറയാന്‍ കഴിഞ്ഞുള്ളൂ. വിങ്ങിപ്പോയി. ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കു ശേഷമുള്ള ഉറച്ച മറുപടി.

     എനിക്കൊരു മകനെയുള്ളു. അവനിവിടെ എന്നോടൊപ്പം പ്രാക്ടീസ്‌ ചെയ്യുന്നു. ...

അതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. പിന്നീടൊരിക്കലും ആ കാര്യം പറഞ്ഞിട്ടില്ല. ഹൃദയത്തിന്റെ ആഴങ്ങളില്‍ കുഴിച്ചിട്ട നൊമ്പരങ്ങള്‍ പോലും മങ്ങിത്തുടങ്ങിയപ്പോഴാണ് ഒരു സ്വപ്നമായി അവള്‍ വീണ്ടും....

എന്തുണ്ടായി എന്നൊരു ചോദ്യം പകല്‍ മുഴുവനും നിരന്ജന്റെ കണ്ണുകളില്‍ നിറഞ്ഞു നിന്നിരുന്നത് ഭാനുമതി കാണാതിരുന്നില്ല.  പരസ്പരം നോക്കാതെയും പറയാതെയും രണ്ടുപേര്‍ക്കും എല്ലാം മനസ്സിലായി എങ്കിലും..

സന്ധ്യക്ക് പൂജാമുറിയില്‍ വിളക്ക് കൊളുത്തി പ്രാര്‍ഥിക്കുകയായിരുന്നു. അപ്പോഴാണ്‌ മുന്‍വശത്ത് ഒരു ഓട്ടോറിക്ഷ വന്നു നില്‍ക്കുന്ന ശബ്ദം.ഭര്‍ത്താവും മകനും ഏതോ കേസിനെപ്പറ്റി സംസാരിച്ചുകൊണ്ട് മുന്‍വശത്ത്‌ തന്നെയുണ്ട്. 

           രാവിലെ വണ്ടിക്കു വന്നിറങ്ങിയതാ.. ദാ ഇന്നിത്രേം നേരം ജലപാനം പോലുംല്യാണ്ട് ഒരേ ഇരിപ്പാര്‍ന്നു..പിന്നെ സന്ധ്യായപ്പോഴേയ്ക്കും ഓട്ടോക്കാരും വണ്ടിക്കാരും ഒക്കെ കൂട്ടം കൂടലും ഓരോന്നൊക്കെ ചോയ്ക്കലും.. അറിയാല്ലോ, രാത്രി നമ്മടെ സ്റേഷന്‍ അത്ര സുഖോല്ല. ഇത്തിരിപ്പോന്ന കുട്ടി അവടെ പെട്ട് പോയാല്... ന്റെ മോളെപ്പോലല്ലേന്നു കരുതി അടുത്തു ചെന്ന് ചോയ്ച്ചപ്പോ ഈ വീടിന്റെ പേരാ പറഞ്ഞെ. അതോണ്ട് കൂട്ടീട്ടു പോന്നതാ...

  മുന്‍വശത്തിപ്പോള്‍ നിശബ്ദതയാണ്.

 മുറ്റത്ത് കറുത്തു മെലിഞ്ഞു,പാറിപ്പറക്കുന്ന മുടിയും മുഷിഞ്ഞ സാരിയുമായി ഒരു പെണ്‍കുട്ടി. മുഖമൊന്നുയര്‍ത്താന്‍ പോലും ധൈര്യപ്പെടാതെ വിറച്ചു വിറച്ച്... കരയാന്‍ പോലുമാവാതെ....

ഭാനുമതിക്ക് ഉള്ളിലൂടെ ഒരു വാള്‍ കടന്നു പോയപോലെ തോന്നി.

ഇവള്‍...ഇവള്‍ തന്നെയായിരുന്നു ഇന്നലെ രാത്രി സ്വപ്നത്തില്‍...അഭയാര്‍ഥിനിയെപ്പോലെ..ഒരിക്കല്‍ മാത്രം അഭയം ചോദിച്ചിട്ട് അഗാധതയിലേക്ക് ആണ്ടു പോയവള്‍.. രക്ഷിക്കാമായിരുന്നു എന്ന് തന്റെ മനസ്സ് വീണ്ടും വീണ്ടും തേങ്ങിയത് ഇവള്‍ക്ക് വേണ്ടിയായിരുന്നു...

എന്തോ കുഴപ്പമുണ്ട് എന്ന് മനസ്സിലാക്കി ഓട്ടോ ഡ്രൈവര്‍ പരുങ്ങി.. അമ്പത് രൂപ തന്നാ മതി. ഇതിന്റെ കൈയ്യില് ഒന്നൂല്ല..

ഭര്‍ത്താവിന്റെ സ്വരം ഉയര്‍ന്നു. ' റെയില്‍വേ സ്റ്റേഷനില്‍ കിടക്കുന്നതൊക്കെ വല്ല വീടിന്റെയും മുന്നില്‍ കൊണ്ടു വയ്ക്കുന്നതാണോ തന്റെ പണി...? കൊണ്ടു പോയി കിട്ടിയിടത്തു തന്നെ വച്ചേക്കു..

പെണ്‍കുട്ടിയുടെ രൂപം മെല്ലെ അനങ്ങി. അവളുടെ ഉള്ളില്‍ നിന്നും ഒരു ശബ്ദം വളരെ പണിപ്പെട്ടു പുറത്തേക്കു വന്നു. ന്റെ..അമ്മ..

അമ്മയോ.. അത് നിരഞ്ജനായിരുന്നു. 'ഇവിടെ ഒരമ്മയുണ്ട്. അതുപക്ഷെ എന്റെ അമ്മയാണ്..

ഓട്ടോ റിക് ഷക്കാരന്‍ പിറുപിറുത്തു കൊണ്ടു പിന്തിരിഞ്ഞു. ' ഇത്പ്പോ നന്നായി. ഇവിടുത്തെ ആരോ ആണെന്ന് വിചാരിച്ചു കൊണ്ടുവന്നിട്ട്..

' നില്‍ക്കടോ അവിടെ..' വികൃതമായ ഒരട്ടഹാസത്തോടെ നിരഞ്ജന്‍ മുറ്റത്തേക്ക് ചാടി. ഹൃദയത്തില്‍ ഒളിപ്പിച്ചു വച്ചിരുന്നതെല്ലാം ഒരു നിമിഷം കൊണ്ടു പുറത്തു വന്ന പോലെ.'താന്‍ കൊണ്ടു വച്ചതും കൂടി എടുത്തോണ്ട് പോയാല്‍ മതി..'

ഭാനുമതി മെല്ലെ പുറത്തേക്കിറങ്ങി ചെന്നു. അവരെ കണ്ടതും പെണ്‍കുട്ടി കുഴഞ്ഞു താഴേക്കു വീണു.

'ഭാനുമതീ...' ഒരട്ടഹാസം പുറകിലുയര്‍ന്നു. ' നിന്നോടിപ്പോ പുറത്തിറങ്ങി വരാന്‍ ആരാ പറഞ്ഞത്...? അകത്ത് കേറിപ്പോ...'
  അവര്‍ അത് കേട്ടതേയില്ല. കയ്യില്‍ കരുതിയിരുന്ന പണം ഓട്ടോക്കാരന്റെ നേര്‍ക്ക്‌ നീട്ടി കരുണ നിറഞ്ഞ സ്വരത്തില്‍ പറഞ്ഞു. 'നന്ദീണ്ട്...'

  പിന്നെ തിരിഞ്ഞ് മകളെ പിടിച്ചെഴുനേല്‍പ്പിച്ചു മാറോടുചേര്‍ത്തു . 'കരയണ്ട.. അമ്മെണ്ട്,എന്റെ കുട്ടിയ്ക്ക്..'

സ്തബ്ധമായ ഒരു നിമിഷത്തിന് ശേഷം വീണ്ടും അട്ടഹാസം മുഴങ്ങി. 

'ഇവിടെ പെണ്ണുങ്ങള്‍ കാര്യം തീരുമാനിക്കാന്‍ തുടങ്ങിയോ...? ആരാ..ആരാ നീ...?'

മുപ്പതു വര്‍ഷത്തെ വിവാഹജീവിതത്തില്‍ ആദ്യമായി ഭയ രഹിതമായ കണ്ണുകളുയര്‍ത്തി ഭാനുമതി ഭര്‍ത്താവിനെ നോക്കി. പിന്നെ, മകളെ മാറോടു ചേര്‍ത്ത്‌ തെളിനീരുപോലെ സുതാര്യവും ദൃഢവുമായ ശബ്ദത്തില്‍ പറഞ്ഞു.

 ' ഞാന്‍....അമ്മയാണ്....'


18 comments:

  1. മണ്ണിനടിയില്‍ നിന്നും ആ ജിമിക്കി കിട്ടി വിഷയത്തിലേക്ക് പ്രവേശിക്കുന്നത് മുതല്‍ തന്നെ ഈ കഥയുടെ താളം നന്നായി.
    പിന്നെ അത് ദൂരേക്ക്‌ എറിഞ്ഞാലും പോവാത്ത ഓര്‍മ്മകള്‍ പറഞ്ഞതും. പിന്നെ ആ സ്വപ്നവും .
    " അമ്മ " ഒരു വികാരമായി നിറയുന്ന ഈ കഥ ഇഷ്ടപ്പെട്ടു.
    ഒട്ടും വലിച്ചു നീട്ടാതെ ഹൃദ്യമായി പറഞ്ഞ കഥ.

    ReplyDelete
  2. കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഒരമ്മയും മകളും തമ്മില്‍ ഉരുവാകുന്ന ഹൃദയ ബന്ധം ആരെ പറഞ്ഞു മനസ്സിലാക്കാന്‍ പറ്റും! അമ്മയുടെ വാക്കുകളില്‍, ചലനങ്ങളില്‍ നിന്നും പെണ്‍കുഞ്ഞ് ഒരു ജീവിത ദര്‍ശനം നിര്‍മ്മിച്ചെടുക്കുകയാണ്. എപ്പോഴും കരയുന്ന പാവക്കുട്ടിയെപ്പറ്റി, സമയത്ത് ആഹാരം കഴിക്കാന്‍ വരാത്ത കുഞ്ഞിന്റെ അച്ഛനെപ്പറ്റി.. ചെയ്തിട്ടും ചെയ്തിട്ടും തീരാത്ത ജോലികളെപ്പറ്റി അവള്‍ കുഞ്ഞു വായ കൊണ്ട് പരാതിപറഞ്ഞ് അമ്മയായി വളരുമ്പോള്‍ അമ്മ യൌവ്വനവും കൌമാരവും പിറകോട്ടു പോയി കുഞ്ഞായി മാറുന്ന രാസ ബന്ധം.. ഒരു പെണ്‍കുഞ്ഞിന്റെ അമ്മയ്ക്ക് മാത്രം അനുഭവ വേദ്യമാകുന്ന ആനന്ദോല്‍സവം.. ആര്‍ക്കാണത് മനസ്സിലാവുക..


    ഈ വരികള്‍ വല്ലാതെ ഇഷ്ടപ്പെട്ടു....

    കഥ നന്നായിട്ടുണ്ട്...

    ആശംസകള്‍..

    ReplyDelete
  3. അങ്ങനെ ഒരമ്മ പറഞ്ഞിരുന്നെങ്കിൽ....എങ്കിൽ തലമുറകളുടെ ജീവിതം എങ്ങനെയാകുമായിരുന്നു...എന്നോർത്തുകൊണ്ട്....
    പാവം പൂവേ, കഥ വളരെ നന്നായി, അഭിനന്ദനങ്ങൾ.

    ReplyDelete
  4. പണ്ട് നടന്നിരുന്നതും ഇപ്പോഴും സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ ഒരു കാര്യം ഒരമ്മയുടെ കണ്ണിലൂടെ അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍...

    ReplyDelete
  5. കഥ നന്നായിട്ടുണ്ട്.ആശംസകള്‍...

    ReplyDelete
  6. നന്നായി സേതുലക്ഷ്മി., നന്നായി എഴുതി., കഥയുടെ എല്ലാ ഘടകങ്ങളും ഉള്‍ചേര്‍ന്ന് മനോഹരമായി എഴുതിയ ഈ കഥ എനിക്കിഷ്ടപ്പെട്ടു.

    ReplyDelete
  7. ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുടെ വികാരങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു.കഥയുടെ അവസാനം നന്നായി.അത്രയെങ്കിലും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അമ്മ എന്ന വാക്കിന് എന്തര്‍ത്ഥം.അല്ലെ..?

    ReplyDelete
  8. അമ്മമനസ് നന്നായി പറഞ്ഞു

    ReplyDelete
  9. നല്ല കഥ... നന്നായിട്ടുണ്ട്...
    ആശംസകള്‍ !

    ReplyDelete
  10. "അമ്മ....ഐ ലവ് യു മാം....."

    ഇഷ്ട്ടായി..

    ReplyDelete
  11. എന്‍റെ ജീവിതവുമായി വളരെ സാമ്യം! പക്ഷെ, ക്ലൈമാക്സ്‌ ചെറിയ മാറ്റം. മകളെ സ്വീകരിക്കാന്‍ അച്ഛനും മകനും കൂടി ഉണ്ടായിരുന്നു.

    ReplyDelete
  12. എല്ലാവരോടും ഞാന്‍ പ്രത്യേകം നന്ദി അറിയിക്കുന്നു. ഈ കഥ എന്റെ മകള്‍ക്കുവേണ്ടി. ഇങ്ങിനെയേ അല്ലാത്ത, ഒരേ സമയം എന്റെ അമ്മയും കുഞ്ഞുമാവുന്ന എന്റെ ശ്വേതയ്ക്ക് വേണ്ടി..

    ReplyDelete
  13. അമ്മ മനസ്സേ... നിനക്ക്, പ്രണാമം.

    ReplyDelete
  14. സേതുവേച്ചി...

    ഈ കഥ വായിച്ചു തീര്‍ത്തപ്പോള്‍ അറിയാതെ കണ്ണു നിറഞ്ഞു.. ബ്ലോഗ്‌ കഥകള്‍ വായിക്കാന്‍ തുടങ്ങിയിട്ട് കുറെ നാളായി.. ഒരുപാട് നല്ല കഥകള്‍ വായിച്ചിട്ടുണ്ട്.. പക്ഷെ ഇതാദ്യമായി എന്റെ കണ്ണുനിറഞ്ഞൂ... ആ അമ്മയെ ഓര്‍ത്ത്‌.. മകളുടെ നിസഹായാവസ്ഥയോര്‍ത്തു... ഏറെ പറഞ്ഞു പഴകിയ ഒരു കഥാതന്തുവാണെങ്കിലും അത്രയും ഭംഗിയായി, ഭാവതീവ്രതയോടെ കഥ പറഞ്ഞു ചേച്ചി..

    അമ്മയുടെ ശ്വേതയോടു എന്റെ അന്വേഷങ്ങള്‍ പറയണം ട്ടോ..

    സ്നേഹപൂര്‍വ്വം
    അനിയന്‍

    ReplyDelete
  15. കഥ അങ്ങ് വിശ്വാസിക്കാന്‍ ആകുന്നില്ല. മകളെ പ്രതി കലങ്ങാത്ത അച്ഛന്‍ മനസ്സോ!!!
    അങ്ങനേയും ആളുകള്‍ ഉണ്ടാകാം അല്ലേ.

    ReplyDelete
  16. കഥയെക്കാൾ ശക്തമായ അവതരണരീതി...അഭിനന്ദനങൾ...

    ReplyDelete
  17. കാരുണ്യനിധിയായ അമ്മയുടെ ഹ്യദയ സ്പന്ദനങ്ങളിലൂടെയും നിശ്വാസങ്ങളിലൂടെയുമൊക്കെയൊരു സഞ്ചാരം..!
    വേറിട്ട ഒരനുഭവമായി വായന..!
    ഈ അവതരണമികവിന് നൂറു മാര്‍ക്ക്..!
    ആശംസകളോടെ.,പുലരി

    ReplyDelete
  18. ഇതു വായിച്ചിരുന്നെങ്കിലും ഞാന്‍ ഒന്നു പറയാതെ അന്ന് പോയതെന്തേ ആവൊ..ഒരുപക്ഷേ എന്‍റെ അമ്മയെ ഓര്‍ത്ത്, ചേച്ചിയുടെ ഈ വരികളുടെ തീവ്രതയില്‍ പൊള്ളി ഒന്നുമെഴുതാന്‍ കഴിയാതെ പോയതാവാം..

    ReplyDelete